| Thursday, 6th August 2020, 6:41 pm

ജമ്മു കശ്മീരിലേക്ക് സിന്‍ഹ എത്തുന്നതിന് പിന്നില്‍ എന്ത്? മോദിയുടെയും ഷായുടെയും അടുപ്പക്കാരനായ ഈ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മൂന്ന് തവണ ലോക്‌സഭാ എം.പിയുമായിരുന്ന മനോജ് സിന്‍ഹയാണ് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി പുതുതായി നിയമിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പുതിയ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിയമനം. അതുകൊണ്ടുതന്നെ സിന്‍ഹയുടെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയാണ് എന്ന അഭിപ്രായങ്ങളും വിവധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്.

എം.പിയും മുന്‍ കേന്ദ്രമന്ത്രിയും മാത്രമല്ല സിന്‍ഹ. മോദിയുടെ അടുപ്പക്കാരനും ബി.ജെ.പിയുടെ മുന്‍നിര നേതാക്കളില്‍ പ്രമുഖനുമാണ് മനോജ് സിന്‍ഹ.

കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനിടെയാണ് സിന്‍ഹയുടെ നിയമനം. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ബുധനാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ താഴ്‌വരയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യോഗം മാറ്റിവെക്കേണ്ടിവന്നു. ഇതിനിടെയിലേക്കാണ് സിന്‍ഹ എത്തുന്നത്.

സംസ്ഥാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്ന സാഹചര്യത്തിലാണിതെന്നത് ശ്രദ്ധേയമാണ്. കേന്ദ്രഭരണപ്രദേശമായിരിക്കുന്നിടത്തോളം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചുകഴിഞ്ഞു. സിന്‍ഹയുടെ ശ്രീനഗറിലേക്കുള്ള വരവ് രാഷ്ട്രീയ പങ്കാളികള്‍ക്ക് തെരഞ്ഞെടുപ്പിലേക്കുള്ള വഴിയൊരുക്കിയേക്കുമെന്നാണ് സൂചന.

ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായുള്ള സിന്‍ഹയുടെ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നതിന് ഇനിയും തെളിവുകളുണ്ട്. ഭൂമിഹാര്‍ സമുദായത്തില്‍നിന്നുള്ള നേതാവാണ് സിന്‍ഹ. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളിലും ബീഹാറിലും ഭൂമിഹാര്‍ വിഭാഗത്തിന് വലിയ ശക്തിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും അടുപ്പ ബന്ധം പുലര്‍ത്തുന്ന ആളാണ് സിന്‍ഹ.

ഗാസിപൂരില്‍നിന്നും 1998-ല്‍ ബി.ജെ.പി ടിക്കറ്റില്‍ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പും വിജയവും. അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. ഇങ്ങനെ മൂന്ന് തവണ ഗാസിപൂരില്‍നിന്നുതന്നെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാംതവണ 2014ലെ മോദി തരംഗത്തിനിടെയായിരുന്നു. ഈ വിജയത്തോടെ സിന്‍ഹയെ മോദി കേന്ദ്ര മന്ത്രിയാക്കി നിയമിച്ചു. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനറായി മാറുകയും ചെയ്തു.

2017-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് നറുക്ക് അദിത്യനാഥിലേക്ക് മാറിയത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാസിപൂരില്‍നിന്നും സിന്‍ഹ പക്ഷേ, പരാജയപ്പെട്ടു.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. അടിയന്തരാവസ്ഥാകാലത്തായിരുന്നു സിന്‍ഹ ഇവിടെനിന്നും ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കിയത്. ഈ കാലയളവിലാണ് ഇദ്ദേഹം ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ സജീവ പ്രവര്‍ത്തകനായത്. 23-ാം വയസില്‍ ജനാറസ് സര്‍വ്വകലാശാലയില്‍ യൂണിയന്‍ പ്രസിഡന്റായിരുന്നു സിന്‍ഹ.

‘കേന്ദ്രഭരണ പ്രദേശമായതിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും പിന്നാലെ ജമ്മു കശ്മീരിലെ കേഡര്‍മാരുടെ മാറ്റം, ധനകാര്യം മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനായാണ് മുര്‍മുവിനെ നേരത്തെ നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ആവശ്യം പക്വതയുള്ള രാഷ്ട്രീയവും ഭരണവും കൈകാര്യം ചെയ്യാനറിയാവുന്ന ഒരു വ്യക്തിയെയാണ്. സിന്‍ഹ ഇക്കാര്യത്തില്‍ അനുയോജ്യനും. ഇക്കാരണങ്ങള്‍കൊണ്ടാണ് പ്രധാനമന്ത്രി സിന്‍ഹയെ തെരഞ്ഞെടുത്തത്’, അമിത് ഷായുമായി അടുത്ത വൃത്തങ്ങള്‍ ദ പ്രിന്റിനോട് പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ ഒരു രാഷ്ട്രീയാടിത്തറ പാകാനാണ് സിന്‍ഹയുടെ നിയമനമെന്നാണ് മറ്റൊരു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

ചുരുക്കത്തില്‍, മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മുര്‍ദുവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ പൂര്‍ണാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാരനാണ് മനോജ് സിന്‍ഹ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ജമ്മു കശ്മീരില്‍ നിലച്ചുപോയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം കെട്ടിപ്പെടുക്കാന്‍ ഒരു രാഷ്ട്രീയക്കാരനെത്തന്നെ അയക്കേണ്ടതുണ്ടെന്നാണ് നിയമനത്തില്‍ ബി.ജെ.പി വൃത്തങ്ങളുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more