ദിഷ രവി, ടൂള്‍കിറ്റ്, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം, ഖലിസ്ഥാനികള്‍, രാജ്യദ്രോഹം, ഒരു സാധാരണ വ്യക്തിക്ക് കാര്യങ്ങള്‍ മനസിലാകാത്ത ഭാഷയിലും രീതിയിലുമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തെ സംഭവവികാസങ്ങള്‍.
ബെംഗളുരവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ദിഷ രവിയെന്ന 22കാരി പെണ്‍കുട്ടിയെ ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പെട്ടെന്നൊരു ദിവസം ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നു. 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുന്നു. ഒരു ട്വീറ്റിന്റെ പേരിലാണ് ദല്‍ഹി പൊലീസ് ദിഷയെ ബംഗളുരുവിലെത്തി അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് ദിഷയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍
പൊലീസ് ദിഷ രവിയെ ന്യൂദല്‍ഹിയിലെ പാട്യാല ഹൗസ് മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ പോലുമുണ്ടായിരുന്നില്ല. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ദിഷ രവി പറഞ്ഞു താന്‍ നിരപരാധിയാണെന്ന്. ടൂള്‍കിറ്റിലെ ഏതാനും വരികള്‍ എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന്.
അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ തനിക്ക് പറയാനുള്ളത് പോലും കോടതിയില്‍ സമര്‍ത്ഥിക്കാനാകാത്ത ദിഷ രവിയെ മജിസ്ട്രേറ്റ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അഭിഭാഷകരുടെ ഇടയില്‍ നിന്ന് പോലും രൂപപ്പെട്ടിരിക്കുന്നത്.
ബെംഗളുരുവിലെ 22 വയസുകാരിയായ ദിഷ രവി എന്ന പെണ്‍കുട്ടി ആരാണ്? എന്താണവര്‍ ചെയ്ത കുറ്റം? എങ്ങിനെ അവര്‍ ദല്‍ഹി പൊലീസിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു, എന്താണ് ടൂള്‍ കിറ്റ് കേസ്,
ബെംഗളുരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജിലെ റെഗുലര്‍ വിദ്യാര്‍ത്ഥിയായിരുന്നു ദിഷ രവി ഒരു യുവ പരിസ്ഥിതി പ്രവര്‍ത്തകയാണ്. കോളേജ് പഠനകാലത്ത് തന്നെ ബെംഗളുരുവിലെ മരം നട്ടുപിടിപ്പിക്കല്‍ പദ്ധതികള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയവയില്‍ ദിഷയുടെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയായ ദിഷയ്ക്ക് പരിസ്ഥിതി മേഖലയില്‍ ഒരു തൊഴില്‍ കണ്ടെത്തണമെന്നതായിരുന്നു ആഗ്രഹമെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു. മുത്തശ്ശന്‍ കൃഷിക്കാരനായിരുന്നതുകൊണ്ട് തന്നെ കൃഷിയിലും അവര്‍ക്ക് താത്പര്യമുണ്ടായിരുന്നു.
രണ്ട് മൂന്ന് വര്‍ഷം മുമ്പ് സ്വീഡനില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലും അവരുടെ പ്രവര്‍ത്തനങ്ങളിലും ദിഷ പ്രചോദിതയായി. തന്നേക്കാള്‍ ഇളയ ഒരു പെണ്‍കുട്ടിക്ക് ലോകത്തെ പ്രചോദിക്കാനാകുമെങ്കില്‍ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്ന് ചോദ്യം ദിഷയിലുണ്ടായി.
അങ്ങനെ ‘വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി എന്ന ഗ്രെറ്റയുടെ ക്യാപംയിനിന്റെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ ദിഷ ആരംഭിച്ചു. തന്റെ സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ വിപുലീകരിക്കാന്‍ ഇന്റര്‍നെറ്റിലൂടെ ശ്രമിച്ചു. ഇപ്പോള്‍ ബംഗളുരുവിലും ദല്‍ഹിയിലും മുംബൈയിലുമൊക്കെയായി കുറേ വിദ്യാര്‍ത്ഥികള്‍ ഭാഗമായിരിക്കുന്ന ഒരു കൂട്ടായ്മയുടെ സംഘാകയാണ് ദിഷ രവി.
ഒരു വിദ്യാര്‍ത്ഥി, പരിസ്ഥിതി പ്രവര്‍ത്തക തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട ദിഷ ഒറ്റ ദിവസം കൊണ്ടാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹി പൊലീസിന്റെ ലിസ്റ്റിലെ കുറ്റാരോപിതയായയത്. അതും രാജ്യദ്രോഹമുള്‍പ്പെടെയുള്ള കേസുകളില്‍ എന്ന് വേണം നിലവിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാന്‍. കൃത്യമായ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എങ്ങിനെ ഒരു ജനാധിപത്യ രാജ്യത്ത്, അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു എന്നതാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്.
