| Friday, 20th January 2023, 8:21 pm

'രക്ഷിക്കാന്‍ കഴിയാത്ത മതക്കാര്‍ ശിക്ഷിക്കുകയും വേണ്ട'; നിലമ്പൂര്‍ ആയിഷയാര്?| Dmovies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘രക്ഷിക്കാന്‍ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ട’ കേരള മുസ്‌ലീം സമുദായത്തിലെ ആദ്യ നാടകനടിയായ നിലമ്പൂര്‍ ആയിഷ തന്റെ പതിനാറാം വയസില്‍ ദൃഢതയോടെ പറഞ്ഞ വാക്കുകളാണിത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ആയിഷ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. 1950 കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതമാണ് മഞ്ജു വാര്യര്‍ നായികയായ ആയിഷ. ആരാണ് നിലമ്പൂര്‍ ആയിഷയെന്ന് പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ സിനിമ മുന്നില്‍ നില്‍ക്കുമ്പോള്‍ നിലമ്പൂര്‍ ആയിഷയെ ഒരിക്കല്‍ കൂടി അറിയേണ്ടതുണ്ട്.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട 1950 കളുടെ തുടക്കത്തില്‍ നാടകരംഗത്തേക്ക് കടന്നുവന്നതാണ് നിലമ്പൂര്‍ ആയിഷ. ഒരുപാട് എതിര്‍പ്പുകളും ആക്രമണങ്ങളും ആയിഷക്ക് നേരിടേണ്ടി വന്നു. കുടുംബത്തിന്റെ ദരിദ്രാവസ്ഥയില്‍ 13 വയസില്‍ അവര്‍ക്ക് വിവeഹം കഴിക്കേണ്ടി വന്നു. അധികനാള്‍ നീണ്ടുനില്‍ക്കാത്ത വിവാഹബന്ധത്തില്‍ നിന്നും വേര്‍പ്പെട്ടെങ്കിലും അതില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു.

നെല്ലുകുത്തി അരിയാക്കി വിറ്റാണ് ആയിഷ കുഞ്ഞിനെ നോക്കിയിരുന്നതെന്ന് ബഷീര്‍ വള്ളിക്കുന്ന് നിലമ്പൂര്‍ ആയിഷയെക്കുറിച്ച് എഴുതിയ ‘തോക്കിനെ ഭയക്കാത്ത കലാകാരി’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. സമുദായത്തെ ഭയന്ന് പലരും എതിര്‍പ്പ് അറിയിച്ചപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ മാത്രമായിരുന്നു പിന്തുണ നല്‍കിയത്. നിലമ്പൂര്‍ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്ക്’ എന്ന നാടകത്തിലാണ് ആദ്യമായി ആയിഷ അഭിനയിക്കുന്നത്. നാടകത്തിന്റെ രചയിതാവ് ഇ.കെ അയമുവായിരുന്നു നാടകത്തിലേക്ക് ആയിഷയെ ക്ഷണിച്ചത്.

സമുദായത്തെ ഭയന്ന് എതിര്‍പ്പ് അറിയിച്ചവരോടെല്ലാം രക്ഷിക്കാന്‍ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ടെന്നായിരുന്നു അന്നത്തെ 16കാരി ആയിഷ പറഞ്ഞത്. അവളുടെ ആ ദൃഢനിശ്ചയത്തിന്റെ ഫലമായി പിന്നീട് അരങ്ങുകള്‍ മാറി മാറി അഭിനയിച്ചു. അപ്പോഴും ആയിഷയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. മുസ്‌ലീം സ്ത്രീ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത് പരക്കെ വലിയ വാര്‍ത്തയായി. മുസ്‌ലീം സ്ത്രീ നാടകത്തിലേക്കല്ല നരകത്തിലേക്കാണ് എന്ന മുദ്രവാക്യങ്ങള്‍ എതിരാളികള്‍ ഉറക്കെ ഉയര്‍ത്തി. സാമൂഹിക വിലക്കും ആയിഷ നേരിട്ടു.

നാദാപുരത്ത് വെച്ചുള്ള നാടകാവതരണത്തിനിടെ ചില മതയാഥാസ്ഥികരുടെ കല്ലേറില്‍ ആയിഷയ്ക്ക് പരുക്കേറ്റു. എന്നാല്‍ നെറ്റിയില്‍ നിന്ന് ചോര ഒലിച്ചിറങ്ങുമ്പോഴും ആയിഷ അഭിനയം തുടര്‍ന്നു. മഞ്ചേരിയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ഇവര്‍ ആയിഷയെ വെടിവെച്ചു. അന്ന് തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. മറ്റൊരിടത്ത് മേക്കപ്പ് മുറിയില്‍ അതിക്രമിച്ച് കയറി ആയിഷയുടെ കരണത്തടിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പുരോഗമനവാദികളുടെയും പിന്തുണ എതിര്‍പ്പുകളെ അതിജീവിക്കാന്‍ ആയിഷയ്ക്കും നിലമ്പൂര്‍ യുവജന കലാസമിതിക്കും സഹായകമായി. ആളുകളെ വിളിച്ചു കൂട്ടി സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മുസ്‌ലിം സ്ത്രീകളെ ആയിഷ നേരിട്ടെത്തി ക്ഷണിച്ചു വരുത്തി. കെ.ടി. മുഹമ്മദിന്റ കലിംഗ തീയറ്റേഴ്‌സ് ഉള്‍പ്പെടെ വിവിധ സമിതികളുടെ നാടകങ്ങളിലും കണ്ടംവച്ച കോട്ട്, കാവ്യ മേള, കുട്ടിക്കുപ്പായം, ഓളവും തീരവും, പാലേരി മാണിക്യം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍ കലാ രംഗം വിട്ട് പത്തൊമ്പതരക്കൊല്ലം റിയാദില്‍ ഗദ്ദാമയായി കഴിഞ്ഞു. നിലമ്പൂര്‍ ആയിഷ ഗദ്ദാമയായി റിയാദില്‍ പോയ സമയത്തെ അവരുടെ ജീവിതവും അനുഭവങ്ങളുമാണ് ആമിര്‍ പള്ളിക്കല്‍ മഞ്ജു വാര്യരിലൂടെ സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മനോഹരമായ ദൃശ്യാവിശ്കാരമാണ് മഞ്ജുവാര്യരുടെ ആയിഷ.

2002ലെ മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുമുള്ള എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം,
2011ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ആയിഷയെ തേടിയെത്തിയിട്ടുണ്ട്.

content highlight: who is nilambur ayisha

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്