| Friday, 18th September 2020, 12:07 pm

ആരാണ് ഖുര്‍ആനെ അവഹേളിക്കുന്നത്? മാധ്യമങ്ങളോ സ്വര്‍ണ്ണക്കടത്ത് സംഘമോ അവരുടെ ബന്ധുക്കളോ?

ഡോ. ആസാദ്

സ്വര്‍ണ കള്ളക്കടത്തിന് ഖുര്‍ആന്‍ കൊണ്ടു മറയൊരുക്കരുത് എന്നു പറയുന്നത് ഖുര്‍ആനോടുള്ള വിരോധംകൊണ്ടാണെന്നു പറയാന്‍ കള്ളക്കടത്തു സംഘത്തിനും അവരുടെ ബന്ധുക്കള്‍ക്കും മാത്രമേ കഴിയൂ.

ആരാണ് ഖുര്‍ ആനെ അവഹേളിക്കുന്നത്? ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നു സംശയിക്കുന്ന ദേശീയ ഏജന്‍സികളാണോ? ആ അന്വേഷണം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങളാണോ? അതോ സ്വര്‍ണക്കടത്ത് അന്വേഷണത്തെ ഖുര്‍ആനെതിരെയുള്ള അക്രമമായി ചിത്രീകരിക്കുന്നവരാണോ?

ഖുര്‍ആന്റെ സ്ഥാനത്ത് മറ്റേതു കൃതിയുമാവാം. എന്നാല്‍ മതഗ്രന്ഥത്തിനുള്ള വിശിഷ്ട പദവി ഒന്നു വേറെയാണല്ലോ. ആ പരിരക്ഷയും പ്രതിരോധ ശേഷിയും കള്ളക്കടത്തു സംഘം പ്രയോജനപ്പെടുത്തിയില്ല എന്ന് എങ്ങനെ ഉറപ്പിക്കും?

കെ.ടി ജലീല്‍ അറിഞ്ഞോ അറിയാതെയോ ഖുര്‍ആന്‍ വിതരണത്തിന്റെ കണ്ണിയായി മാറി. യു.എ.ഇ കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാവാം. സ്വപ്ന സുരേഷിന്റെ ഇടപെടലുണ്ടാവാം. സ്വര്‍ണക്കടത്തിന് അവര്‍ ഖുര്‍ആന്‍ ഉപയോഗിച്ചോ എന്നത് അവര്‍ക്കേ അറിയൂ. നമുക്കു തീര്‍ച്ചയില്ല, സംശയമേയുള്ളു.

കള്ളക്കടത്തു സംഘം അതു ചെയ്തുവെങ്കില്‍ മന്ത്രി അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമായി എന്നതാണ് പ്രശ്‌നം. മന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിന്റെ വാഹനത്തിലാണ് ഗ്രന്ഥം മലപ്പുറത്തെത്തിച്ചത്. അതിന്റെ നിയമപരമായ വഴക്കങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടുവോ എന്ന ചോദ്യവും പ്രസക്തമാണ്. അത് അന്വേഷിച്ചാല്‍ ഖുര്‍ ആന്‍ എതിര്‍ക്കപ്പെടുന്നു എന്ന നിലവിളി ഉയരുന്നത് എന്തുകൊണ്ടാവും? അത് ആരെ രക്ഷിക്കാനാവും?

പിന്നെ മറ്റൊരു പ്രശ്‌നവുമുണ്ട്. ഒരു മതേതര ജനാധിപത്യ സര്‍ക്കാറിന്റെ ഔദ്യോഗിക വാഹനം മതഗ്രന്ഥങ്ങള്‍ കൊണ്ടുപോവാന്‍ ഉപയോഗിക്കാമോ? ബി.ജെ.പി ഗവണ്‍മെന്റ് പാഠപുസ്തകത്തിനൊപ്പം ഭഗവത് ഗീതയുടെ പ്രചാരണം നിര്‍വ്വഹിച്ചാല്‍ അനുവദിക്കാന്‍ കഴിയുമോ? ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗത്തിന് ചില ചട്ടങ്ങളൊക്കെയില്ലേ? ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അക്കാര്യത്തില്‍ കര്‍ക്കശ നിലപാടുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എന്തുപറ്റിയെന്ന് അറിയില്ല.

അപ്പോള്‍ ആരാണ് ഖുര്‍ആനെ അവഹേളിച്ചത്? ആരാണ് ‘വിശുദ്ധഗ്രന്ഥ’ത്തെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്? ആരാണ് കുറ്റാന്വേഷണത്തെ വര്‍ഗീയത കലര്‍ത്തി വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്? ഖുര്‍ആനോടു ബി.ജെ.പി വിരോധം തീര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് കൂട്ടു നില്‍ക്കുന്നുവെന്നും മുസ്ലീം ലീഗ് ബി.ജെ.പിക്കൊപ്പം കൂടുന്നുവെന്നും വ്യാഖ്യാനം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കുന്നതെന്താണ്? ഖുര്‍ആന്‍ ഉപയോഗിച്ചു സ്വര്‍ണം കടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ചെയ്തതിലും ഹീനമായ കൃത്യമാണ് ഖുര്‍ആനെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിട്ടു വര്‍ഗീയത കത്തിക്കുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: who is insulting quran fb post of dr azad

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more