ഉമ്മ വെയ്ക്കാന്‍ പഠിപ്പിക്കുന്നവരല്ല ഇന്റിമസി ഡയറക്ടേഴ്‌സ്
അഞ്ജന പി.വി.

ഗെഹരായിയാന്‍ എന്ന ഹിന്ദി സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ നമ്മളെല്ലാവരും ശ്രദ്ധിച്ച ഒരു പുതിയ വാക്കാണ് ഇന്റിമസി ഡയറക്ടര്‍ എന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഇന്റിമസി ഡയറക്ടര്‍ക്ക് സിനിമയുടെ പോസ്റ്ററില്‍ ഇടം ലഭിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

ആരാണ് ഇന്റിമസി ഡയറക്ടര്‍? എന്താണ് അവരുടെ ഉത്തരവാദിത്വങ്ങള്‍? ഇന്റിമസി ഡയറക്ടറുടെ ആവശ്യം സിനിമകളിലുണ്ടോ?

വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ ജീവിച്ചു വരുന്ന രണ്ട് വ്യക്തികള്‍ ക്രിയേറ്റീവായ ഒരു സ്‌പേസില്‍ വന്നഭിനയിക്കുക എന്നത് തന്നെ കുറച്ച് പ്രയാസം നിറഞ്ഞ കാര്യമാണ്. അതേ ആക്ടര്‍സ് തന്നെ കുറേക്കൂടി ഇന്‍വോള്‍വ്ഡ് ആയ ഇന്റിമേറ്റ് ആയ രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോഴോ? അതിനു ഒരുപാട് സമയവും, ചിന്തയും, അധ്വാനവും ആവശ്യമായി വരും. ഇന്റിമേറ്റായുള്ള ഫിസിക്കലി ഇന്‍വോള്‍വ്ഡ് ആയ രംഗങ്ങള്‍ ഒട്ടും വള്‍ഗറാകാതെ അതിന്റെതായ എസ്തറ്റിക്‌സില്‍ അവതരിപ്പിക്കുവാനാകുക എന്നത് വളരെ പ്രധാനമാണ്.

ഇങ്ങനെയുള്ള അവസരങ്ങളിലാണ് ഒരു ഇന്റിമസി കോച്ചിന്റെ ആവശ്യമുണ്ടാകുക. ഇന്റിമസി കോച്ച് എന്നത് സിനിമാ ലോകത്തെ ഒരു പുത്തന്‍ കോണ്‍സെപ്റ്റ് ആണ്. ഇവര്‍ സിനിമയിലെ പശ്ചാത്തലം മനസിലാക്കിക്കൊണ്ട് ഓരോ ഇന്റിമേറ്റ് രംഗങ്ങളും ഡയറക്ടറുടെ വിഷനിനനുസരിച് സ്‌ക്രീനിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്നു.

പലപ്പോഴും ഡയറക്ടര്‍ക്ക് ഇത്തരം രംഗങ്ങള്‍ അഭിനേതാകള്‍ക്ക് പറഞ്ഞു നല്‍കി, മനസിലുള്ള ചിത്രമെന്തെന്ന് മനസിലാക്കി കൊടുക്കുവാന്‍ സാധിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ ഇന്റിമസി ഡയറക്ടര്‍ ആണ് സംവിധായകനും അഭിനേതാക്കള്‍ക്കുമിടയില്‍ ഒരു മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിക്കുക.

ഇന്ത്യയില്‍ ഗെഹരായിയാന്‍ എന്ന സിനിമക്ക് മുന്‍പും ഇന്റിമസി ഡയറക്ടര്‍സ്, വെബ് സീരിസുകളുടെ ഭാഗമായിരുന്നു. ആസ്ഥ ഖന്ന എന്ന ഇന്ത്യയിലെ മികച്ച ഇന്റിമസി കോച്ച് പറയുന്നത്, ‘പ്രണയ രംഗങ്ങള്‍ അവതരിപ്പിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അഭിനേതാക്കള്‍ പൊതുവെ സെന്‍സിറ്റീവ് ആയ മനുഷ്യരാണ്. അവരുടെ ബൗണ്ടറികള്‍, അവരുടെ കംഫര്‍ട് മനസിലാക്കികൊണ്ട് വേണം ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍,’

ഈ മേഖലയില്‍ മൂന്ന് തരത്തിലുള്ള ഡെസിഗിനേഷന്‍ ആണുള്ളത്. ഇന്റിമസി കോര്‍ഡിനേറ്റര്‍, ഇന്റിമസി ഡയറക്ടര്‍, ഇന്റിമസി കോച്ച്.

