| Monday, 5th April 2021, 5:54 pm

പത്ത് വര്‍ഷത്തിനിടെ വധിച്ചത് 150 ലധികം സൈനികരെ, 40 ലക്ഷം തലക്ക് വിലയുള്ള, പ്രായം കുറഞ്ഞ മാവോയിസ്റ്റ് തലവന്‍, മദ്‌വി ഹിദ്മ ആരാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചത്തീസ്ഗഡിലെ ബീജാപൂരില്‍ കഴിഞ്ഞ ഏപ്രില്‍ 3ന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടുകൂടി കൂടി രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളെക്കുറിച്ചും ഈ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാവോയിസ്റ്റ് തലവനെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

സി.പി.ഐ മാവോയിസ്റ്റ് എന്ന മാവോയിസ്റ്റ് പാര്‍ട്ടിയുടെ സായുധ വിഭാഗം കമാന്‍ഡറായ മദ്‌വി ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 40 ലക്ഷം രൂപ സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന മദ്‌വി ഹിദ്മ സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ 21 അംഗ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്.

മദ്‌വി ഹിദ്മ

മദ്‌വി ഹിദ്മയുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആയിരത്തിലധികം സൈനികര്‍ പല വിഭാഗങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചത്തീസ്ഗഡിലെ ബീജാപൂര്‍ സുക്മ അതിര്‍ത്തിയിലെ തേരാം വനമേഖലയില്‍ വെച്ച് ഒരു സംഘം സൈന്യം ഏപ്രില്‍ 3ന് മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത്. മണിക്കൂറുകളോളം പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു.

ബീജാപൂര്‍ സുക്മ മേഖലയില്‍ സൈന്യത്തിന്റെ മാവോയിസ്റ്റ് വിരുദ്ധനീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയ ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പ്രദേശത്തെ മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന 10,000 ചതുരശ്ര കിലോമീറ്ററോളം മേഖല സൈന്യം തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നുകഴിഞ്ഞിരുന്നു. സമീപ കാലത്തായി ഈ മേഖലകളില്‍ 19 പുതിയ സൈനിക ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള മറ്റ് മേഖലകളിലേക്കും സുരക്ഷാ സേന കടക്കാന്‍ തുടങ്ങിയതോടെയാണ് മാവോയിസ്റ്റുകളുടെ ആക്രമണങ്ങളുടെ തീവ്രത കൂടിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം കാലമായി ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന രക്തരൂക്ഷിത ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായ മദ്‌വി ഹിദ്മയെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് ഒടുവിലത്തെ ആക്രമണവും ഉണ്ടായിരിക്കുന്നത്. ഇതോടെ ഏത് വിധേനയും ഹിദ്മയെ പിടികൂടാനുള്ള ‘അന്തിമ യുദ്ധം’ സൈന്യവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭരണകൂടം നാല്പ്പത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഇന്ത്യയിലെ മാവോയിസ്റ്റ് ഓപ്പറേഷനുകളുടെ സൂത്രധാരന്‍ മദ്‌വി ഹിദ്മ ആരാണ്? നമുക്ക് പരിശോധിക്കാം.

ചത്തീസ്ഡഗിലെ സൗത്ത് സുക്മയിലെ പുര്‍വതി ഗ്രാമത്തിലാണ് മദ്‌വി ഹിദ്മ ജനിക്കുന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊണ്ണൂറുകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ഗറില്ല സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംഘത്തിലെ തലവനാകുകയായിരുന്നു.

മാവോയിസ്റ്റ് സൈദ്ധാന്തികരും സേനാ തലവന്‍മാരുമായിരുന്ന കിഷന്‍ജി, ആസാദ് തുടങ്ങിയവര്‍ സൈനിക ആക്ഷനുകളില്‍ കൊല്ലപ്പെട്ടതിന് ശേഷം പുനസംഘടിപ്പിക്കപ്പെട്ട കേന്ദ്രകമ്മിറ്റിയില്‍ പ്രായം കുറഞ്ഞ അംഗമായി ഹിദ്മയും എത്തുകയായിരുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ എളുപ്പത്തില്‍ അദ്ദേഹത്തെ മാവോയിസ്റ്റുകളുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ നിന്നുള്ള മിലിന്ദ് തെല്‍തുംദെയെ മാവോയിസറ്റുകളുടെ ദളിത് മുഖമായും മദ്‌വി ഹിദ്മയെ ആദിവാസിമുഖമായുമാണ് സി.പി.ഐ മാവോയിസ്റ്റ് അവതരിപ്പിക്കുന്നത് എന്നാണ് 2017 ല്‍ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.

മിലിന്ദ് തെല്‍തുംദെ

ഇംഗ്‌ളീഷിലും ഹിന്ദിയിലും മികച്ച പരിജ്ഞാനമുള്ള ഹിദ്മ നിരവധി ആദിവാസി ഭാഷകളടക്കം ഇന്ത്യയിലെ അനേകം പ്രാദേശിക ഭാഷകള്‍ പഠിച്ചിട്ടുണ്ട്. ഹിദ്മാലു, സന്തോഷ് എന്നീ പേരുകളിലും ഹിദ്മ അറിയപ്പെടുന്നുണ്ട്. സായുധരായ 250 ഓളം മുഴുവന്‍ സമയ ഗറില്ലാ പോരാളികളെ അണിനിരത്തിക്കൊണ്ടുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ബറ്റാലിയന്റെ തലവനായ ഹിദ്മയ്ക്ക് 40 വയസ്സിനടുത്ത് പ്രായം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010 ഏപ്രില്‍ മാസത്തില്‍ ചത്തീസ്ഡഗിലെ ദണ്ഡേവാഡയില്‍ വെച്ച് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തോട് കൂടിയാണ് ഹിദ്മയുടെ പേര് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ സായുധ ആക്രമങ്ങളിലൊന്നായിരുന്നു അന്ന് ദണ്ഡേവാഡയില്‍ നടന്നത്. ഈ സംഭവത്തോടുകൂടിയാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയാണ് മാവോയിസ്റ്റുകള്‍ എന്ന് യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

2013 ല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.സി ശുക്ലയടക്കം 32 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെയും സൂത്രധാരന്‍ ഹിദ്മയായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചിട്ടുള്ളത്.

2017 ഏപ്രിലില്‍ ബുര്‍ഖ്പാലിലും 2020 മാര്‍ച്ചില്‍ സുക്മയിലും നടന്ന കൂറ്റന്‍ ആക്രമണങ്ങളടക്കം നിരവധി സൈനികര്‍ ആക്രമിക്കപ്പെട്ട ചെറുതും വലുതുമായ അനേകം ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്‍ ഹിദ്മയാണെന്നാണ് ഇന്റലിജന്‍സ് വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who is Maoist leader Madvi Hidma

We use cookies to give you the best possible experience. Learn more