| Sunday, 8th December 2024, 6:38 pm

ആരാണ് സിറിയ പിടിച്ചെടുത്ത ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

54 വര്‍ഷത്തോളമായി സിറിയയില്‍ അധികാരത്തിലിരുന്ന അസദ് കുടുംബത്തിനെതിരായി അമേരിക്കയുടേയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ പ്രതിപക്ഷം നടത്തി വരുന്ന സായുധകലാപങ്ങള്‍ക്ക് പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

നീണ്ട 13 വര്‍ഷമായി വിവിധ ‘വിമത ഗ്രൂപ്പു’കളും സര്‍ക്കാരും തമ്മില്‍ നടത്തുന്ന പോരാട്ടത്തിനൊടുവില്‍ ‘വിമതസംഘം’ സിറിയ പിടിച്ചു. ഈ വിമത നീക്കത്തിന് മുന്‍കൈ എടുത്തതാകട്ടെ ഒരു കാലത്ത് അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ‘വിമത ഗ്രൂപ്പാ’യ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം ആണ്.

ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം

സിറിയയും യു.എസും റഷ്യയും അടക്കമുള്ള ലോകരാജ്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച സിറിയയിലെ സുന്നി ഇസ്‌ലാമിക സംഘടനയാണ് ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം അഥവാ എച്ച്.എസ്.ടി. അല്‍ ഖ്വയ്ദയുടെ കീഴില്‍ ഈ സംഘടന രൂപീകൃതമാവുമ്പോള്‍ ജബത്ത് അല്‍ നുസര്‍ എന്ന മറ്റൊരു പേരിലായിരുന്നു ഗ്രൂപ്പ് രൂപം കൊണ്ടത്.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) നേതാവായ അബു ബക്കര്‍ അല്‍-ബാഗ്ദാദി എച്ച്.എസ്.ടിയുടെ രൂപീകരണത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആശയപരമായ വ്യത്യാസങ്ങളാല്‍ അല്‍ ഖ്വയ്ദയില്‍ നിന്ന് പിളര്‍ന്നപ്പോള്‍ സംഘടന ജബത്ത് അല്‍ നുസര്‍ എന്ന പേര് ഉപേക്ഷിച്ച് തഹ്‌രീര്‍ അല്‍-ഷാം എന്ന് പേര് സ്വീകരിക്കുകയായിരുന്നു. അമേരിക്ക 10 മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട അബു മുഹമ്മദ് അല്‍ ജൂലാനിയുടെ നേതൃത്വത്തിലായിരുന്നു ഈ വിഭജനം നടന്നത്.

13 വര്‍ഷങ്ങളായി സിറിയയിലെ വിവിധ ‘വിമത ഗ്രൂപ്പു’കളും അസദ് സര്‍ക്കാരും തമ്മില്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏകദേശം പത്ത് ദിവസങ്ങളുടെ ഇടവേളയിലാണ് എച്ച്.എസ്.ടി സിറിയയിലെ നാല് പ്രധാനനഗരങ്ങള്‍ പിടിച്ചെടുക്കുന്നത്.

ആദ്യം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോയില്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യതലസ്ഥാനമായ ഡമസ്‌കസിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് വളരെ കുറച്ച് സമയമെ എടുത്തുള്ളു എന്നത് സിറിയന്‍ സൈന്യത്തിന്റെ ശക്തിയെപ്പോലും ചോദ്യമുനയില്‍ നിര്‍ത്തുന്നു.

അധികാരത്തിലേറിയാല്‍ ന്യൂനപക്ഷങ്ങളെപ്പോലും സംരക്ഷിക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിക്കുക എന്ന് വിമതസംഘം പ്രഖ്യാപിക്കുന്നുണ്ട്. അഞ്ച് വര്‍ഷമായി തങ്ങള്‍ അധികാരത്തിലിരിക്കുന്ന ഇഡ്‌ലിബില്‍ ഇപ്രകാരമാണ് ഭരണം നടത്തുന്നതെന്ന് വിമതസംഘം പറയുന്നുണ്ടെങ്കിലും ഒരു കാലത്ത് അല്‍ ഖ്വയ്ദയുടെ പാതയില്‍ സഞ്ചരിച്ചിരുന്ന ഒരു ‘വിമതസംഘ’ത്തില്‍ നിന്ന് എത്രത്തോളം പുരോഗമന നിലപാടുകളും ജനാധിപത്യ സ്വഭാവങ്ങളും പ്രതീക്ഷിക്കാന്‍ കഴിയും എന്ന് ആശങ്കയിലാണ് ലോകം.

അല്‍ ഖ്വയ്ദയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം, സിറിയയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു എച്ച്.ടി.എസ്. ഗ്രൂപ്പിന്റെ നേതാവ് അബു മുഹമ്മദ് അല്‍-ഗോലാനി സി.എന്‍.എന്നിന് അനുവദിച്ച അഭിമുഖത്തില്‍ അസദ് ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് തന്റെ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുറച്ചുകാലമായി ഈ വിമതസംഘത്തിന്റെ ശക്തികേന്ദ്രം വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബില്‍ ആണ് സ്ഥിതി ചെയ്യുന്നത്. സിറിയന്‍ നാഷണല്‍ ആര്‍മി എന്നറിയപ്പെടുന്ന ടര്‍ക്കിഷ് പിന്തുണയുള്ള സിറിയന്‍ മിലിഷ്യകളുടെ ഒരു കുട സംഘത്തോടൊപ്പമാണ് എച്ച്.ടി.എസ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 30,000 പോരാളികള്‍ വരെ ഇവര്‍ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Content Highlight: Who is Hayat Tahrir al-Sham, the rebel group that seized Syria?

Video Stories

We use cookies to give you the best possible experience. Learn more