ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു മീന ഹാരിസ്. പോപ് ഗായിക റിഹാനയ്ക്കും യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റയ്ക്കും പിന്നാലെ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീന ഹാരിസും കര്‍ഷകരെ പിന്തുണയ്ക്കുന്നു എന്ന നിലയിലായിരുന്നു ഇന്ത്യയില്‍ ഇവരെ കുറിച്ച് ആദ്യം വന്ന തലക്കെട്ടുകള്‍.
ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാന്‍ വരരുതെന്ന ആഹ്വാനവുമായി ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോഴും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകരെ പിന്തുണച്ചവര്‍ക്കെതിരെ പ്രതിഷേധങ്ങളും ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണങ്ങളും വ്യാപകമായപ്പോഴും അതിനോടെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് മീന ഹാരിസ് മുന്നോട്ടുവന്നതോടെ അവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയായിരുന്നു.
തന്നെ ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ കഴിയില്ലെന്നായിരുന്നു ഈ വിദ്വേഷ പ്രചരണങ്ങളോടുള്ള മീന ഹാരിസിന്റെ മറുപടി. അമേരിക്കയില്‍ വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ തീവ്രവാദത്തെ പോലെ തന്നെ ഇന്ത്യയിലെ അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ചും സംസാരിക്കാന്‍ സമയമായെന്ന് മീന ഹാരിസ് പറഞ്ഞു. കമല ഹാരിസിന്റെ മരുമകള്‍ എന്ന മേല്‍വിലാസത്തില്‍ നിന്നും മാറി മീന ഹാരിസ് പറയുന്നു എന്ന നിലയിലേക്ക് രാജ്യത്തെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി.
ആരാണ് കര്‍ഷകരെ പിന്തുണക്കുന്ന, സംഘപരിവാറിനും ഹിന്ദുത്വ തീവ്രവാദത്തിനും ജാതീയതക്കും വംശീയതയ്ക്കുമെതിരെ സംസാരിക്കുന്ന മീന ഹാരിസ്. കമല ഹാരിസിന്റെ മരുമകള്‍ എന്നതിനപ്പുറം മീന ഹാരിസിന്റെ പ്രാധാന്യമെന്താണ് ?
അഭിഭാഷകയും ബാലസാഹിത്യകാരിയും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയുമായ മീനാക്ഷി ആഷ്ലി ഹാരിസ് എന്ന മീന ഹാരിസ് അമേരിക്കയിലെ പ്രധാന ജെന്‍ഡര്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകളിലൊരാളാണ്. ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രൊട്ടസ്റ്റിലും സജീവ സാന്നിധ്യമായിരുന്നു മീന.
2016ലെ യു.എസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന്റെ ക്യാംപെയ്‌നില്‍ പോളിസി ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയത് മീന ഹാരിസ് ആയിരുന്നു. കമല ഹാരിസ് വിജയിച്ചതോടെ മീന ഹാരിസിന്റെ ക്യാംപെയ്ന്‍ രീതികളും ശ്രദ്ധ നേടി.
ഇതോടുകൂടിയാണ് മീന പൊതു ഇടങ്ങളില്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്.
സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും 2012ല്‍ പഠനം പൂര്‍ത്തിയാക്കിയ മീന 2017ലാണ് ഫിനോമിനല്‍ എന്ന ഫാഷന്‍ കമ്പനി തുടങ്ങുന്നത്. പ്രമുഖ ബ്ലാക്ക് പോയറ്റ് മായ ഏയ്ഞ്ചലോയുടെ കവിതയില്‍ നിന്നുമാണ് ഫിനോമിനല്‍ എന്ന പേര് മീന തന്റെ കമ്പനിക്ക് കണ്ടെത്തുന്നത്. പിന്നീട് ഫിനോമിനല്‍ വുമണ്‍ ആക്ഷന്‍ ക്യാംപെയ്ന്‍ എന്ന സാമൂഹ്യസംഘടനക്കും രൂപം നല്‍കി.
വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ തുല്യത, ക്രിമിനല്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍, റിപ്രൊഡക്ടീവ് റൈറ്റ്‌സ്, രാഷ്ട്രീയരംഗം അടക്കമുള്ള സാമൂഹ്യമേഖലകളിലെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫിനോമിനല്‍ ആക്ഷന്‍ ക്യാംപെയ്ന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സെറീന വില്യംസ, ജെസിക ആല്‍ബ തുടങ്ങിയ പ്രമുഖരാണ് ഈ ക്യാംപെയ്‌നിന്റെ പല പരിപാടികള്‍ക്കും അംബാസിഡര്‍മാരിയിട്ടുള്ളത്.
