ഷൗക്കത്ത്
ആരാണ് മനുഷ്യന്‍?
സര്‍വ്വജീവജാലങ്ങളുടെയും
വാസനകളെ ഉള്‍വഹിക്കുന്ന,
ഒപ്പം മനുഷ്യന്‍ എന്ന ഉണര്‍വ്വുനല്കുന്ന സംസ്‌ക്കാരത്തിനുകൂടി ഉടമയായ
വ്യക്തിസത്തയാണ് നാം ഓരോരുത്തരും.
എപ്പോഴാണോ ഏറ്റവും ചുരുങ്ങിയത്
ദേശത്തിനു മുകളിലുള്ള
അഭിമാനം കൊഴിഞ്ഞുവീണ്
പാശ്ചാത്യനെന്നോ പൗരസ്ത്യനെന്നോ ഇല്ലാതെ
ഞാന്‍ ഭൂമിയില്‍ വസിക്കുന്നവന്‍
എന്നു പറയാനാകുന്നത്,
എപ്പോഴാണോ ജാതിമതചിന്തകളെല്ലാം അഴിഞ്ഞുവീണ് ഞാന്‍ മനുഷ്യവര്‍ഗ്ഗക്കാരനെന്ന് അറിയാനാകുന്നത്,
എപ്പോഴാണോ സ്ത്രീ പുരുഷന്‍ എന്ന വിഭാഗീയതകളകന്ന്
ജീവന്‍ എന്നു വ്യവഹരിക്കാനാവുന്നത്,
എപ്പോഴാണോ ആകാശവും പുഴയോരങ്ങളും
കടല്‍ത്തീരവും കാടും മലകളുമെല്ലാം
ആരാധനാലയങ്ങളെപ്പോലെ അനുഭവിക്കാനാകുന്നത്,
എപ്പോഴാണോ ഇവിടെ, ഇപ്പോള്‍ സമാധാനത്തോടെ
ജീവിക്കാനുള്ള വഴികളിലേക്ക് നന്മയോടെ തിരിയുന്നത്,
അപ്പോള്‍ നാം മനുഷ്യരായിത്തുടങ്ങിയിരിക്കുന്നുവെന്ന്
മനസ്സിലാക്കാം.
(ടാഗോറിനോടു സ്‌നേഹം)