| Sunday, 29th October 2023, 9:28 pm

ആരാണ് യഹോവ സാക്ഷികള്‍? എന്താണ് അവരുടെ വിശ്വാസം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളമശ്ശേരിയിലെ ഞെട്ടിക്കുന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ യഹോവ സഭയുടെ വിശ്വാസിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഡൊമനിക് മാര്‍ട്ടിന്‍ എന്നയാള്‍ പൊലീസില്‍ കീഴടങ്ങിയിരിക്കുകയാണ്. കുറ്റം തെളിയിക്കുന്ന തെളിവുകളടക്കം പൊലീസില്‍ ഹാജരാക്കിയ ഡൊമനിക് മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് ആരാണ് യഹോവ സാക്ഷികള്‍ എന്നും എന്താണ് അവരുടെ വിശ്വാസം എന്നൊക്കെയാണ്.

ക്രൈസ്തവ വിഭാഗത്തില്‍ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. യേശു ദൈവമല്ലെന്നും ദൈവ പുത്രനാണെന്നും വിശ്വസിക്കുന്ന ഇവര്‍ യഹോവയെ ഏകദൈവമായി കണ്ട് ആരാധിക്കുന്നു. വിശ്വാസം ബൈബിളില്‍ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്ന ഇവരുടെ പ്രവര്‍ത്തകര്‍ ‘പ്രചാരകര്‍’ എന്നാണ് അറിയപ്പെടുന്നത്. യഹോവായ സാക്ഷികള്‍ തങ്ങളുടെ സഹവിശ്വാസികളെ സഹോദരന്‍, അല്ലെങ്കില്‍ സഹോദരി എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു.

ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമര്‍ത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്‌കരിക്കുന്നു. വിഗ്രഹാരാധന തെറ്റാണെന്ന് പഠിപ്പിക്കുന്നതിനാല്‍ കുരിശോ മറ്റ് വിഗ്രഹങ്ങളോ ആരാധനക്കായി ഉപയോഗിക്കാറില്ല. വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സന്നദ്ധ സേവകര്‍ ആണ്.

യഹോവയുടെ സാക്ഷികള്‍ ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കുന്നില്ല. എന്നാല്‍ ക്രിസ്തുവിന്റെ മരണദിനം ഇവര്‍ ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടര്‍ പ്രകാരമുള്ള നിസാന്‍ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്.

ആരാധനാലയത്തെ ‘രാജ്യഹാള്‍’ എന്നാണ് വിളിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും യഹോവയുടെ സാക്ഷികള്‍ ഒരു പ്രദേശത്ത് ഒത്തുകൂടി യോഗം ചേരുന്നു. വര്‍ഷത്തില്‍ നടത്തുന്ന കണ്‍വെഷനുകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ലോകവ്യാപകമായി ഇവര്‍ക്ക് ഒരു ലക്ഷത്തില്‍ പരം രാജ്യ ഹാളുകളുണ്ട്.

യഹോവ സാക്ഷികള്‍ രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവര്‍ത്തിക്കാറില്ല. എല്ലാം സത്യദൈവമായ യഹോവയില്‍ സമര്‍പ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാന്‍ മനുഷ്യന് കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവര്‍ക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈനയിലും വിയറ്റ്‌നാമിലും ഇസ്ലാമിക രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു.

സൈനിക സേവനത്തിന് സന്നദ്ധരാകാത്തത് മൂലം നിരവധി രാഷ്ട്രങ്ങളില്‍ ഇവര്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. നാസി ജര്‍മനിയിലും സോവിയറ്റ് റഷ്യയിലുമായിരുന്നു യഹോവ സാക്ഷികള്‍ കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ടിരുന്നത്. ഹിറ്റിലറുടെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതിന് ആയിരക്കണക്കിന് യഹോവ സാക്ഷികളെ ബന്ദികളാക്കുയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

സി.റ്റി. റസല്‍ എന്ന ബൈബിള്‍ ഗവേഷകന്‍ 1876ല്‍ സ്ഥാപിച്ച ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ എന്ന ബൈബിള്‍ പഠന സംഘടനയാണ് 1931ല്‍ യഹോവയുടെ സാക്ഷികളായത്. ലോകത്താകെ രണ്ട് കോടിയോളം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്ന വിഭാഗം.

1905ലാണ് കേരളത്തില്‍ ഇവര്‍ പ്രചാരണത്തിനായെത്തിയത്. പിന്നെയും അരനൂറ്റാണ്ട് കഴിഞ്ഞാണ് സജീവമായിത്തുടങ്ങിയത്. സി.റ്റി. റസല്‍ 1912ല്‍ പ്രസംഗിച്ച തിരുവനന്തപുരം ബാലരാമപുരത്തിന് അടുത്ത സ്ഥലം ഇപ്പോള്‍ റസല്‍പുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് റസലിനെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്ത് അന്നത്തെ വി.ജെ.ടി ഹാളില്‍ പ്രസംഗം നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മഹാരാജാവ് റസലിന്റെ കൈയില്‍ നിന്നും ബൈബിളും, ‘തിരുവെഴുത്തുകളുടെ പഠനം’ എന്ന റസല്‍ എഴുതിയ പുസ്തകങ്ങളും സ്വീകരിച്ചു. രാജാവ് ആവശ്യാര്‍ത്ഥം റസലിന്റെ ചിത്രം കൊട്ടാരത്തില്‍ സൂക്ഷിക്കപ്പെട്ടു.

കേരളത്തില്‍ പതിനയ്യായിരത്തോളം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തനം. ഇപ്പോള്‍ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ഷത്തില്‍ മൂന്നു തവണ ഇവര്‍ കണ്‍വന്‍ഷന്‍ നടത്താറുണ്ട്. ഇരുനൂറിലേറെ ദേശങ്ങളില്‍ പ്രവര്‍ത്തനം ഉണ്ട്.

കേരളത്തിലെ വിശ്വാസികള്‍ 1986ല്‍ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് നേടിയ നിയമവിജയത്തോടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്