| Thursday, 11th February 2021, 8:15 am

സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ; ആരാണ് ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍

ശ്രിന്‍ഷ രാമകൃഷ്ണന്‍

കൊടിയ പീഡനങ്ങള്‍ സഹിച്ച്, ലൈംഗിക ചൂഷണങ്ങള്‍ നേരിട്ട്, സൗദി അറേബ്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ലൗജെയ്ന്‍ അല്‍ ഹധ്‌ലൂല്‍ ആയിരം ദിവസങ്ങളോളമായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടു കൊണ്ട് തടവിലാണ്.

അവര്‍ക്ക് സൗദി തീവ്രവാദ കോടതി അഞ്ച് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് ഒരുമാസം കഴിയുമ്പോള്‍ സൗദി അവരെ വിട്ടയച്ചിരിക്കുകയാണ് എന്ന ഏറെ സന്തോഷം തരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ പുതിയ നയമാറ്റത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പിടിച്ചു നില്‍ക്കാനുള്ള തുറുപ്പുചീട്ടായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

സല്‍മാന്റെ നിലനില്‍പ്പിനായുള്ള തന്ത്രങ്ങള്‍ക്കപ്പുറം ലൗജെയ്ന്‍ ലോകം ചര്‍ച്ചചെയ്യപ്പെടേണ്ട, അറിയേണ്ട ശക്തയായ വനിതയാണ്.തികച്ചും ന്യായമായ, ഒരു വ്യക്തിക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് ലെംഗിക പീഡനവും, ചാട്ടവാറടിയും, ഇല്ക്രിടിക് കസേരയിലിരുന്ന് വൈദ്യുതാഘാതമുള്‍പ്പെടെ ഏല്‍ക്കേണ്ടി വന്ന വനിതയാണ് ലൗജെയ്ന്‍.

വിട്ടയക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഭരണകൂടം മുന്നോട്ട് വന്നപ്പോള്‍ അതിനൊന്നു വഴങ്ങാതെ വീണ്ടും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി പേരാട്ടം തുടര്‍ന്ന വനിത കൂടിയാണ് അവര്‍. ലൗജെയിനിന്റെ ധീരതയേയും പോരാട്ടവീര്യത്തെയും കുറിച്ച് അറിയണമെങ്കില്‍ അവര്‍ക്കെതിരെ സൗദി ചുമത്തിയ കുറ്റങ്ങളെന്തെന്ന് കൂടി അറിയണം.

എന്താണ് അവര്‍ക്ക് നേരെ ചുമത്തപ്പെട്ട കുറ്റം?

ഭീകരവാദം, ദേശസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി, വിദേശശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചു. 31കാരിയായ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ലൗജെയ്‌നെതിരെ സൗദി ഭരണകൂടം ആരോപിക്കുന്ന കുറ്റകൃത്യങ്ങളാണിത്.

പക്ഷേ ഇതായിരുന്നോ അവരില്‍ സൗദി അറേബ്യ കണ്ട കുറ്റം?
അല്ല

2013മുതല്‍ സൗദിയുടെ അധികാര കേന്ദ്രങ്ങളില്‍ ഇരിപ്പിടമുറപ്പിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന പുരോഗമന നാട്യക്കാരന്റെ കണ്ണിലെ കരടയായിരുന്നു മനുഷ്യാവകാശത്തിനും തുല്യനീതിക്കും സാമൂഹിക ക്ഷേമത്തിനും, സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ലൗജെയ്ന്‍ എന്ന യുവതി.

സൗദി അറേബ്യപോലൊരു രാജ്യത്ത് അവര്‍ കാണിച്ച അസാമാന്യ ധീരത ആയുധങ്ങളിലൂടെ മാത്രം സംസാരിച്ച് ശീലിച്ചിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ പേടിപ്പിച്ചിട്ടുണ്ടാകാം.

അതുകൊണ്ട് തന്നെ ഒന്നല്ല ഒട്ടനവധി കുറ്റങ്ങളുണ്ട് ലൗജെയ്ന്‍ എന്ന അസാമാന്യ ധൈര്യമുള്ള വനിതാ പോരാളിക്ക് മേല്‍

കുറ്റം ഒന്ന്

സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പാടില്ല എന്ന വ്യവസ്ഥ അവര്‍ അംഗീകരിച്ചില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് സ്ത്രീകള്‍ക്കും വേണമെന്ന ആവശ്യം ഉന്നയിച്ചു, അതിന് വേണ്ടി പോരാടി, സമരം ചെയ്തു.