കേവലം ഒരു ട്വീറ്റ് മാത്രമാണ് ദിഷ രവിയെ അറസ്റ്റു ചെയ്യാനും, പാട്യാല ഹൗസ് കോടതിയിലെ മജിസ്ട്രേറ്റിന് അവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാനും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യാനും, സൈബര്‍ സ്പേസില്‍ ലക്കും ലഗാനവുമില്ലാതെ ട്വീറ്റ് ചെയ്യുന്ന സംഘപരിവാറുകാര്‍ക്ക് അവരെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താനുമുള്ള തെളിവ്.
ദല്‍ഹി പൊലീസിന്റെ ട്വീറ്റ് പ്രകാരം ദിഷയുടെ കുറ്റങ്ങള്‍ ഇവയാണ്
ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗ് ഷെയര്‍ ചെയ്ത ടൂള്‍ കിറ്റ് നിര്‍മ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കാളിയായി.
ടൂള്‍കിറ്റ് എന്ന ഡോക്യുമെന്റ് നിര്‍മ്മിച്ചതില്‍ മുഖ്യ പങ്കാളി
വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ടൂള്‍കിറ്റ് നിര്‍മ്മിക്കുന്നതിലെ ഗൂഢാലോചനയില്‍ പങ്കെടുത്തു
ഖലിസ്ഥാനി വാദിയാണ് ദിഷ എന്ന വാദവും മജിസ്ട്രേറ്റിന് മുന്നില്‍ ഉന്നയിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ഗൂഢാലോചനക്കാരില്‍ പ്രധാനി ദിഷയാണെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം, ട്വീറ്റിലൂടെ മാത്രമാണ് ദല്‍ഹി പൊലീസ് നിലവില്‍ പ്രതികരിച്ചിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും എഫ്.ഐ.ആറിന്റെ ആദ്യ കോപ്പി പോലും അപ്ലോഡ് ചെയ്തിട്ടില്ലെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്താണ് ടൂള്‍കിറ്റ് , ഒരു മാരകായുധമാണോ ടൂള്‍ കിറ്റ്? അതെങ്ങനെ ഇന്ത്യയെ ആക്രമിക്കും
ടൂള്‍കിറ്റ് എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്റാണ്. എന്തെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഡോക്യുമെന്റ്. ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്നും ഈ ഡോക്യുമെന്റില്‍ പറയുന്നു. സമര്‍പ്പിക്കാന്‍ കഴിയുന്ന പരാതികള്‍, ആസൂത്രണം ചെയ്യാന്‍ പറയുന്ന സമരപരിപാടികള്‍, തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ടൂള്‍ കിറ്റില്‍ വിവരങ്ങളുണ്ടാകും.
ഗ്രെറ്റ ഷെയര്‍ ചെയ്ത ടൂള്‍കിറ്റില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യയിലെ തലസ്ഥാന നഗരിയില്‍ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നും, എന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നുമാണ് വിശദീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആ നിയമങ്ങള്‍ നേരിട്ട് ബാധിക്കാന്‍ പോകുന്ന കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് മാത്രമാണ് അതില്‍ പറയുന്നത്. ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാല്‍ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ഒരു ലഘുലേഖയാണ് ഈ പ്രശ്നത്തിനെല്ലാം തുടക്കം.
അല്ലാതെ പ്രചരണങ്ങള്‍ പറയുന്ന പോലെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധമല്ല ടൂള്‍കിറ്റ്. അത് കേവലം അഞ്ചോ ആറോ പേജില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് പറയുന്ന ഡോക്യുമെന്റാണ്. ഇതിന്റെ പേരിലാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ പോലും കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ ഡോക്യുമെന്റ് നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ദിഷയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. . ജനുവരി 26ലെ സംഘര്‍ഷങ്ങള്‍ക്കുള്‍പ്പെടെ ഇത് കാരണമായെന്നും ദല്‍ഹി പൊലിസ് വാദം ഉന്നയിക്കുന്നുണ്ട്.
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ട പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ഗ്രെറ്റയുടെ ട്വീറ്റും. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിനും ഇത് ഇടയാക്കിയിരുന്നു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെല്ലാമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ റിഹാനയുടെ ബോയ്ഫ്രണ്ടിന്റെ കഥകള്‍ തിരഞ്ഞു പോയി. അത് ചര്‍ച്ച ചെയ്തു.
ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണെന്ന ചിദംബരത്തിന്റെ വാക്ക് ഇവിടെ ശ്രദ്ധേയമാവുകയാണ്. പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ് എന്ന സിദ്ധാര്‍ത്ഥിന്റെ വാക്കും പൗരന്മാരെ ഉപദ്രവിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കൊടിപിടിക്കുകയാണ് എന്ന ടി.എം കൃഷ്ണയുടെയും വാക്കും പ്രസക്തമാവുകയാണ്.
Content Highlight: Who is Disha Ravi Arrested in Greta Thunberg Toolkit Case