ബംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം 117 എന്ന ഭൂരിപക്ഷം അവകാശപ്പെട്ടിട്ടും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന സാധ്യത ഉപയോഗിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതില്‍ നിയമ സഹായം തേടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പിയും യെദ്യൂരപ്പയും പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ഇന്നലെ മുതല്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയിലാണ് ഗവര്‍ണറുടെ തീരുമാനം.
ജെ.ഡി.എസ് കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. രാജ്ഭവനു ഗേറ്റിന് മുന്നിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ തിരിച്ച് പോവുകയായിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ബി.എസ് യെദ്യൂരപ്പയെ കാണാന്‍ അനുവാദം നല്‍കുകയും കാണുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി നേതാക്കള്‍ മുന്നോട്ട് വന്നത്. കര്‍ണാടക ഗവര്‍ണര്‍ ബി.ജെ.പിയുടെ കുതരിക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടുയുള്ളവര്‍ ആരോപിച്ചിരുന്നു.
മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന വാജുഭായ് രാധുഭായ് വാല 2014 ലാണ് കര്‍ണ്ണാടക ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടത്. 2001ല്‍ മോദിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനായി രാജ്കോട്ടിലെ അസംബ്ലി സീറ്റ് ഒഴിഞ്ഞു നല്‍കിയ ആളാണ് അദ്ദേഹം. രാജ്കോട്ടില്‍ നിന്ന് അദ്ദേഹം മുമ്പ് ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ചിരുന്നു. 2002 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ വാജുഭായ് വാല രാജ്കോട്ടിലേക്ക് മടങ്ങി.
ഗുജറാത്ത് ധനമന്ത്രിയായിരുന്ന വാജുഭായ് വാല 18 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലും വാജുഭായ് വാല മന്ത്രിയായിരുന്നു. പിന്നീട് ഗുജറാത്ത് നിയമസഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു.
സ്‌കൂള്‍ പഠനകാലത്തുതന്നെ ആര്‍.എസ്.എസ്സിന് വേണ്ടി പ്രവര്‍ത്തിച്ച വാജുഭായ് വാല പിന്നീട് ജന സംഘില്‍ ചേരുകയും 1995 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ കേശുഭായ് പട്ടേലിന്റെ അടുത്ത അനുയായിയായി മാറുകയുമായിരുന്നു. 1975 ല്‍ രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാല 80 കളിലും 90 കളിലും മേയറായി സേവനം അനുഷ്ഠിച്ചയാളാണ് വാജുഭായ്.