സ്ത്രീക്ക് പുരുഷ അകമ്പടി, അഥവാ മെയില്‍ ഗാര്‍ഡിയന്‍ ഉണ്ടാകണമെന്ന നിയമത്തിനെതിരെയും ലൗജെയ്ന്‍ സമരം ചെയ്തു. 2019ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പുരുഷ രക്ഷാകര്‍ത്താവിന്റെ അനുവാദമില്ലാതെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും വിവാഹം രജിസ്റ്റര്‍ ചെയ്യാനും ഡിവോഴ്‌സ് ചെയ്യാനുമുള്ള അവകാശം ഭാഗികമായെങ്കിലും സൗദിയില്‍ ലഭിച്ചത്.

ഇവിടെ തീര്‍ന്നില്ല അവരുടെമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍

2014ല്‍ യു.എ.ഇയില്‍ നിന്നും അന്താരാഷ്ട്ര ലൈസന്‍സ് സ്വന്തമാക്കിയ ലൗജെയ്ന്‍ സൗദി അറേബ്യന്‍ നിരത്തുകളിലൂടെ വാഹനം ഓടിക്കാന്‍ ശ്രമിക്കുകയും 73 ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. ഇക്കാലത്ത് ലോകത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പാടില്ലെന്ന നിയമമുള്ള ഒരെയൊരു രാജ്യം സൗദി അറേബ്യയായിരുന്നു.

കുറ്റം തീര്‍ന്നില്ല

2015ല്‍ ലൗജെയ്ന്‍ തെരഞ്ഞെടുപ്പിലും മത്സരിച്ചു. സൗദി സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും ലഭിച്ച ആദ്യ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പായിരുന്ന അത്. പക്ഷേ അവരുടെ പേര് സൗദി ഒരു കാരണവും കാണിക്കാതെ തള്ളി എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

ലൗജെയ്‌നുള്‍പ്പെടെ സൗദിയിലെ നിരവധി സ്ത്രീകള്‍ സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മേല്‍ നടക്കുന്ന വിവേചനങ്ങളിലും പരസ്യമായി പ്രതിഷേധിച്ചു. സ്ത്രീകള്‍കെന്താ ഡ്രൈവ് ചെയ്താല്‍ എന്ന് സൗദി സ്ത്രീ സമൂഹം പതുക്കെ ചിന്തിച്ചുതുടങ്ങി.

ഒടുവില്‍ 2018ല്‍ സൗദി സ്ത്രീകള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ഡ്രൈവിങ്ങ് വിലക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കി, രക്ഷാകര്‍തൃ സംവിധാനത്തിനും മാറ്റമുണ്ടാക്കി. അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് സ്തുതിപാഠകരുമുണ്ടായി.

പക്ഷേ ഇതിനോടൊപ്പം തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ അവകാശപോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച സ്്ത്രീകളെ തടവിലുമാക്കി. ചുമത്തപ്പെട്ട കുറ്റം നേരത്തെ പറഞ്ഞതുപോലെ ദേശ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി, വിദേശ ശക്തികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, തീവ്രവാദം, എന്നിവയായിരുന്നു.

സൗദിയെ ആധുനികവത്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കികൊണ്ടിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച സ്ത്രീകളെ ഒരുവശത്ത് തടവിലാക്കുകയും മറുവശത്ത് ഈ സ്ത്രീകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കി കൈയ്യടി നേടുകയും ചെയ്തു.

2018ല്‍ സൗദി തടവിലാക്കിയ ലൗജെയ്ന്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കടുത്ത പീഡനങ്ങളാണ് അനുഭവിച്ചത്. അന്താരാഷ്ട്രതലത്തില്‍ ഐക്യരാഷ്ട്രസഭ, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങി അനേകം സംഘടനകള്‍ സൗദിയോട് ലൗജെയിനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു.

പക്ഷേ മുഹമ്മദ് ബിന്‍ സല്‍മാന്‍ അനങ്ങിയില്ല. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി എന്ന ആത്മവിശ്വാസവും ഒരുപരിധിവരെ ഈ കൂസലില്ലായ്മയ്ക്ക് കാരണമായി.

രണ്ടര വര്‍ഷത്തോളം ലൗജെയ്ന്‍ കടുത്ത പീഡനങ്ങള്‍ അനുവഭിച്ചു. ലൗജെയ്ന്‍റെ സഹോദരി ലിന അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി.

