| Wednesday, 22nd November 2023, 5:25 pm

മൊസാദിന്റെ സുഹൃത്ത്; ഹൂതികള്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍, ആരാണ് റാമി ഉന്‍ഗര്‍ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ചെങ്കടലില്‍ വെച്ച് ഇസ്രഈലിന്റെ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പല്‍ പിടിച്ചെടുത്തതിലൂടെ ഗസയുമായുള്ള ഇസ്രഈലിന്റെ യുദ്ധത്തില്‍ ഒരു പുതിയ ‘മുന്നണി’ തുറന്നിരിക്കുകയാണ് യെമനിലെ അന്‍സാര്‍ അല്ലാ മൂവ്‌മെന്റ്.

ഈസ്രഈല്‍ പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകളും ഇസ്രഈലി കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ അവരുടെ നിയന്ത്രണത്തിലുള്ളതോ ആയ കപ്പലുകളും ആക്രമിക്കുമെന്ന് യെമന്‍ ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഈ സംഭവം.

ഇത്തരം കപ്പലുകളില്‍ ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാരെ പിന്‍വലിക്കാന്‍ എല്ലാ രാജ്യങ്ങളോടും ജനറല്‍ യഹ്യ സാരി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

”ഈ കപ്പലുകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരം കപ്പലുകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് നിങ്ങളുടെ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ആവശ്യപ്പെടുക’ ഇതായിരുന്നു ജനറല്‍ യഹ്യ സാരിയുടെ നിര്‍ദേശം.

ചെങ്കടലില്‍ വെച്ച് കപ്പല്‍ പിടിച്ചെടുത്ത വിഷയത്തെ ‘ആഗോള തലത്തില്‍ വിഷയമാകേണ്ട സംഭവം’ എന്നായിരുന്നു ഇസ്രഈല്‍ പ്രതിരോധ മന്ത്രാലം വിശേഷിപ്പിച്ചത്. അതേസമയം, സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തിയത്.

ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, ഉക്രെയ്ന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള 25 ജീവനക്കാരുമായി യാത്ര തിരിച്ച ഗാലക്‌സി ലീഡര്‍ ചരക്ക് കപ്പലിന്റെ ഉടമകളില്‍ ഒരാള്‍ ഇസ്രഈലി വ്യവസായി റാമി ഉന്‍ഗര്‍ ആയിരുന്നു.

ആരാണ് റാമി ഉന്‍ഗര്‍ ?

ഇസ്രഈലിലെ ഏറ്റവും ധനികനായ ഒരു വ്യവസായിയാണ് അബ്രഹാം റാമി ഉന്‍ഗര്‍. റിയല്‍ എസ്റ്റേറ്റും കാറുകളുടെ ഇറക്കുമതിയുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ് മേഖല. റേ ഷിപ്പിംഗ് കമ്പനിയുടെ ചെയര്‍മാന്‍ കൂടിയാണ് റാമി ഉന്‍ഗര്‍.

സിയോളിനും ഇസ്രഈലിനുമിടയ്ക്കുള്ള കാര്‍ വ്യാപാരം ശക്തിപ്പെടുത്തിയതും റാമി ഉന്‍ഗറാണ്. അദ്ദേഹത്തിന്റെ ഈ സംഭാവന കണക്കിലെടുത്ത് കൊറിയന്‍ സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി റാമി ഉന്‍ഗറിനെ ആദരിച്ചിട്ടുണ്ട്.

1947-ല്‍ വടക്കന്‍ ടെല്‍ അവീവിലെ അതി സമ്പന്നമായ ഒരു കുടുംബത്തിലാണ് റാമി ഉന്‍ഗര്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം യു.കെയിലായിരുന്നു.

തുടര്‍ന്ന് ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്) സിഗ്‌നല്‍ കോര്‍പ്സില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിയമം പഠിച്ചു. 1971ല്‍ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോയില്‍ നിന്നാണ് ഉന്‍ഗര്‍ ബിരുദം നേടുന്നത്.

ബള്‍ഗേറിയയിലെ നിക്കോള വാപ്സറോവ് നേവല്‍ അക്കാദമിയില്‍ നിന്ന് 2014 ല്‍ ഓണററി ഡോക്ടറേറ്റ് ബിരുദവും (ഡോക്ടര്‍ ഹോണറിസ് കോസ) നേടി.

ട്രെയിലറുകള്‍ക്കും വാനുകള്‍ക്കും വേണ്ടിയുള്ള എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായുള്ള ഒരു ചെറിയ കമ്പനി ഉന്‍ഗര്‍ സ്ഥാപിക്കുന്നത് 1960 കളുടെ അവസാനത്തിലാണ്. പിന്നീട്, ഇസ്രഈലിലെ ഓട്ടോബിയാഞ്ചി ഓട്ടോമൊബൈലിന്റേയും പിന്നീട് ലാന്‍സിയ കാറുകളുടെയും ആദ്യ ഇറക്കുമതിക്കാരനായി ഉന്‍ഗര്‍ മാറി.

1972 ല്‍ റെസിഡന്‍ഷ്യല്‍, ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടി ഉന്‍ഗര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനൊപ്പം വിമാനം വാടകയ്ക്കെടുക്കുന്ന ഉന്‍ഗര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന കമ്പനി കൂടി അദ്ദേഹം സ്ഥാപിച്ചു.

