അഹമ്മദാബാദ്: കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയല്ല, ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.
ഗുജറാത്തിലെ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഇസുദന്‍ ഗദ്വിയെയാണ് കെജ്‌രിവാള്‍ ഗുജറാത്തിനെ നയിക്കാന്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി നടത്തിയ ‘ചൂസ് യുവര്‍ സി.എം’ ക്യാമ്പെയ്നിന്റെ ഭാഗമായുള്ള വോട്ടിങ്ങിലൂടെയാണ് ഗദ്‌വിയെ നിശ്ചയിച്ചത്.
വോട്ടെടുപ്പില്‍ പങ്കെടുത്ത 16 ലക്ഷം പേരില്‍ 73% ആളുകളും ഗദ്‌വിയുടെ പേര് നിര്‍ദേശിച്ചതായാണ് കെജ്‌രിവാള്‍ പറഞ്ഞത്.
ആരാണ് ഇസുദന്‍ ഗദ്‌വി?
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് 40കാരനായ ഇസുദന്‍ ഗദ്‌വി. 2021ലാണ് ഗദ്‌വി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഗദ്‌വിയുടെ വരവ്.
ഗുജറാത്തിലെ ഒ.ബി.സി വിഭാഗമായ ഗദ്വി വിഭാഗത്തിലാണ് അദ്ദേഹം ഉള്‍പ്പെടുന്നത്. ഗുജറാത്തിലെ ജനസംഖ്യയുടെ 48 ശതമാനം ഒ.ബി.സികളാണ്. ഗദ്‌വിയുടെ സ്വന്തം നിലയിലുള്ള ജനപ്രീതിയും ഒപ്പം വളരെ മികച്ച പ്രതിച്ഛായയും കാരണമാണ് എ.എ.പി ഗുജറാത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത്.
ഖംബലിയ, ജാംനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഗദ്‌വി വിദ്യാഭ്യാസം നേടിയിട്ടുള്ളത്. കൊമേഴ്‌സ് ബിരുദധാരിയായ അദ്ദേഹം 2005ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
ദൂരദര്‍ശനില്‍ ട്രെയിനി ജേര്‍ണലിസ്റ്റായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഗദ്‌വി 32ാം വയസ്സില്‍ വി.ടി.വി ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനത്തെത്തി. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ ഊന്നല്‍ നല്‍കിയതെന്നത് അദ്ദേഹത്തിന് ജനപ്രീതി നല്‍കി.
കൊവിഡ് കാലത്തെ ഗദ്‌വിയുടെ ടെലിവിഷന്‍ പരിപാടികള്‍ വലിയ ജനപ്രതീ നേടിയിരുന്നു. വി.ടി.വി ന്യൂസില്‍ ഗദ്‌വി അവതരിപ്പിക്കുന്ന മഹാമന്‍തന്‍ എന്ന വാര്‍ത്താ വിശകലന പരിപാടി പ്രൈം ടൈമില്‍ രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍, പരിപാടിയുടെ ജനപ്രീതി കാരണം പിന്നീട് 9.30 വരെ നീട്ടി.
‘ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് എന്റെ പരിപാടിക്കുള്ളത്. ജനങ്ങള്‍ എനിക്ക് സ്നേഹം നല്‍കുന്നു. സ്റ്റുഡിയോക്ക് പുറത്ത് പരിപാടി അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ ഒത്ത് ചേരുന്നു. പ്രത്യേകിച്ച് കര്‍ഷകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവര്‍ എന്നില്‍ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ട്,’ എന്നാണ് ഗദ്വി പറയുന്നത്.
ജനങ്ങള്‍ക്ക് പ്രത്യാശ പകരുന്ന ഒരു നായകനാണ് താനെന്ന് ഗദ്‌വി സ്വയം വിശേഷിപ്പിക്കുന്നുമുണ്ട്. ദാങ് ജില്ലയിലെ 150 കോടി രൂപയുടെ വനംകൊള്ള പുറത്തു കൊണ്ടുവന്നതോടെയാണ് ഗദ്‌വി ശ്രദ്ധേയനായത്.
Content Highlight: Who is Isudan Gadhvi, AAP’s newly-announced Gujarat CM candidate?