ലൗജെയ്ന്‍ ജയിലില്‍ കടുത്ത പീഡനത്തിന് ഇരയായെന്നും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും അവരുടെ കുടുംബം പറഞ്ഞു. പക്ഷേ സൗദി ഇത് അംഗീകരിച്ചില്ല.

ലൈംഗിമായി ഉപദ്രവിക്കപ്പെട്ടു എന്ന ആരോപണം നിഷേധിക്കുകയാണെങ്കില്‍ സൗദി ലൗജെയ്‌നെ വിട്ടയക്കാമെന്ന് പറഞ്ഞുവെന്ന് അവരുടെ സഹോദരി ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞു.

ഇതെഴുതി ഞാനെന്റെയും ഒരുപക്ഷേ എന്റെ സഹോദരിയുടെയും ജീവിതം അപകടത്തിലാക്കുകയാണ് എന്ന് പറഞ്ഞ ലിന സൗദിയുടെ ആവശ്യം പൂര്‍ണമായും നിരസിച്ച് സഹോദരി പീഡിപ്പിക്കപ്പെട്ടുവെന്ന് വീണ്ടും വിളിച്ചു പറഞ്ഞു.

ലൗജെയിനൊപ്പം അറസ്റ്റിലായവര്‍ക്കും സമാന പീഡനങ്ങള്‍ നേരിടേണ്ടി വന്നു. വൈദ്യുത കസേരയില്‍ ഇരുത്തിച്ചെന്നും തല്ലിച്ചതച്ചുവെന്നുമാണ് ഈ സ്ത്രീകള്‍ പറഞ്ഞത്.

പിന്നീട് സ്വന്തം കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം പോലും ലൗജെയിന് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ തടവിലിരിക്കുമ്പോഴും അവര്‍ പോരാടി. തടവറയില്‍ സ്വന്തം കുടുംബാംഗങ്ങളെ കാണാനുള്ള അവകാശത്തിന് വേണ്ടി നിരാഹാര സമരമിരുന്നു.

അറബ് രാഷ്ട്രങ്ങളിലെ ഏറ്റവും ശക്തയായ സ്ത്രീയായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത വ്യക്തികൂടിയായിരുന്നു ലൗജെയ്ന്‍. തമാശകള്‍ക്ക് ഇടമില്ലാത്ത സൗദിയില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ ഫഹദ് അല്‍ ബുത്താരിയെയാണ് ലൗജെയ്ന്‍ വിവാഹം ചെയ്തത്.

ലൗജെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കടുത്തതോടെ 2018 മാര്‍ച്ചില്‍ ജോര്‍ദാനില്‍ നിന്നും വിളിച്ചു വരുത്തി ഫഹദിനെയും സൗദി തടവിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൗജെയിനെ വിട്ടയക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നതിനിടെ സൗദി അവരുടെ വിചാരണ നടപടികള്‍ ആരംഭിച്ചു. സൗദി തീവ്രവാദ കോടതി അഞ്ചു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷയാണ് അവര്‍ക്ക് വിധിച്ചത്. 2020 ഡിസംബറില്‍ വന്ന വിധിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ഒരു ആക്ടിവിസ്റ്റായ എന്റെ സഹോദരിയെ തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് തടവിലാക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ കാപട്യമാണ് തുറന്നു കാണിക്കുന്നതെന്ന് ലിന പറഞ്ഞു. പക്ഷേ പ്രതിഷേധങ്ങളൊന്നും മുഹമ്മദ് ബിന്‍ സല്‍മാനെ ഉലച്ചില്ല.

പക്ഷേ ഇപ്പോള്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ കൂടുതല്‍ കടുത്ത നിലപാടുകളിലേക്ക് അമേരിക്ക പോകുമെന്ന സൂചന വരുമ്പോള്‍ ലൗജെയ്‌ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്.

ലൈൗജെയ്‌നെപ്പോലുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പതര്‍ച്ചയില്ലാതെ നിലനില്‍ക്കുന്ന സ്ത്രീകള്‍ ഇനിയും ഉയര്‍ന്നു വരണം. കാരണംമനുഷ്യര്‍ക്ക് മനസ്സിലാവുന്ന രീതിയിലും ഭാഷയിലും കറ കളഞ്ഞ നീതി ബോധത്തെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സൗദി ലൗജെയിനെ വിട്ടയച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ് മറ്റൊന്നും ലഭിക്കുന്നതുവരെ ലൗജെയിന്‍ മോചിതയായി എന്ന് പറയാന്‍ കഴിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Who is Loujain al-Hathloul

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more