മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയ്ക്കതിരെ ആരോപണം ഉന്നയിച്ച റോയിലെ മുന്‍ ജീവനക്കാരന്‍ എന്‍.കെ സൂദ് സംഘപരിവാര്‍ പ്രചാരകന്‍. സൂദ് കടുത്ത മുസ്‌ലിം വിദ്വേഷിയും വിദ്വേഷ പ്രചാരകനുമാണെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ ട്വീറ്റുകളില്‍ മുസ്‌ലിം വിരോധം വ്യക്തമാണ്. ‘ മുസ്‌ലീങ്ങളുടെ അതിക്രമത്തെ നമ്മള്‍ ഹിന്ദുക്കളുടെ അതിക്രമം കൊണ്ട് നേരിടേണ്ടിയിരിക്കുന്നു. അത് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തിലൂടെയാവരുത്. സര്‍ദാര്‍ പട്ടേലിന്റെ പ്രത്യയശാസ്ത്രത്തിലൂടെയാവണം’ എന്നാണ് അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്.
‘ഹിന്ദുക്കളുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രചോദനം നല്‍കുന്നതാണ്. അതിക്രമത്തിലൂടെ മാത്രമേ നമുക്ക് മുസ്‌ലീങ്ങളെ എതിരിടാന്‍ കഴിയുകയുള്ളൂ. 60കളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം മുസ് ലീങ്ങള്‍ പള്ളിയ്ക്കു സമീപമുള്ള ഹിന്ദുക്കളുടെ കടകള്‍ ആക്രമിക്കുമായിരുന്നു. പൊലീസ് നിസഹായരായിരുന്നു. ഹിന്ദുക്കളുടെ കടകള്‍ സംരക്ഷിക്കാന്‍ ആര്‍.എസ്.എസ് മുന്നോട്ടുവന്നതോടുകൂടി മുസ്‌ലീങ്ങളുടെ ഈ കൊള്ള അവസാനിച്ചു’ എന്നാണ് ജൂലൈ ആറിന് അദ്ദേഹം ട്വീറ്റു ചെയ്തത്.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് സൂദ് പുസ്തകം എഴുതുകയും ചെയ്തിരുന്നു. ‘മുന്‍ റോ ഓഫീസറും, ‘മൈ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി (വിദേശയാത്രകളും നേട്ടങ്ങളും’ എന്ന പുസ്തകത്തിന്റെ കര്‍ത്താവും’ എന്നു പറഞ്ഞാണ് സൂദ് ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം ബി.ജെ.പി എം.പി മീനാക്ഷി ലേഖിക്ക് സമ്മാനിക്കുന്നതിന്റെ ചിത്രവും ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മോദിയുടെ വിദേശയാത്രകള്‍ ധൂര്‍ത്താണ്, സമയം പാഴാക്കലാണ്, ഭരണത്തില്‍ ശ്രദ്ധിക്കുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഇത്തരമൊരു പുസ്തകം രചിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് അദ്ദേഹം ഈ പുസ്തകത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പലപ്പോഴും ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ പോലും ചെയ്യാതെയാണ് മോദി യാത്ര ചെയ്യുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നായിരുന്നു സൂദിന്റെ ആരോപണം. കശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍ നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍ നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അത് പ്രയോജനപ്പെടുത്തിയെന്നുമാണ് സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ സൂദ് ആരോപിക്കുന്നത്.