അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേനത്തില്‍ ഒരു ഫ്രഞ്ച് മീഡിയയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബി.ജെ.പി എം.പിമാരായ കെ. ലക്ഷ്മണും സമ്പിത്ത് പത്രയും രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കുകയുണ്ടായി. യു.എസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറസില്‍ നിന്ന് പണം കൈപ്പറ്റി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു എന്നായിരുന്നു ബി.ജെ.പിയുടെ കണ്ടെത്തല്‍.
എന്നാല്‍ കഴിഞ്ഞ ദിവസം യു.എസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്‌കാരം നല്‍കി ജോര്‍ജ് സോറസിനെ പ്രസിഡന്റ് ബൈഡന്‍ ആദരിക്കുകയുണ്ടായി. സോറസും മെസിയുമടക്കം 18 പേര്‍ക്ക് വിവിധ മേഖലകളിലെ അവരുടെ പ്രാഗല്‍ഭ്യം കണക്കിലെടുത്ത് പുരസ്‌ക്കാരം ലഭിച്ചു. ആരാണ് ഈ ജോര്‍ജ് സോറസ്? നമുക്ക് പരിശോധിക്കാം.
ഹംഗറിയയിലെ ഒരു സാധാരണ കുടുംബത്തിലാണ് സോറസിന്റെ ജനനം. ലോക മഹായുദ്ധങ്ങളുടെ കാലത്ത് ജൂതര്‍ക്ക് നേരെയുള്ള നാസി ആക്രമണം ഭയന്ന് സോറസും കുടുംബവും ലണ്ടനിലേക്ക് കുടിയേറി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദംനേടിയ സോറസിന് ഫിലോസഫി പ്രൊഫസര്‍ ആകണമെന്നായിരുന്നു ആഗ്രഹം, കാള്‍ പോപ്പറെപ്പോലെ.
എന്നാല്‍ അതിന് സാധിക്കാതെ വന്നതോടെ അദ്ദേഹം അമേരിക്കയിലെ പേരുകേട്ട നിക്ഷേപകരില്‍ ഒരാളായി മാറി. 1973ല്‍ ഹെഡ്ജ് ഫണ്ട് സ്ഥാപിച്ചതോടെ അദ്ദേഹത്തിന്റെ തലവര തന്നെ മാറി. ഇന്ന് ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 8.5 ബില്യണ്‍ ഡോളര്‍ ആസ്തിക്കുടമയാണ് അദ്ദേഹം. വ്യവസായി, നിക്ഷേപകന്‍ എന്നതിലുപരി ലോകത്താകമാനമുള്ള ജീവ കാരുണ്യപ്രവര്‍ത്തനങ്ങളിലെ പ്രധാനിയും കൂടിയാണ് സോറസ്.
എന്നാല്‍ കേവലം പണവിപണിയില്‍ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല സോറസിന്റെ ജീവിതം. രാഷ്ട്രീയ രംഗത്ത് സജീവനായിരുന്ന അദ്ദേഹം ബരാക് ഒബാമയുടേയും ഹിലരി ക്ലിന്റണിന്റേയും ജോ ബൈഡന്റേയും തെരഞ്ഞെടുപ്പ് റാലികളിലെ സ്ഥിര സാന്നിധ്യമാണ്.
പുരസ്‌കാര ദാനത്തിന് തൊട്ട് പിന്നാലെ സോറസിന് ഈ ബഹുമതി നല്‍കിയത് വെറും പരിഹാസമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പേസ്എക്‌സ് സ്ഥാപകനും യു.എസ് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും രംഗത്തെത്തി. എന്നാല്‍ മറ്റ് പുരസ്‌ക്കാര ജേതാക്കളെപ്പറ്റി മസ്‌ക് ഒരക്ഷരം പോലും മിണ്ടിയതുമില്ല.
എന്നാല്‍ കേവലം ഇലോണ്‍ മസ്‌കിന്റെ മാത്രമല്ല ഇന്ത്യയിലെ സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് ജോര്‍ജ് സോറസ്. 2023ല്‍ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ മോദി-അദാനി കൂട്ടുക്കെട്ടിനെ വിമര്‍ശിച്ചതോടെയാണ് സോറസ് സംഘപരിവാറിന്റെ കണ്ണിലെ കരട് ആയി മാറുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദാനിയുടേയും വിധി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും, ഓഹരി വിപണിയില്‍ അദാനി നേരിടുന്ന പ്രതിസന്ധിക്ക് മോദി ഉത്തരം പറയേണ്ടി വരുമെന്നുമായിരുന്നു സോറസിന്റെ അന്നത്തെ പ്രസ്താവന.
അദാനിയുടെ തകര്‍ച്ച മോദിയെ ബാധിക്കുമെന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുമെന്നും സോറസ് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബി.ജെ.പിയില്‍ നിന്നടക്കം അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
സോറസിന്റെ അഭിപ്രായം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന വിമര്‍ശനം. സോറസിന്റെ പ്രസ്താവന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിയും തന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന, ന്യൂയോര്‍ക്കിലെ ഒരു വൃദ്ധനായ കോടീശ്വരന്‍ മാത്രമാണ് സോറോസെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പരിഹസിച്ചു.
ഇതിന് പുറമെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കി സോറസ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ ഡീപ് സ്റ്റേറ്റ് ഘടകങ്ങളോട് ഒത്തുച്ചേര്‍ന്ന് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും ബി.ജെ.പി ആരോപിച്ചു.
ഇതിന് പുറമെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള ശൃംഖലയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് അഥവാ ഒ.സി.സി.ആര്‍.പിക്ക് ഫണ്ട് നല്‍കി രാജ്യത്തെ 50ലധികം മാധ്യമ പങ്കാളികളുമായി ചേര്‍ന്ന് മോദിയേയും അദാനിയെയും സോറസ് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ബിജെ.പിക്കുണ്ട്.
മോദിയെ തുരങ്കം വെക്കാന്‍ ഒ.സി.സി.ആര്‍.പിയുടെ ലേഖനങ്ങള്‍ ഉപയോഗിച്ചാണ് രാഹുല്‍ ഗാന്ധി പത്ര സമ്മേളനം നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ഭാഷ്യം. ഇതിനെ ഫണ്ട് ചെയ്യുന്നത് സോറസിന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണെന്നും അവര്‍ ആരോപിക്കുന്നു.
Content Highlight: Who is George Soros whom the BJP accuses of interfering in India, who has received the highest American honor?