| Saturday, 28th December 2019, 2:12 pm

ആരാണ് പ്രശാന്ത് കിഷോര്‍? മോദിയെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ പരിഹസിച്ച് കേന്ദ്രമന്ത്രി; മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല പ്രശാന്ത് കിഷോറിന്റെ ഐ പാകിനാണല്ലോ എന്നും ഇത് ബി.ജെ.പിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിയിരുന്നു പ്രശാന്ത് കിഷോറിനെ അറിയില്ലെന്ന രീതിയിലുള്ള കേന്ദ്രമന്ത്രിയുടെ മറുപടി.

”ആരാണ് ഈ പ്രശാന്ത് കിഷോര്‍? എനിക്ക് അദ്ദേഹത്തെ അറിയില്ല. നേരത്തെ യു.എന്നില്‍ പ്രവര്‍ത്തിച്ച ഒരു ചങ്ങാതിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് മറ്റൊരു പാര്‍ട്ടിയില്‍, അതിന് ശേഷം മറ്റൊരു പാര്‍ട്ടിയില്‍- ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് പ്രശാന്ത് കിഷോറെന്നും അദ്ദേഹം നിലവില്‍ എന്‍.ഡി.എയുടെ ഭാഗാമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ‘ ആ സമയത്ത് ഞാന്‍ ഇവിടെ ഇല്ലായിരുന്നു’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഒരുപക്ഷേ അദ്ദേഹത്തെ കണ്ടാല്‍ തനിക്ക് അറിയാമായിരിക്കാമെന്നും അല്ലാതെ പരിചയമില്ല എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍ തന്നെ അറിയില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ മറുപടിയുമായി പ്രശാന്ത് കിഷോര്‍ തന്നെ രംഗത്തെത്തി. തന്നെപ്പോലെ വെറും സാധാരണക്കാരനായ ഒരാളെ പുരിയെപ്പോലുള്ള വലിയ നേതാവ് എങ്ങനെ അറിയാനാണ് എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി.


അദ്ദേഹം രാജ്യത്തെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമാണ്. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനെ എങ്ങനെയാണ് അദ്ദേഹം അറിയുക? യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും എന്നെപ്പോലുള്ള 50 ലക്ഷത്തിലധികം ആളുകള്‍ ദല്‍ഹിയില്‍ എത്തി ഒരു ഇടം ഉണ്ടാക്കാന്‍ പാടുപെടുകയാണ്. അങ്ങനെയിരിക്കുമ്പോള്‍ പുരി ജിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എങ്ങനെ ഇത്രയും ആളുകളെ അറിയാന്‍ സാധിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല ഹര്‍ദീപ് സിങ് പുരിയെപ്പോലുള്ള ഒരു വലിയ വ്യക്തി ഇത്രയും ആളുകളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ പദവിയ്ക്കും അന്തസിനും യോജിച്ച കാര്യമാവില്ല. ”- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കേന്ദമന്ത്രിയെന്ന നിലയ്ക്കും ദല്‍ഹിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവെന്ന നിലയ്ക്കും പുരിയെ തനിക്ക് കൃത്യമായി അറിയാമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

”മാത്രമല്ല ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വകുപ്പിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നും” പ്രശാന്ത് കിഷോര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നന്നായി അറിയേണ്ടതുണ്ട് എന്നതിനാല്‍ തന്നെ തനിക്ക് അദ്ദേഹത്തെ നന്നായി അറിയാമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ സംഘടനയായ ഐ-പാക്കായിരിക്കുമെന്ന് ഡിസംബര്‍ 14 നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഐ-പാക് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

2014 ല്‍ മോദി, 2015 ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2017 ല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, 2019 ല്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചുമതല പ്രശാന്ത് കിഷോറിനായിരുന്നു.

We use cookies to give you the best possible experience. Learn more