| Sunday, 3rd November 2024, 6:06 pm

ആരാണ് മോക്വിറ്റ്‌സി മസിസി?

അമയ. കെ.പി.

വജ്രത്തിന്റെ മൂല്യത്തെ അനുസരിച്ച് സ്ഥിരത നിലനിര്ത്തിയിരുന്ന ഒരു രാജ്യം. ഒടുവില് ആ വജ്രത്തിന്റെ തിളക്കം കുറഞ്ഞപ്പോള് ആറു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനും തകര്ച്ച സംഭവിച്ചു. പറഞ്ഞു വരുന്നത് ബോട്സ്വാനയെക്കുറിച്ചാണ്. ആഫ്രിക്കന് വന്കരയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 2.6 ദശലക്ഷം ജനസംഖ്യ മാത്രമുള്ളൊരു രാജ്യം.

അവിടെ ഹൈസ്‌ക്കൂള് അധ്യാപകനായും യൂണിസെഫ് പ്രവര്ത്തകനായും ജോലി ചെയ്തിരുന്ന ഒരു യുവാവ് 2014ല് ആ കുഞ്ഞു രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേല്ക്കുന്നു.അവന്റെ പേര് മോക്വിറ്റ്‌സി മസിസി. എന്നാല് പത്ത് വര്ഷത്തിനിപ്പുറത്തേക്ക് ഭരണം ചെന്നെത്തുമ്പോള് 58 വര്ഷത്തിന്റെ ഭരണ തുടര്ച്ച ലഭിച്ചിരുന്ന അദ്ദേഹത്തിന്റെ ബോട്സ്വാന ഡെമോക്രാറ്റിക് പാര്ട്ടി ഭരണത്തിന് തിരശീല വീഴുന്നു. എന്നാല് പ്രസിഡന്റ് തെരഞ്ഞെടുപ്പില് പരാജയപ്പെട്ടിട്ടും തന്റെ ഭരണത്തിലുണ്ടായ പാളിച്ചകള് സമ്മതിച്ച മസിസി തന്റെ എതിരാളിയെ അഭിനന്ദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായി ജനങ്ങളോട് പറഞ്ഞു.

ആരായിരുന്നു മൊക്വിറ്റ്സി മസിസി ?

ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണില് ജനിച്ച മസിസി ബോട്സ്വാന യൂണിവേഴ്സ്റ്റിയില് നിന്ന് ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദം നേടിയ ശേഷം ഒരു ഹൈസ്‌കൂള് സോഷ്യല് സ്റ്റഡീസ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. തുടര്ന്ന് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില് നിന്ന് സോഷ്യല് സയന്സില് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ബോട്സ്വാന യൂണിസെഫില് ജോലി ചെയ്തു. 2004ല് തന്നെ അദ്ദേഹം മോഷുപ മണ്ഡലത്തില് നിന്ന് ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. എന്നാല് 2009ല് ഇതേ മണ്ഡലത്തില് നിന്ന് വിജയിക്കുകയും ചെയ്തു.

തുടര്ന്ന് വിദ്യാഭ്യാസമന്ത്രിയും നൈപുണ്യ വികസന മന്ത്രിയുമായെല്ലാം പ്രവര്ത്തിച്ച മസിസി 2014ല് വൈസ് പ്രസിഡന്റായും ബോട്സ്വാന സര്വകലാശാലയുടെ ചാന്സലറായുമെല്ലാം പ്രവര്ത്തിച്ചു. ഒടുവില് 2018 ഏപ്രില് ഒന്നിന് അദ്ദേഹം ബോട്സ്വാനയുടെ അഞ്ചാമത്തെ പ്രസിഡന്റായി ചുമതലയേറ്റു. 2019ല് വീണ്ടും മസിസി പ്രസിഡന്റായി ചുമതലയേറ്റെങ്കിലും തരഞ്ഞെടുപ്പില് കൃത്രിമം കാണിച്ചാണ് അധികാരത്തില് എത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല് ആഫ്രിക്കന് യൂണിയന് ഇലക്ഷന് ഒബ്സര്വേഷന് മിഷന് തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരമായുമാണ് നടന്നതെന്ന് പിന്നീട് കണ്ടെത്തി. 2019ല് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില് ലോകശ്രദ്ധ നേടിയ വാഗ്ദാനങ്ങളായിരുന്നു ആന വേട്ട നിരോധനം പിന്വലിക്കുന്നതും സ്വവര്ഗാനുരാഗത്തെ നിയമപരമാക്കിയതും. എന്നാല് അന്താരാഷ്ട്ര തലത്തില് വജ്രത്തിന്റെ മൂല്യം കുറഞ്ഞതും വജ്രങ്ങളുടെ ലഭ്യത കുറഞ്ഞതും ബോട്സ്വാനയുടെ കയറ്റുമതിയില് ഇടിവുണ്ടാക്കി.

ഇത് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 45ശതമാനം വര്ധിപ്പിക്കുകയും ചെയ്തു. പിന്നെ സംഭവിച്ചത് ചരിത്രം. 58 വര്ഷത്തെ ബി.ഡി.പി ഭരണത്തിന് അന്ത്യം കുറിച്ച് മസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണ് ചെയ്തത്.

Content Highlight: Who is Mokgweetsi Masisi ?

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.