| Thursday, 27th February 2020, 10:58 am

നിങ്ങളുടെ ഹരജി പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് ബി.ജെ.പി എം.പിയോട് പറഞ്ഞ ജഡ്ജി; ആരാണ് ജസ്റ്റിസ് എസ് മുരളീധര്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജസ്റ്റിസ് എസ്. മുരളീധര്‍. ദല്‍ഹി കലാപത്തിലെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ നീതി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയേകിയ ശബ്ദം. പൊലീസിന്റെ നിഷ്‌ക്രിയത്വത്തേയും പ്രകോപനപരമായി പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിമര്‍ശിച്ച മുരളീധറിനെ ദല്‍ഹി കലാപത്തിന്റെ സിറ്റിംഗില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ആരാണ് ജസ്റ്റിസ് മുരളീധര്‍.

1984 ല്‍ ചെന്നൈയില്‍ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും എത്തി. ഭോപ്പാല്‍ വാതക ദുരന്തത്തിലും നര്‍മ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നടത്തിയ നിയമഇടപെടലുകള്‍ ശ്രദ്ധേയമാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമകമ്മീഷന്റെ പാര്‍ട്ട് ടൈം അംഗമായും മുരളീധര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്.

ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതും 1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും അദ്ദേഹം ജഡ്ജിയായി നിയമിതനായപ്പോള്‍ തുടക്കകാലത്തെ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു.

2009 ല്‍ മുരളീധര്‍ കൂടി അംഗമായ ബെഞ്ചാണ് സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്‍പര്യ ഹരജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹരജിയാണെന്നു വിധി പറഞ്ഞതും ജസ്റ്റീസ് മുരളീധറായിരുന്നു.

ഇതിന് പുറമെയാണ് സുപ്രീം കോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതിലും മുരളീധര്‍ ഉണ്ടായിരുന്നു.

വിവിധ കലാപങ്ങളിലെ ഇരകള്‍, വിചാരണത്തടവുകാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരികവൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍, ജോലി സ്ഥലത്ത് ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന വിധികളായിരുന്നു അദ്ദേഹം പുറപ്പെടുവിച്ചതില്‍ ഭൂരിഭാഗവും.

നേരത്തെ തന്നെ എസ്. മുരളീധറിനെ സ്ഥലം മാറ്റാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനം പുറത്തുവന്നിരുന്നു. ഇതിനെതിരെ ദല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ദല്‍ഹി കലാപസമയത്തും അദ്ദേഹം ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടത്. ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more