ഇതില്‍ കോര്‍ഡിനേറ്റര്‍ പൊതുവെ സ്‌ക്രിപ്റ്റില്‍ പറഞ്ഞിരിക്കുന്ന സീനുകളുടെ എക്‌സിക്യൂഷന് വേണ്ടി സഹായിക്കുക, അഭിനേതാക്കളെ അത്തരം സിനുകള്‍ക്ക് വേണ്ട കംഫര്‍ട്ടില്‍ എത്തിക്കുക, അതുപോലെ ഇന്റിമേറ്റ് രംഗങ്ങള്‍ അവതരിപ്പിക്കുന്നതിന് ഏതെങ്കിലും രീതിയിലുള്ള കോണ്‍ട്രാക്ടുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുക എന്നതൊക്കെയാണ് ചെയ്യേണ്ടി വരിക.

എന്നാല്‍ ഇന്റിമസി ഡയറക്ടര്‍ക്ക് ആ രംഗങ്ങളില്‍ ഷൂട്ടിംഗ് സമയത്ത് വണ്ട മാറ്റം കൊണ്ട് വരാം, ഇത്തരം രംഗങ്ങള്‍ക്ക് വേണ്ടുന്ന ബാക്ക്ഗ്രൗണ്ട്, സെറ്റിംഗ്‌സ് എല്ലാം ഒരുക്കേണ്ടതുമുണ്ട്.

ഇന്റിമസി കോച്ച് ഇത് രണ്ടില്‍ നിന്നും വ്യത്യസ്തമാണ്. ഇന്റിമസി കോച്ച് സിനിമയുടെ തുടക്കക്കാലം മുതല്‍ തന്നെയുണ്ടാകും. സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളുടെ സമയത്ത് തന്നെ സംവിധായകര്‍ക്കൊപ്പം ഇരുന്ന് ആ രംഗത്തെകുറിച്ച് വ്യക്തമായ രൂപം നല്‍കി, അതില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വരെ ചര്‍ച്ച ചെയ്യും. ആ രംഗത്തില്‍ അഭിനേതാക്കളുടെ വസ്ത്രധാരണം മുതല്‍ ബാക്ഗ്രൗണ്ടിലെ ചെറിയ കാര്യങ്ങളുടെ ഡീറ്റൈലിങ് വരെ ഇന്റിമസി കോച്ചാകും നിര്‍ദേശിക്കുക.

ഇവര്‍ സിനിമയുടെ ഷൂട്ടിംഗിന് മുന്‍പ് തന്നെ ആക്ടര്‍സിനെ കുറേകൂടി മനസിലാക്കാനായി സൈക്കോളജിക്കല്‍ ഗെയിംസ്, ഫണ്‍ ആക്ടിവിറ്റീസ് ഉള്‍പ്പെടുന്ന വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഇതില്‍ തന്നെയാണ് ഈ രംഗങ്ങളുടെ റിഹേഴ്‌സല്‍ സംഭവിക്കുക.

ദര്‍ ഗയ്, നേഹ വ്യാസ് എന്ന ഗെഹരായിയാന്‍ എന്ന സിനിമയുടെ ഇന്റിമസി കോച്ചും ഡയറക്ടറും പറയുന്നത് ഇങ്ങനെയുള്ള വര്‍ക്ക് ഷോപ്പിലൂടെ ആക്ടര്‍സ് തമ്മിലും, മൊത്തം അണിയറ പ്രവര്‍ത്തകരും തമ്മില്‍ ഒരു വിശ്വാസവും, സൗഹൃദവും രൂപപ്പെടും അത് തീര്‍ച്ചയായും ഇന്റിമേറ്റ് രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന് സഹായിക്കും. മാത്രമല്ല അഭിനേതാക്കള്‍ക്ക് തന്റെ ബൗണ്ടറികള്‍, സെക്‌സ് സംബന്ധിച്ച ട്രോമകള്‍ എന്നത് വ്യക്തമാക്കാനുള്ള സാഹചര്യവും ഇതിലൂടെ ലഭിക്കുന്നു.

