'56 ഇഞ്ചുള്ള' മോദി ഭയക്കുന്ന 18 കാരി പെണ്‍കുട്ടി...ആരാണ് ഗ്രെറ്റ തന്‍ബെര്‍ഗ്?
Greta Thunberg
'56 ഇഞ്ചുള്ള' മോദി ഭയക്കുന്ന 18 കാരി പെണ്‍കുട്ടി...ആരാണ് ഗ്രെറ്റ തന്‍ബെര്‍ഗ്?
കവിത രേണുക
Friday, 5th February 2021, 3:53 pm

ഗ്രെറ്റ തന്‍ബെര്‍ഗ് എന്ന 18 കാരി വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഗ്രെറ്റ ട്വീറ്റ് ചെയ്തിന് പിന്നാലെ ഇന്ത്യയിലെ വലത് രാഷ്ട്രീയ സംഘങ്ങളില്‍ നിന്നും രൂക്ഷമായ സൈബര്‍ ആക്രമണമണവും ഗ്രെറ്റ നേരിട്ടു. ഗ്രെറ്റയുടെ ട്വീറ്റിന് പിന്നാലെ ദല്‍ഹി പൊലീസ് അവര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി.

കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഗ്രെറ്റ വീണ്ടും രംഗത്തെത്തി. ഒന്നു കൂടി ഉറച്ച ശബ്ദത്തില്‍ ഗ്രെറ്റ പറഞ്ഞു. ‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെയായിരിക്കും. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ ഭീഷണികളോ എന്റെ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല…’

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ഗ്രെറ്റയുടെ ട്വീറ്റിന് പിന്നില്‍ ഖലിസ്ഥാന്‍ അനുകൂല സംഘനടയെന്ന ആരോപണവുമായാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് കേസ്. ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.

ഉറച്ച നിലപാടോടെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന, ഇന്ന് കേന്ദ്രം ഭയപ്പെടുന്ന ഈ 18 കാരി ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ക്ക് മുന്നില്‍ വെച്ച് നടത്തിയ പ്രസംഗത്തിലൂടെയാണ് ഗ്രെറ്റ ലോകശ്രദ്ധയാകര്‍ഷിച്ചത്. മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികളോട് ‘ഹൗ ഡെയര്‍ യൂ’ എന്ന് ഉറച്ച ശബ്ദത്തില്‍ ഗ്രെറ്റ അന്ന് മൈക്കിലൂടെ വിളിച്ച് ചോദിച്ചത് ആഗോളതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

അന്നത്തെ ഗ്രെറ്റയുടെ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്;

അര്‍ത്ഥശൂന്യമായ വാക്കുകളിലൂടെ നിങ്ങള്‍ എന്റെ സ്വപ്നവും ബാല്യവും കവര്‍ന്നു. മനുഷ്യര്‍ പൊറുതിമുട്ടുകയാണ്, മനുഷ്യര്‍ മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥകളും തകരുകയാണ്, വംശനാശത്തിന്റെ വക്കിലാണ് നമ്മള്‍, എന്നിട്ടും നിങ്ങള്‍ സംസാരിക്കുന്നതത്രയും പണത്തെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ച്. എങ്ങിനെ ധൈര്യം വന്നു നിങ്ങള്‍ക്ക്?

ലോകത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ ഒറ്റയാള്‍ പോരാട്ടം വിവിധ രാജ്യങ്ങളിലായി പടര്‍ന്ന് പിടിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയും ചെയ്തു.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉറക്കം കെടുത്തിയപ്പോഴാണ് സ്വീഡനിലെ ഈ പതിനാറ് വയസ്സുകാരി പഠിപ്പ് മുടക്കാന്‍ തീരുമാനിച്ചത്. സ്വീഡനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്. ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നും ചെയ്യാത്ത സ്വീഡിഷ് സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു ഗ്രെറ്റയുടെ ഉദ്ദേശം. പാരീസ് കരാര്‍ അനുസരിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീഡിഷ് സര്‍ക്കാര്‍ കൈക്കൊള്ളണമെന്നതായിരുന്നു ഗ്രെറ്റയുടെ ആവശ്യം.

തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ ദിവസങ്ങളിലും, തെരഞ്ഞെടുപ്പിന് ശേഷം വെള്ളിയാഴ്ചകളിലും ഗ്രെറ്റ സ്‌കൂളില്‍ പോകുന്നതിന് പകരം പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി. സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സ്‌കൂള്‍ ബാഗും ലഘുലേഖകളുമായി തനിച്ച് നില്‍ക്കുന്ന തന്നെ കളിയാക്കിയവരോട് ഗ്രെറ്റ മറുപടിയായി ചോദിച്ചു. ഇല്ലാത്ത ഒരു ഭാവിക്ക് വേണ്ടി എന്തിനാണ് ഞാന്‍ പഠിക്കുന്നത്.

വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി എന്ന പേരില്‍ ഗ്രെറ്റ ആരംഭിച്ച സമരത്തില്‍ ആദ്യം അവളുടെ കൂട്ടുകാരികള്‍ ഒപ്പം ചേര്‍ന്നു. പതിയെ രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് ഈ സമരം പടര്‍ന്നു പിടിച്ചു. പിന്നീട് അയല്‍ രാജ്യങ്ങളും സമരത്തിലേക്ക് വന്നു. 139 രാജ്യങ്ങളില്‍ നിന്നായി ലോകമെമ്പാടുമുള്ള 270 ലധികം നഗരങ്ങളിലെ കുട്ടികള്‍ ഗ്രെറ്റയ്ക്കൊപ്പം തെരുവിലിറങ്ങി.

2018ല്‍ നടന്ന യു.എന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സിലേക്ക് ഗ്രെറ്റ ക്ഷണിക്കപ്പെട്ടു.
2019 ജൂണില്‍ ഗ്രേറ്റയെ തേടി ആംനെസ്റ്റി പുരസ്‌കാരമെത്തി. ആഗോളതാപനത്തിന്റെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റവുമൊടുവിലാണ് ഇക്കഴിഞ്ഞ ലോക കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോക നേതാക്കള്‍ക്കൊപ്പം ഗ്രേറ്റയും ക്ഷണിക്കപ്പെട്ടത്.

ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരിക്കും, മുതിര്‍ന്നവര്‍ ഞങ്ങളെ കേള്‍ക്കുന്നതു വരെ എന്ന പ്രതിജ്ഞയുമായാണ് ഗ്രേറ്റ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിലെ മുഴുവന്‍ പ്രകൃതിവിഭവങ്ങളും പകല്‍ക്കൊള്ളപോലെ കവര്‍ന്നെടുക്കപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്ന രാഷ്ട്രീയ നേതൃത്വങ്ങളെ വിമര്‍ശിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് മുന്നില്‍ വെച്ച് ഗ്രെറ്റ നടത്തിയ ധീരമായ പ്രസംഗം അന്താരാഷ്ട്രമാധ്യമങ്ങളുടെയടക്കം ശ്രദ്ധപിടിച്ചുപറ്റുകയും  വ്യാപകമായി സ്വീകരിക്കപ്പെടുകയും ചെയ്തു.

കാല്പനിക പരിസ്ഥിതി വാദത്തിനപ്പുറം, പരിസ്ഥിതി ചൂഷണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പശ്ചാത്തലം ആഴത്തില്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ഗ്രേറ്റ നടത്തുന്നത്.

എന്നാല്‍ ഗ്രെറ്റയുടെ പോരാട്ടത്തെ പരിഹസിച്ചുകൊണ്ടാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്.

‘വിഡ്ഢിത്തം, ഗ്രേറ്റാ..നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനെക്കൂട്ടി ഒരു സിനിമയൊക്കെ പോയി കാണൂ. ചില്‍ ഗ്രേറ്റ ചില്‍,’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

എന്നാല്‍ എവിടെയും പതറാതിരുന്ന ഗ്രെറ്റ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെയാണ് നീങ്ങിയത്. തന്റെ സമരവുമായി മുന്നോട്ട് നടക്കുന്നു.

ഇന്ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍, 56 ഇഞ്ചിന്റെ മോഡിയും കൊണ്ട് രാജ്യത്തെ പിടിച്ച് കെട്ടാന്‍ ഒരുമ്പെടുന്ന മോദിക്കോ അവരുടെ പൊലീസിനോ മുന്നില്‍ മുട്ടുകുത്താനുള്ളതല്ല തന്റെ ജീവിതം എന്ന് വ്യക്തമാക്കുകയാണ് ഗ്രെറ്റ എന്ന 18 കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who is Greta Thunberg? an explainer about Swedish environmental activist

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