ഇതിനിടെ ഡസന്‍ കണക്കിന് കാറുകളും ബള്‍ക്ക് കാരിയറുകളുമുള്ള വലിയ കമ്പനിയായി അദ്ദേഹത്തിന്റെ റേ ഷിപ്പിംഗ് ലിമിറ്റഡ് മാറിയിരുന്നു. 1000 ബള്‍ഗേറിയന്‍ ഓഫീസര്‍മാരും എഞ്ചിനീയര്‍മാരുമാണ് ഇവിടെ ജോലി ചെയ്യുന്നതില്‍ അവരില്‍ തന്നെ 80 ശതമാനം പേരും നിക്കോള വാപ്സറോവ് നേവല്‍ അക്കാദമിയില്‍ നിന്ന് ബിരുദം നേടിയവരാണ്.

മൊസാദുമായുള്ള ബന്ധവും സുഹൃത്തുക്കളും

2010 ലെ കണക്ക് പ്രകാരം രണ്ട് ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ഇസ്രഈലിലെ ഏറ്റവും വലിയ 30 സമ്പന്നരുടെ പട്ടികയില്‍ റാമി ഉന്‍ഗറിന്റെ പേരുമുണ്ട്. മാത്രമല്ല ഇസ്രഈലിലെ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുമായി വലിയ ബന്ധം തന്നെ ഉന്‍ഗറിന് ഉണ്ടെന്നാണ് ഈസ്രഈല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് 2000 ജൂലൈയില്‍ രാജിവച്ച മുന്‍ പ്രസിഡന്റ് എസര്‍ വീസ്മാനുമായി ബന്ധപ്പെട്ട ഒരു അഴിമതിയും ഉന്‍ഗാറുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകളെ കുറിച്ചും ഹാരറ്റ്‌സ് ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

1980-കളുടെ മധ്യത്തില്‍ എസര്‍ വീസ്മാന്‍ ഉന്‍ഗറില്‍ നിന്ന് 27,000 ഡോളര്‍ കൈപ്പറ്റിയതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇസ്രാഈലിലെ നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഉന്‍ഗര്‍. 2018 ജൂലൈയില്‍ നടന്ന ഫിഫ ലോകകപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റുകള്‍ ഉന്‍ഗര്‍ അദ്ദേഹത്തിന് വാങ്ങി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഉന്‍ഗറുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം അദ്ദേഹത്തിന് മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്‍ ഡയറക്ടര്‍ യോസി കോഹനുമായുള്ള ബന്ധമാണ്.

യോസി കോഹന്റെ വസതിക്ക് സമീപത്തായുള്ള ഒരു ജൂതപള്ളിയുടെ നിര്‍മ്മാണത്തിനായി ഉന്‍ഗര്‍ 1.1 മില്യണ്‍ ഷെക്കല്‍ (ഇസ്രഈല്‍ കറന്‍സി ) ഏതാണ്ട് 3,41000 ഡോളര്‍ സംഭാവന ചെയ്തിരുന്നു. യോസി കോഹന് നേരിട്ടാണ് ഈ സംഭാവന ഉന്‍ഗര്‍ നല്‍കിയത്.

ഇതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ കിയയുടെ ഇസ്രായേലിലെ അവകാശത്തെ ചൊല്ലി ഇസ്രഈലി വ്യവസായി മൈക്കല്‍ ലെവിയുമായുള്ള ഉന്‍ഗറിന്റെ തര്‍ക്കം പരിഹരിക്കാന്‍ യോസി കോഹന്‍ സഹായിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റാമി ഉന്‍ഗറിന് മൊസാദുമായി ബന്ധം വെറും അഴിമതി പദ്ധതികളുമായി ബന്ധപ്പെട്ടത് മാത്രമല്ല.

ഇറാനിയന്‍ വിരുദ്ധ അഭിഭാഷക സംഘടനയായ ‘യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍’ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥയില്‍ ഉന്‍ഗറിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2014 ല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇറാനുമായി സഹകരിക്കുന്ന കമ്പനികളുമായി സംസാരിക്കുകയും ഇറാനുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഉന്‍ഗര്‍  ആയിരുന്നുവെന്ന് ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായി ബന്ധപ്പെട്ട കമ്പനികളുടെ നേതൃത്വത്തെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ഉന്‍ഗറിന്റെ പ്രധാന ദൗത്യമെന്നാണ് ചിലര്‍ കരുതപ്പെടുന്നത്. ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഏജന്റായി ഉന്‍ഗര്‍ പ്രവര്‍ത്തിച്ചുവെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇറാനുമായി ബിസിനസ് നടത്തുന്ന കമ്പനികളുടെ വാക്കുകള്‍ ഇറാനികള്‍ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇസ്രഈല്‍ അവരുടെ വിശ്വാസം മുതലെടുക്കുകയും അട്ടിമറിക്കും ചാരപ്രവര്‍ത്തനത്തിനുമായി അവരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതില്‍ ഇസ്രഈല്‍ ശതകോടീശ്വരനായ ഉന്‍ഗര്‍ നേരിട്ടോ അല്ലാതെയോ ഇടപെട്ടതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മുകളില്‍ പറഞ്ഞത്.

ചെങ്കടലില്‍ വെച്ച് യെമനിലെ ഹൂത്തികള്‍ അദ്ദേഹത്തിന്റെ കപ്പല്‍ പിടിച്ചടക്കിയതിന്റെ കാരണം മനസ്സിലാക്കാന്‍ പക്ഷേ ഇതു മാത്രം മതിയാവുമെന്നാണ് ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Who is Rami Ungar? Why was a cargo ship seized in the Red Sea

We use cookies to give you the best possible experience. Learn more