അമേരിക്കയും സൗദിയും ലെബനന്റെ തലപ്പത്തേക്ക് വരണമെന്ന് ആഗ്രഹിച്ച, അവരുടെ ചിര വൈരികളായ ഹിസ്ബുല്ലയുടെ പിന്തുണയാല്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം ചെയ്യപ്പെട്ട, ലെബനന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തപ്പെട്ട ജോസഫ് ഔന്‍ ആരാണ്?
രണ്ട് വര്‍ഷം നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ആര്‍മി ചീഫായ ജോസഫ് ഔന്‍ ലെബനന്റെ 14ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2022 ഒക്ടോബറില്‍ അന്നത്തെ പ്രസിഡന്റ് മൈക്കല്‍ ഔന്‍ ആറുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 12 തവണ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആദ്യ ഘട്ടവോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാന്‍ പാര്‍ലമെന്റിലെ 128 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. എന്നാല്‍ അതിനാവശ്യമായ 86 സീറ്റുകള്‍ ഒന്നാം റൗണ്ടില്‍ നേടാന്‍ ജോസഫ് ഔനിന് കഴിഞ്ഞില്ല.
ഹിസ്ബുല്ല നേതൃത്വത്തിലുള്ള വിഭാഗം വോട്ട് ചെയ്യാതിരുന്നതായിരുന്നു കാരണം. എന്നാല്‍ രണ്ടാം റൗണ്ടില്‍ ഹിസ്ബുല്ലയുടെ കൂടി പിന്തുണ ലഭിച്ചതോടെ 99 വോട്ടുമായി ജോസഫ് ഔന്‍ പ്രസിഡണ്ട് സ്ഥാനം ഉറപ്പിച്ചു.
ലെബനാന്റെ പരമാധികാരം സംരക്ഷിക്കുന്നവരാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താനാണ് ആദ്യ റൗണ്ടില്‍ വിട്ടു നിന്നതെന്ന് ഹിസ്ബുല്ല പാര്‍ലമെന്റ് ബ്ലോക്ക് തലവന്‍ മുഹമ്മദ് റാഅദ് പിന്നീട് വ്യക്തമാക്കി. അങ്ങനെ രണ്ടാം ഘട്ടത്തില്‍ ഹിസ്ബുല്ല വിഭാഗമടക്കമുള്ള 99 അംഗങ്ങളുടെ പിന്തുണ നേടാന്‍ ജോസഫ് ഔന് സാധിച്ചു. ഇതോടെ ജോസഫ് ഔന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ സൈനിക മേധാവി കൂടിയാണ് അദ്ദേഹം.
ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ വടക്കന്‍ ഭാഗത്തെ ഉള്‍പ്രദേശമായ സിന്‍ എല്‍ ഫില്ലില്‍ 1964ലാണ് ജോസഫ് ഔനിന്റെ ജനനം. 1983ല്‍ ലെബനന്‍ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം സൈനിക അക്കാദമിയില്‍ ചേര്‍ന്നു.
ഇക്കാലയളവില്‍ യു.എസ് കൗണ്ടര്‍ ടെററിസം പ്രോഗ്രാമില്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിശീലന പ്രോഗ്രാമുകളിലെ ഭാഗമായതിലൂടെ സേനയുടെ ഉയര്‍ന്ന റാങ്കുകളിലേക്ക് എത്തിപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. സൈനിക മികവ് കണക്കിലെടുത്ത് മൂന്ന് തവണ ലെബനന്റെ യുദ്ധ മെഡലും അദ്ദേഹത്തിന് ലഭിച്ചു. 2017ല്‍ ലെബനന്റെ ആര്‍മി കമാന്‍ഡറായി ചുമതലയേറ്റതോടെയാണ് ജോസഫ് ഔന്‍ കൂടുതല്‍ പ്രസിദ്ധനാവുന്നത്.
ഇതേ വര്‍ഷം സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ ലെബനന്‍ സൈന്യത്തെ നയിച്ചത് ജോസഫ് ഔന്‍ ആയിരുന്നു. ഓപ്പറേഷന്റെ വിജയം ഔനിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. കൂടാതെ യു.എസ്, സൗദി അറേബ്യ, ഖത്തര്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രാദേശിക, അന്തര്‍ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും ഈ വിജയത്തിലൂടെ ഔനിനെ നേടിയെടുക്കാനായി. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് അമേരിക്കയും സൗദി അറേബ്യയും ആഗ്രഹിച്ച പ്രസിഡന്റാണ് ജോസഫ് ഔന്‍ എന്ന് തന്നെ പറയാം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിസ്ബുല്ല പിന്തുണച്ചിരുന്ന മറാഡ മൂവ്‌മെന്റ് നേതാവ് സുലൈമാന്‍ ഫ്രാങ്കി മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് ജോസഫ് ഔന് നറുക്ക് വീഴുന്നത്. മത്സരത്തില്‍ നിന്ന് പിന്മാറിയ ഫ്രാങ്കി സൈനിക മേധാവിക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍യോഗ്യതയുണ്ടെന്ന് പറയുകയായിരുന്നു.
പതിനാല് മാസമായി തുടര്‍ന്ന ഇസ്രഈല്‍-ഹിസ്ബുല്ല പോരാട്ടം അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ നവംബര്‍ 27ന് നിലവില്‍ വന്ന രണ്ടുമാസം നീളുന്ന താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിനു മുമ്പ് ലെബനാന് പ്രസിഡന്റും പ്രധാനമന്ത്രിയും ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു.
അതിനാല്‍ ജോസഫ് ഔനിന്റെ വിജയത്തെ ഫ്രാന്‍സും അമേരിക്കയും ഇസ്രഈലും സ്വാഗതം ചെയ്തിട്ടുണ്ട്. യുദ്ധം കാരണം തകര്‍ന്ന രാജ്യത്തെ സാമ്പത്തിക മേഖല ജോസഫിന് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ രാജ്യം.
നിലവിലെ പ്രധാനമന്ത്രി നജീബ് മിഖാത്തി കാവല്‍ പ്രധാനമന്ത്രി മാത്രമാണ്. അതിനാല്‍ തെക്കന്‍ ലെബനാനില്‍ നിന്ന് ഇസ്രഈലിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം യാഥാര്‍ത്ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ പ്രസിഡണ്ടിന് ഉള്ളത്.
Content Highlight: Who is Joseph Aoun who was elected as the President of Lebanon?