എന്‍സോ ഫെര്‍ണാണ്ടസ്. ഒറ്റ മത്സരം കൊണ്ട് അര്‍ജന്റീനക്കാരുടെ മനസില്‍ താരപരിവേഷത്തിന്റെ പരകോടിയിലെത്തിയവന്‍. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം അടിവരയിട്ടുറപ്പിച്ചവന്‍.
അന്നേരം വരെ ജയമുറപ്പിക്കാന്‍ പാടുപെട്ട അര്‍ജന്റീനക്ക് വേണ്ടി പകരക്കാരനായി ഗോള്‍ കണ്ടെത്തിയവന്‍, അതും സാക്ഷാല്‍ ലയണല്‍ മെസിയുടെ അസിസ്റ്റില്‍ നിന്നുതന്നെ.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതൊരു ലെജന്‍ഡറി സബ്‌സ്റ്റിയൂഷനായി കണക്കാക്കാന്‍ സാധിക്കില്ലെങ്കിലും അര്‍ജന്റൈന്‍ ആരാധകര്‍ക്ക് അതങ്ങനെ തന്നെയായിരുന്നു.
2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ കണ്ണീര് വീഴ്ത്തിയത് മാരിയോ ഗോട്‌സെ സബ്‌സ്റ്റിറ്റിയൂഷനാണ്. ഒരുപക്ഷേ നൂറ്റാണ്ടിന്റെ സബ്സ്റ്റിറ്റിയൂഷന്‍ എന്ന് പോലും ജര്‍മന്‍ കോച്ച് ജോക്കിം ലോ മാരിയോ ഗോട്‌സെയെ കളത്തിലിറക്കിയ ആ നിമിഷത്തെ വിശേഷിപ്പിക്കാന്‍ സാധിക്കും.
നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ അര്‍ജന്റീന – ജര്‍മനി ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ അധികസമയത്ത് ഗോട്‌സെ നേടിയ ആ ഗോളായിരുന്നു അര്‍ജന്റീനയെ ഇല്ലാതാക്കിയത്.
കാലങ്ങളോളം കാത്തുവെച്ച സ്വപ്‌നങ്ങളെ കയ്യകലത്ത് നിന്നുമായിരുന്നു ഗോട്‌സെ തട്ടിയകറ്റിയത്. ഒടുവില്‍ ജോക്കിം ലോയുടെ പടയാളികള്‍ വിശ്വകിരീടം നേടുന്നത് നിറകണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കാന്‍ മാത്രമായിരുന്നു മെസിക്കും അര്‍ജന്റീനക്കും സാധിച്ചത്.
2014 ലോകകപ്പ് ഫൈനലിലേതെന്ന പോലെ നിര്‍ണായകമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന – മെക്‌സിക്കോ ഗ്രൂപ്പ് ഘട്ട മത്സരം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിന്റെ അപമാനഭാരവും പേറിയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. അവര്‍ക്ക് മുമ്പില്‍ നെഞ്ചും വിരിച്ച് നിന്നതാവട്ടെ പച്ചയും വെളുപ്പും ചുവപ്പും നിറങ്ങളണിഞ്ഞ മെക്‌സിക്കോയും.
കടലാസില്‍ മുന്‍തൂക്കം അര്‍ജന്റീനക്ക് തന്നെയായിരുന്നു. എന്നാല്‍ എല്ലാവരും ഒരുപോലെ പേടിച്ച പേര്, ഗില്ലര്‍മോ ഒച്ചാവോ. ഒച്ചാവോ ആരാണെന്നും എന്താണെന്നും വ്യക്തമായി അറിയാവുന്നത് ഒരുപക്ഷേ ബ്രസീലിനും ബ്രസീലിന്റെ ആരാധകര്‍ക്കുമായിരിക്കും. കാരണം ഫുട്‌ബോളിന്റെ തന്നെ വശ്യത കാലുകളിലാവാഹിച്ച സാംബ നൃത്തച്ചുവടുകളാല്‍ മൈതാനത്തെ കോരിത്തരിപ്പിച്ച പെലെയുടെ പിന്മുറക്കാരെ തളച്ചിടാന്‍ മെക്‌സിക്കോക്ക് ഒച്ചാവോ മാത്രമായിരുന്നു ആശ്രയമായത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മോശം പ്രകടനമായിരുന്നു അര്‍ജന്റീനയും ലയണല്‍ മെസിയും കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ ഗോളടിക്കാതെ ഇരു ടീമും പിരിഞ്ഞു. സമനില പോലും അര്‍ജന്റീനയെ പടുകുഴിയിലേക്ക് തള്ളിയിടുമെന്നുറപ്പുള്ള സ്‌കലോണി മത്സരത്തിന്റെ 57ാം മിനിട്ടിലാണ് എന്‍സോ ഫെര്‍ണാണ്ടസ് എന്ന 21കാരനെ കളത്തിലേക്കിറക്കി വിട്ടത്.
എന്‍സോ ഇറങ്ങി കൃത്യം ഏഴാം മിനിട്ടില്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അവരുടെ മിശിഹ അവരെ മുന്നിലെത്തിച്ചു. ടീമിന്റെ മാലാഖ ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്നും പിറന്ന ആ ഗോളിന്റെ വില വളരെ വലുതായിരുന്നു.
ഇതിന് പിന്നാലെ മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങള്‍ അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ മത്സരത്തിന്റെ 87ാം മിനിട്ടില്‍ സ്‌റ്റേഡിയം ഒരിക്കല്‍ക്കൂടി ആര്‍ത്തിരമ്പി. കളത്തിലിറങ്ങി കൃത്യം 30ാം മിനിട്ടില്‍ എന്‍സോയുടെ തകര്‍പ്പന്‍ ഗോള്‍. മനോഹരം എന്ന് അല്ലാതെ ആ ഗോളിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല.
ഇതോടെ പകരക്കാരന്റെ കുപ്പായത്തില്‍ വന്ന് ഹീറോയുടെ പരിവേഷത്തിലാണ് ആ 21കാരന്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്. ദേശീയ ടീമില്‍ ആകെ നാല് മത്സരങ്ങളുടെ പരിചയം മാത്രമേ അവനുളളൂ. അഞ്ചാം മത്സരം ലോകകപ്പ് വേദിയിലായപ്പോള്‍ അവിടെ നിന്ന് കരിയറിലെ ആദ്യ ഗോളും പിറന്നു.
സാക്ഷാല്‍ മെസിക്ക് ശേഷം അര്‍ജന്റീനയ്ക്കായി ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇതോടെ എന്‍സോ ഫെര്‍ണാണ്ടസ് മാറി.
അര്‍ജന്റീനന്‍ ക്ലബ്ബ് റിവര്‍ പ്ലേറ്റില്‍ നിന്നും കളിയടവ് പഠിച്ച എന്‍സോ നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയുടെ താരമാണ്. ഇതിനോടകം തന്നെ പല യൂറോപ്യന്‍ വമ്പന്‍മാരും താരത്തെ നോട്ടമിട്ടുകഴിഞ്ഞിരിക്കുകയാണ്. ഈയൊരറ്റ ഗോളോടെ എന്‍സോയുടെ മൂല്യം വാനോളമുയരുമെന്നുറപ്പാണ്.
Content Highlight: Who is Enzo Fernandez?