| Sunday, 11th October 2020, 3:44 pm

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വൈദികന്‍; ആരാണ് ഫാ.സ്റ്റാന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഭീമ കൊറേഗാവ് കേസ്സില്‍ ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു വൈദികന്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് 83 വയസ്സുകാരനായ ഫാ. സ്റ്റാന്‍ സ്വാമി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളില്‍ സജീവമാണദ്ദേഹം.

1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു.

കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമിയാണ് അന്ന് സംരക്ഷിക്കപ്പെട്ടത്.

യുറേനിയം കമ്പനിക്കെതിരെ നടന്ന നിരന്തര സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് ചൈബാസ് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്ന് നിര്‍ത്തിവെക്കുന്നത്. ഈ ഡാം നിര്‍മ്മിക്കപ്പെട്ടിരുന്നെങ്കില്‍ നൂറ് കണക്കിന് ആദിവാസി കുടുംബങ്ങള്‍ തങ്ങളുടെ പാരമ്പരാഗത ജീവിത പരിസരങ്ങളില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടേനെ.

എന്നാല്‍ സ്റ്റാന്‍ സ്വാമിയെന്ന ജെസ്യൂട്ട് പുരോഹിതന്റെ കാര്യക്ഷമമായ ഇടപെടലിലുടെ യുറാനിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് പിന്‍വാങ്ങേണ്ടി വരികയായിരുന്നു.

ജാര്‍ഖണ്ഡിലെ പൊലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. ജാര്‍ഖണ്ഡില്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പിലാക്കത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം ശബ്ദുമുയര്‍ത്തുകയും ചെയ്തിരുന്നു 83കാരനായ സ്റ്റാന്‍ സ്വാമി.

ആദിവാസി സമൂഹത്തിന്റെ വികസനത്തിനായി പ്രത്യേക ട്രൈബല്‍ അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കണമെന്നതാണ് ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ നിര്‍ദേശിക്കുന്നത്.

കൂടുതലായും ആദിവാസികള്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കേണ്ടത്. ആദിവാസി വിഭാഗത്തിലുള്ളവര്‍ മാത്രമായിരിക്കണം ഈ കമ്മിറ്റിയിലെ അംഗങ്ങളെന്നും നിര്‍ദേശമുണ്ട്.ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് കമ്മിറ്റി പ്രവര്‍ത്തിക്കേണ്ടതും.
ഭരണകൂടങ്ങള്‍ ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ മനസിലാക്കാന്‍ അവര്‍ക്കിടയിലേക്ക് കടന്നു ചെല്ലാത്തതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചുന്നു.

ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായുള്ള ഒമ്പത് സംസ്ഥാനങ്ങളിലും പ്രത്യേക ഗോത്ര പഞ്ചായത്തുകള്‍ നടപ്പിലാക്കാത്തതിനെതിരെയും സജീവമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന നിയമത്തിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനം അദ്ദേഹം പലയിടത്തും ഉയര്‍ത്തിയിരുന്നു. 2017ല്‍ പ്രത്യേക പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ നിയമം(പെസ) നടപ്പിലാക്കാന്‍ ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തെ അണിനിരത്തി സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

ഇതിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിനും കൂട്ടാളികള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധികാരത്തിലെത്തിയതിനു ശേഷം ഈ കേസുകള്‍ പിന്‍വലിക്കുകയായിരുന്നു.

മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ച്, വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരെ വിട്ടയക്കണമെന്ന ആവശ്യവുമായി മുന്‍നിരയില്‍ നിന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

2010ല്‍ ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ് എന്ന പേരില്‍ പുസ്തകവും അദ്ദേഹം എഴുതി. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളില്‍ ഭൂരിഭാഗത്തിന്റെയും കുടുംബങ്ങളുടെ വരുമാനം അയ്യായിരും രൂപ പോലുമില്ല ഇവര്‍ എങ്ങിനെ വക്കീലിനെ വെച്ച് കേസ് വാദിക്കുമെന്ന പ്രസക്തമായ ചോദ്യം ഈ പുസ്തകത്തിലൂടെ ഉന്നയിക്കുന്നുണ്ട് സ്റ്റാന്‍ സ്വാമി.

അറസ്റ്റ് ചെയ്തതില്‍ 98 ശതമാനം പേര്‍ക്കും നക്‌സല്‍ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

2018ല്‍ കാരവാന് നല്‍കിയ ഒരു അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയെല്ലാം ദേശവിരുദ്ധരാക്കി മുദ്രകുത്തപ്പെടുകയാണെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചിരുന്നു.
അറസ്റ്റിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ആക്റ്റിവിസ്റ്റുകള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, നിയമപ്രവര്‍ത്തകര്‍ക്കും എഴുതിയ സന്ദേശത്തില്‍ തന്നെ 15 മണിക്കൂറായി എന്‍.ഐ.എ ചോദ്യം ചെയ്യുകയാണെന്നായിരുന്നു എഴുതിയത്. ഇതിന് പിന്നാലെയാണ് യു.എ.പി.എ ചുമത്തി സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെടുന്നത്.

‘എന്തൊക്കെയോ രേഖകള്‍ തന്റെ കംപ്യൂട്ടറില്‍ ഉണ്ടായിരുന്നതാണ് എന്ന് പറഞ്ഞ് എനിക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാനാണ് എന്‍.ഐ.എ ശ്രിക്കുന്നത്’. ഇവയെല്ലാം കെട്ടിച്ചമച്ച രേഖകളാണ് എന്നാണ് മാധ്യമപ്രവര്‍ത്തകരോട് അവസാനമായി അദ്ദേഹം പറഞ്ഞത്.

താന്‍ തീവ്ര ഇടത് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന് സ്ഥാപിച്ചെടുക്കുക മാത്രമാണ് എന്‍.ഐ.എയുടെ ആവശ്യമെന്ന് പറഞ്ഞ് അദ്ദേഹം നടന്നുകയറിയത് ഭീമ കൊറേഗാവ് സംഭവത്തില്‍ എന്‍.ഐ.എ തടവിലാക്കിയ നീണ്ട നിരയിലുള്ള രാഷ്ട്രീയ തടവുകാരുടെ ഇടയിലേക്കാണ്.
2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുകയും ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലിന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്.

എന്നാല്‍ കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who is Fr. Stan Swamy, The NIA arrested priest

We use cookies to give you the best possible experience. Learn more