| Friday, 10th February 2023, 12:54 pm

യഥാര്‍ത്ഥ 'ക്രിസ്റ്റഫര്‍' ഇതാണ്; വിസി സജ്ജനാര്‍ ഐ.പി.എസിന്റെ ജീവിത കഥയാണോ ക്രിസ്റ്റഫര്‍ ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ‘ക്രിസ്റ്റഫര്‍’ ഹൈദരാബാദ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വി.സി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണെന്ന് സോഷ്യല്‍ മീഡിയ. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സജ്ജനാറും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ തെളിവായി നല്‍കിയാണ് സമൂഹ മാധ്യമങ്ങള്‍ ചോദ്യം ഉന്നയിക്കുന്നത്.

ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കാതെ എന്‍ക്കൗണ്ടര്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയില്‍ മമ്മൂട്ടിയെത്തുന്നത്. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തില്‍ നിന്ന് നിയമം കയ്യിലെടുത്ത് ‘ക്രിസ്റ്റഫര്‍’ ചെയ്യുന്ന പ്രവര്‍ത്തികളെ വിമര്‍ശിച്ചും നിരവധിയാളുകള്‍ വരുന്നുണ്ട്.

പോലീസ് വിജിലാന്റിസം പ്രമേയമാകുന്ന ക്രിസ്റ്റഫര്‍ ഈ രീതിയിലുള്ള വിവിധ വഴികളിലേക്കുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന സ്നേഹ അവതരിപ്പിച്ച കഥാപാത്രം പറയുംപോലെ നിയമവിരുദ്ധമായ നരഹത്യയെ ഇങ്ങനെ സെലിബ്രേറ്റ് ചെയ്യുന്നത് അപകടം തന്നെയാണ്.

ഇതിനിടയിലാണ് മറ്റൊരുകാര്യം കൂടി സമൂഹ മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്. 2019 നവംബര്‍ 28ന് ഹൈദരാബാദില്‍ യുവ ഡോക്ടറെ അതിക്രൂരമായ ബലാത്സംഘത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ നാല് പ്രതികളെ പോലീസ് ആത്മരക്ഷക്കായി വെടിവച്ചു കൊന്നതായി 2019 ഡിസംബര്‍ 6ന് ഹൈദരാബാദ് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജനാര്‍ പ്രഖ്യാപിച്ചിരുന്നു.

2008ല്‍ ഹൈദരാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ, പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ശ്രീനിവാസന്‍ എന്നയാളും സുഹൃത്തുക്കളായ ബി.സഞ്ജയ്, പി.ഹരികൃഷ്ണന്‍ എന്നീ മൂന്നുപേര്‍ ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും പിന്നീട് പൊലീസ് ആത്മരക്ഷാര്‍ഥം എന്നപേരില്‍ വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു വി.സി സജ്ജനാര്‍.

നിലവില്‍ സൈബരാബാദ് പോലീസ് കമ്മീഷണറായ സജ്ജനാര്‍ ക്രിസ്റ്റഫറെ പോലെ, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ്. ഇദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന നിയമവിരുദ്ധമായ എട്ടോളം നരഹത്യകള്‍ സമൂഹം വലിയരീതിയില്‍ സെലിബ്രെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ വി.സി സജ്ജനാര്‍ ഐ.പി.എസിനൊപ്പം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ക്രിസ്റ്റഫറിന്റെ രചനയില്‍ വിസി സജ്ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

content highlight: who is real christopher, social media questions

We use cookies to give you the best possible experience. Learn more