ആഗോള തലത്തില്‍ തന്നെ മീ ടൂ ക്യാമ്പയിനു ശേഷമാണ് സിനിമ സെറ്റുകളില്‍ ഒരു ഇന്റിമസി ഡയറക്ടര്‍ അത്യാവശ്യമാണെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നത്.

ഹോളിവുഡ് ഇന്‍ഡസ്ട്രിയില്‍ മുന്‍പും ഇത്തരത്തിലുള്ള ഇന്റിമസി ഡയറക്ടര്‍സ് ഉണ്ടായിരുന്നെങ്കിലും, പല ആക്ടര്‍സും തനിക്കൊരുപാട് കോംപ്രമൈസുകള്‍ ഇങ്ങനെയുള്ള രംഗങ്ങളില്‍ ചെയേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞതിന് ശേഷം ഒരുവിധമെല്ലാ സിനിമകളിലും ആക്ഷന്‍ ഡയറക്ടര്‍, കോസ്റ്റും ഡിസൈനര്‍ എന്നത് പോലെ ഇന്റിമസി ഡയറക്ടര്‍സിനെയും നിയമിക്കുവാന്‍ തുടങ്ങി.

ഇതിനെ വളരെ പ്രൊഫഷണല്‍ ആയൊരു അപ്രോച്ചായിട്ടാണ് സിനിമലോകം ഏറ്റെടുത്തത്. നെറ്റ്ഫ്‌ളിക്സ് സീരീസായ സെക്‌സ് എഡ്യൂക്കേഷനിലെ ഇന്റിമസി ഡയറക്ടര്‍സ് ആയ ഇറ്റ ഒബ്രയന്‍, ഡേവിഡ് താക്കരെ, ആലീസിയ റോഡിസ്, ബ്ലൂമെന്തല്‍ തുടങ്ങിയവരാണ് ലോകത്തെ പ്രശസ്തരായ ചില ഇന്റിമസി ഡയറക്‌റ്റേഴ്‌സ്.

ഇത്തരം ഡയറക്ടര്‍സിനെ നിയന്ത്രിക്കുന്നതിനും, പരിശീലിപ്പിക്കുന്നതിനും, സഹായിക്കുന്നതിനുമായി ഇന്റിമസി ഡയറക്ടര്‍സ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രൊഫഷണല്‍ സംഘം തന്നെ യു.കെയില്‍ ഉണ്ട്. സൈക്കോളജി, നിയമം, ആര്‍ട്‌സ് തുടങ്ങി വിവിധ വിഷയങ്ങളാണ് ഇവര്‍ പഠിക്കുന്നത്.

രണ്ട് പൂക്കള്‍ വന്ന് കൂടി ചേരുന്നതും, പക്ഷികളുടെ കൊക്കുരുമുന്നതില്‍ നിന്നൊക്കെ മാറി ഇന്റിമേറ്റ് രംഗങ്ങളെ വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ് ഇന്നത്തെ സിനിമ ലോകം. അതുകൊണ്ട് തന്നെ, അഭിനേതാക്കളുടെ സുരക്ഷ, സമ്മതം, കംഫര്‍ട് എന്നതും, ആസ്വാധകന്റെ ഏസ്തറ്റിക്‌സ് എന്താണെന്നതും പരിഗണിക്കേണ്ടതുണ്ട്. ഇന്റിമസി കോച്ച് എന്ന ഈ പുതിയ മേഖല അത്തരത്തിലുള്ള സാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്


Content Highlight : Who is Intimacy  Director  ? What are their responsibilities? Is there a need for an Intimacy Director in movies?