ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിക്കാന്‍ മോദി ആര്?; മമതാ ബാനര്‍ജി
national news
ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിക്കാന്‍ മോദി ആര്?; മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 10:23 pm

കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതെന്നതിനെ കുറിച്ച് നരേന്ദ്ര മോദി ആവലാതിപ്പെടേണ്ടെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യണം എന്നറിയാവുന്ന ഞങ്ങള്‍ക്ക് നേതാവിനെ തെരഞ്ഞെടുക്കാനും കഴിയും എന്നായിരുന്നു മമതയുടെ മറുപടി.

“മിസ്റ്റര്‍ മോദി. നിങ്ങള്‍ പേടിക്കണ്ട. ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യണമെന്ന് അറിയാവുന്ന ഞങ്ങള്‍ക്ക് നേതാവിനെ തെരഞ്ഞെടുക്കാനും കഴിയും. രാജ്യത്തെ നയിക്കാന്‍ ആരെങ്കിലും ഉണ്ടായിക്കോളും”- മമത പറഞ്ഞു.

പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ എണ്ണം 2014നെ അപേക്ഷിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതലാണെന്ന് മോദി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു മമതയുടെ പ്രസ്താവന.

Also Read ത്രിപുരയില്‍ ബി.ജെ.പിക്ക് തിരിച്ചടി; സഖ്യകക്ഷിയിലെ മൂന്ന് വനിതാ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഒരു ബ്ലോക്ക് പ്രസിഡന്റ് ആവാനുള്ള കഴിവു പോലും മോദിക്കില്ലെന്നും മമത പറഞ്ഞു. “മോദി എല്ലാ സംസ്ഥാനങ്ങളേയും ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ പാവങ്ങളുടെയല്ല, മറിച്ച് സമ്പന്നരുടെയും അഴിമതിക്കാരുടേയും കാവല്‍ക്കാരനാണ്. അയാളുടെ ഭരണകാലത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, തൊഴിലില്ലായ്മ വര്‍ധിച്ചു. അയാള്‍ക്ക് മാധ്യമങ്ങളെപ്പോലും മാനിക്കുന്നില്ല. അയാള്‍ ഒരു കള്ളനാണ്. പകലെന്നും രാത്രിയെന്നുമില്ലാതെ കള്ളം പറയുന്നയാളാണ് മോദി”- മമത പറഞ്ഞു. ആന്ധ്രപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ബി.ജെ.പി ട്യൂമര്‍ പോലെയാണെന്നും ബി.ജെ.പിയെ താഴെ ഇറക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും പറഞ്ഞു. “അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്നതിനെ പറ്റി ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ ആദ്യത്തെ കടമ ബി.ജെ.പിയെ പരാജയപ്പെടുത്തലാണ്”- കെജ്‌രിവാള്‍ പറഞ്ഞു.