ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം എ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ കനുഗോലുവിന് അവകാശപ്പെടാം. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ക്ഷണം നിരസിച്ച് അപ്രതീക്ഷിതമായാണ് സുനില്‍ കനുഗോലു കോണ്‍ഗ്രസ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാന്‍ ആകുന്നത്.
കനുഗോലുവിന്റെ പ്രവര്‍ത്തന ഫലമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. നിലവില്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് തെലങ്കാനയും പിടിച്ചെടുക്കുകയാണ്.
ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് വിഹിതം ലഭിച്ചാല്‍ തെലങ്കാനയില്‍ കെ.സി.ആറിന് അധികാരത്തില്‍ തുടരാന്‍ സഹായിക്കുമെന്നാണ് കനുഗോലു ആദ്യമായി മനസിലാക്കിയത്.
തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെലങ്കാനയില്‍ ബി.ജെ.പിയുടെ സ്വാധീനം പരിമിതപ്പെടുത്താന്‍ ലക്ഷ്യമാക്കി ഉള്ളതായിരുന്നു. അതിനായി വൈ.എസ്.ആറിന്റെ മകള്‍ വൈ.എസ്. ശര്‍മിളയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാനും കനുഗോലു ശ്രമിച്ചു.
കനുഗോലു സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാന്‍ ആകുന്ന സമയത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വളരെ മോശമായ സാഹചര്യം നേരിട്ടിരുന്നു. എന്നാല്‍ തെലങ്കാനയില്‍ ബി.ആര്‍.എസിനെയും കെ. ചന്ദ്രശേഖര റാവുവിനെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് കനുഗോലു രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിനെ വരും തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന ഭീഷണിയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി നടത്തുന്ന ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ബി.ആര്‍.എസ് സര്‍ക്കാര്‍ ഹൈദരാബാദിലെ കനുഗോലുവിന്റെ ഓഫീസ് റെയ്ഡ് ചെയ്യുകയും, ഓഫീസിലെ മുഴുവന്‍ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനെയെല്ലാം വകവെക്കാതെ മൗനമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശിലേയും ചത്തീസ്ഗഡിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്.
തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തോടെ സുനില്‍ കനുഗോലു പാര്‍ട്ടിയുടെ നിര്‍ണായക ഘടകമായിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും സുനില്‍ കനുഗോലു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Content Highlight: Who is election strategist Sunil Kanugolu