2020 ജൂണിലാണ് മീന ഹാരിസ് തന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. കമല ആന്റ് മായാസ് ബിഗ് ഐഡിയ എന്ന പുസ്തകത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അവരുടെ സഹോദരിയും തന്റെ അമ്മയുമായ മായ ഹാരിസിനെയും കുറിച്ചാണ് പറയുന്നത്. ഈ ബാലസാഹിത്യകൃതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അമ്മയായ മായ ഹാരിസും അമ്മയുടെ സഹോദരി കമല ഹാരിസും മുത്തശ്ശി ശ്യാമള ഗോപാലനും തുടങ്ങി കുടുംബത്തില്‍ താന്‍ കണ്ടുവളര്‍ന്ന സ്ത്രീകളെല്ലാവരും സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരുമായതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ സാമൂഹ്യവിഷയങ്ങളില്‍ തല്‍പരയായിരുന്നു മീന ഹാരിസ്. അമേരിക്കയിലും ലോകത്തെ വിവിധ ഭാഗങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന മീന 2021 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും മീന രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണെന്നാണ് യു.എസിലെ ക്യാപിറ്റോളില്‍ നടന്ന ആക്രമണങ്ങളെയും ദല്‍ഹിയിലെ കര്‍ഷക സമരത്തിന് നേരെയുള്ള അടിച്ചമര്‍ത്തലുകളെയും താരതമ്യപ്പെടുത്തിക്കൊണ്ട് മീന ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെ മീന ഹാരിസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പലയിടങ്ങളിലും ഇവരുടെ ചിത്രങ്ങള്‍ കത്തിച്ചുള്ള പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് ഇതിനോട് പ്രതികരിച്ചത്. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നം മനുഷ്യാവകാശ പ്രവര്‍ത്തകരോട് താന്‍ സംസാരിച്ചു. ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന പറഞ്ഞത്.
അന്താരാഷ്ട്ര തലത്തില്‍ നിന്നും കര്‍ഷക സമരത്തിന് വലിയ പിന്തുണ ലഭിച്ച സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന വാദവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ മീന നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധം ഏതെങ്കിലും ചില കാര്‍ഷിക നിയമങ്ങളുടെ മാത്രം കാര്യമല്ലെന്നും പൊലീസ് അതിക്രമത്തെക്കുറിച്ചും അക്രമാസക്തമായ ദേശീയതയെക്കുറിച്ചും തൊഴിലവകാശങ്ങള്‍ ഹനിക്കുന്നതിനെക്കുറിച്ചും ശബ്ദമുയര്‍ത്തുന്ന ഒരു മതന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും അങ്ങനെ ആഗോള മേധാവിത്വത്തെക്കുറിച്ചാണ് ഈ സമരമെന്നും മീന ഹാരിസ് പറഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങളുടെ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞുവന്നേക്കരുത്, കാരണം ഇത് നമ്മള്‍ എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് അവര്‍ മറുപടി നല്‍കിയത്.
തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചു പോയെന്നും മീന മറ്റൊരു ട്വീറ്റില്‍ പ്രതികരിച്ചു. കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യപ്രവര്‍ത്തക നൗദീപ് കൗര്‍ ഹരിയാന പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് ശാരീരിക – ലൈംഗിക പീഡനങ്ങള്‍ക്കിരയായ സംഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഈ വിഷയത്തില്‍ മീനയുടെ ട്വീറ്റ്.
മീന ഹാരിസ് ഹിന്ദുമത വിരോധിയാണെന്ന പ്രചാരണങ്ങള്‍ ആരംഭിച്ചപ്പോള്‍ ഞാനും ഒരു ഹിന്ദുവാണെന്നും ഫാസിസത്തെ മറച്ചുവെക്കാന്‍ മതത്തെ മറയാക്കരുതെന്നും അവര്‍ തിരിച്ചടിച്ചു.
അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്നും മീന ഹാരിസ് പറഞ്ഞു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നായിരുന്നു ഈ ലേഖനത്തിന്റെ തലക്കെട്ട്.
ധീരരായ ഇന്ത്യന്‍ പുരുഷന്മാര്‍ കര്‍ഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കത്തിച്ചുവെന്ന് വരെ ചില തലക്കെട്ടുകള്‍ ഞാന്‍ കാണുകയുണ്ടായുണ്ടായി. അത് നോര്‍മലായി കാണുകയാണ് പലരും. ഇതില്‍ ഒരു ധീരതയുമില്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടെയട്ടെയും മീന ഹാരിസ് പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആഫ്രിക്കന്‍ വംശജരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വിവേചനവും തുറന്നു കാണുന്നുണ്ടെന്നും മീന പറഞ്ഞു. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള ഇന്ത്യയുടെ വിരോധത്തെ കുറിച്ചു കൂടി സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ആക്രമണങ്ങള്‍ കൂടിവരുന്നതിനനുസരിച്ച് മീന ഹാരിസിന്റെ നിലപാടുകളും കൂടുതല്‍ ശക്തമാവുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിന്‍ ടു ടോപ് ചെയ്തുവെച്ചിരിക്കുന്ന ട്വീറ്റില്‍ പറയുന്നത് പോലെ I won’t be intimidated, I won’t be silenced, അതെ, ‘എന്നെ ഭയപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ല’എന്ന് ഓരോ പ്രതികരണങ്ങളിലും അവര്‍ കൂടുതല്‍ വ്യക്തമായി പറഞ്ഞുവെക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Who is Meena Harris, niece of US Vice President Kamala Harris – Explained