ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ്ങ് മാധ്യമമാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ ജോലി ചെയ്യുന്ന ആള്‍ട്ട് ന്യൂസ്. സത്യാനന്തര കാലത്തെ സത്യങ്ങള്‍ തുറന്നുകാണിക്കുന്ന വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഈ വെബ്‌സൈറ്റ് കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. ബി.ജെ.പി ഗവണ്‍മെന്റിനെതിരെ പോര്‍ട്ടല്‍ വസ്തുതാപരമായി വിമര്‍ശനമുന്നയിക്കാറുണ്ട്.
2018 മാര്‍ച്ചിലാണ് കേസിനാധാരമായ ട്വീറ്റ് സുബൈര്‍ പോസ്റ്റ് ചെയ്തത്. 2020ലാണ് ഇതിനെതിരെ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് അന്ന് കേസെടുത്തിരുന്നത്.
തീവ്ര ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ, മഹന്ദ് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ആള്‍ട്ട് ന്യൂസിനെതിരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. പ്രവാചകന് എതിരായ ബി.ജെ.പി നേതാവ് നുപൂര്‍ ശര്‍മയുടെ പരാമര്‍ശം പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനും മുഹമ്മദ് സുബൈറായിരുന്നു.
2014ന് ശേഷം ഹണിമൂണ്‍ ഹോട്ടലില്‍ നിന്ന് ഹനുമാന്‍ ഹോട്ടലിലേക്ക് പേരുമാറ്റുന്ന ഹോട്ടലിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് ദല്‍ഹി പൊലീസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആള്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഭിഭാഷകരോടും തന്നോടും സുബൈറിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് പറയുന്നില്ല. ‘ഞങ്ങള്‍ സുബൈറിന്റെ കൂടെ പൊലീസ് വാനിലാണ്. ഒരു പോലിസുകാരനും നെയിം ടാഗൊന്നും ധരിച്ചിട്ടില്ല’. പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.
അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് പ്രതീക് സിന്‍ഹ പറഞ്ഞു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.
CONTENT HIGHLIGHTS: Who is Mohammad Zubair and how does Alt News dislike the BJP government?