ലോകകപ്പ് ഉദ്ഘാടന വേളയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പമുള്ള ഈ 'വലിയ മനുഷ്യന്‍' ആരാണ്?
2022 Qatar World Cup
ലോകകപ്പ് ഉദ്ഘാടന വേളയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പമുള്ള ഈ 'വലിയ മനുഷ്യന്‍' ആരാണ്?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th November 2022, 10:29 pm

ലോകം ഇനി ഖത്തറിലേക്ക് ചുരുങ്ങുകയാണ്. ഭൂമി തന്നെ ഒരു കാല്‍പ്പന്തായി മാറുന്ന കാഴ്ചയാണ് ഇനിയുള്ള ഒരു മാസക്കാലം കാണാന്‍ പോകുന്നത്. ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ഇത്തവണത്തെ ലോകകപ്പിന് ആരംഭമായത്.

ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും വ്യക്തമാക്കിയ ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു. ‘ദി കോളിങ്’ (The Calling) എന്ന ഓപ്പണിങ് സിറമണിയില്‍ ലോകകപ്പിനെത്തിയ എല്ലാവര്‍ക്കും മുമ്പില്‍ ഫ്രീമാന്‍ സംസാരിച്ചു.

മോര്‍ഗന്‍ ഫ്രീമാനൊപ്പം തന്നെ അതേ പ്രസക്തിയോടെ ഉദ്ഘാടന വേളയില്‍ മറ്റൊരാള്‍ കൂടിയെത്തിയിരുന്നു. ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്ത (Khanim al Muftah) ആയിരുന്നു ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ നേടിയെടുത്തത്.

 

നട്ടെല്ലിന്റെ വളര്‍ച്ച ഇല്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം (Caudal Regression Syndrome) എന്ന അപൂര്‍വ രോഗം ബാധിച്ചയാളാണ് മുഫ്ത. എന്നാല്‍ തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാതെ ഒരു സംരംഭകനെന്ന നിലയിലും ആളുകളില്‍ ആത്മവിശ്വാസം നിറക്കുന്ന സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നിന്നാണ് മുഫ്ത ലോകകപ്പ് വേദിയിലേക്ക് ലോകത്തെയൊന്നാകെ ക്ഷണിച്ചത്.

ഇത് ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഇവിടേക്കുള്ള ക്ഷണമാണെന്നായിരുന്നു ഉദ്ഘാടന വേദിയില്‍ വെച്ച് മുഫ്ത പറഞ്ഞത്.

ഈ അപൂര്‍വ രോഗം ബാധിച്ചതിനാല്‍ അധിക കാലം മുഫ്തക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ പലര്‍ക്കും പ്രചോദനമായി മുഫ്ത ഇപ്പോഴും ലോകത്തിന് മുമ്പില്‍ പുഞ്ചിരി തൂകുകയാണ്.

ഭാവിയില്‍ ഒരു പാരാലിമ്പ്യനാകണമെന്നതാണ് മുഫ്തയുടെ ഏറ്റവും വലിയ ആഗ്രഹം. നീന്തല്‍, സ്‌കൂബാ ഡൈവിങ്, ഫുട്‌ബോള്‍ ഹൈക്കിങ് തുടങ്ങിയവയെല്ലാം തന്നെ മുഫ്തയുടെ ഇഷ്ട വിനോദങ്ങളാണ്.

ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ജെബല്‍ ഷാംസ് കയറിയ മുഫ്തയുടെ മനസില്‍ എവറസ്റ്റ് കീഴടക്കണമെന്ന ലക്ഷ്യവും ബാക്കിയുണ്ട്.

ഫ്രീമാനും മുഫ്തക്കും പുറമെ ചടങ്ങിന് മിഴിവേകിയ പല കാഴ്ചകളും ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.

പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബി.ടി.എസിലെ അംഗമായ ജംഗ് കുക്കിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി.

ജംഗ് കുക്കിന്റെ ഡ്രീമേഴ്‌സ് (Dreamers) എന്നു പേരിട്ട മ്യൂസിക് വിഡിയോ ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നു.

 

കനേഡിയന്‍ ഗായിക നോറ ഫത്തേ, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ സംഗീത വിസ്മയം തീര്‍ത്തു.

മുന്‍ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകര്‍ഷണമായി. മുന്‍ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നായിരുന്നു.

 

 

Content Highlight: Who is Khanim Al Mufta with Morgan Freeman at the opening of the World Cup?