| Thursday, 18th April 2019, 12:45 pm

ആരാണ് കള്ളം പറയുന്നത്? നരേന്ദ്ര മോദിയോ അതോ ബാങ്കുകളോ?; ചോദ്യവുമായി വിജയ് മല്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വായ്പാ തട്ടിപ്പുനടത്തി നാടുവിട്ട വിജയ് മല്യ. താന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ തന്നില്‍ നിന്ന് ഇടാക്കിയെന്ന് നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് വിജയ് മല്യ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷ് കോടതികളില്‍ ഇതിനു വിപരീതമായ നിലപാടാണ് ബാങ്കുകള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതില്‍ ആരോ കള്ളം പറയുകയാണ്’ എന്ന് മല്യ ട്വീറ്റു ചെയ്യുകയും ചെയ്തു.

‘ഞാന്‍ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ എന്നില്‍ നിന്ന് ഈടാക്കിയെന്ന് പറഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ്, മറ്റാരുമല്ല. എന്നാല്‍ ഞാന്‍ പണം നല്‍കാനുണ്ടെന്നാണ് പി.എസ്.യു ബാങ്കുകളും മറ്റും ഇംഗ്ലീഷ് കോടതികളില്‍ അവകാശപ്പെട്ടത്. ആരെയാണ് ഇതില്‍ വിശ്വസിക്കേണ്ടത്? ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ കള്ളം പറയുകയാണ്.’ എന്നാണ് മല്യയുടെ ട്വീറ്റ്.

താന്‍ ഒളിച്ചോടിപ്പോയതാണെന്ന ബി.ജെ.പിയുടെ വാദത്തേയും മല്യ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1992 മുതല്‍ യു.കെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ചാണ് ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നാണ് മല്യ പറഞ്ഞത്.

ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ നിന്നും ഈടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 9000 കോടി രൂപയാണ് ഞാന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. എന്നാല് 14000 കോടി രൂപ വിലവരുന്ന എന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞു. ഉന്നത കേന്ദ്രങ്ങള്‍ തന്നെ അത് അംഗീകരിക്കുന്നു. എന്നിട്ടും ബി.ജെ.പിയുടെ വക്താവ് തന്നെ താന്‍ പണംതട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുകയാണെന്നായിരുന്നു മല്യ പറഞ്ഞത്.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ ഇന്ത്യ വിട്ട വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്.

We use cookies to give you the best possible experience. Learn more