| Monday, 15th February 2021, 2:40 pm

ഇതാണ് ദിഷ രവി, ഇതാണ് അവര്‍ ചെയ്ത കുറ്റം, ഇതാണ് നമ്മുടെ രാജ്യം

ശ്രീജിത്ത് ദിവാകരന്‍

22 വയസുള്ള പെണ്‍കുട്ടി. ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബി.ബി.എ കഴിഞ്ഞ് ചെറിയ ജോലികള്‍ ചെയ്യുന്നു. കാലാവസ്ഥാ മാറ്റം പരിസ്ഥിതിയെ ബാധിക്കുന്നുവെന്നും അത് കൃഷിക്കും കൃഷിക്കാര്‍ക്കും ദോഷമാണെന്നും വിശ്വസിക്കുന്ന പെണ്‍കുട്ടി.

തന്റെ മുത്തച്ഛനും മുത്തശ്ശിയും കൃഷിക്കാരാണ്. അവരടക്കമുള്ളവരെ പരിസ്ഥിതി പ്രശ്നങ്ങള്‍ ബാധിക്കുന്നു. ഇതിനുവേണ്ടി യുവജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് കരുതി. കോളേജിലും പുറത്തും അതിന് വേണ്ടി സമാനമനസ്‌കരോട് ഇടപെട്ടു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി.

രണ്ട് മൂന്ന് വര്‍ഷം മുമ്പ് സ്വീഡനില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരി, ഗ്രെറ്റ തുന്‍ബെര്‍ഗ്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലും ഗ്രെറ്റയുടെ പ്രവര്‍ത്തനങ്ങളിലും പ്രചോദിതയായി. തന്നിലും ഇളയ ഒരു പെണ്‍കുട്ടിക്ക് ലോകത്തെ പ്രചോദിക്കാനാകുമെങ്കില്‍ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്ന് സ്വയം ചോദിച്ച് കാണണം.

ഗ്രെറ്റയുടെ ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിന്റെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ ആരംഭിച്ചു. തന്റെ സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ വിപുലീകരിക്കാന്‍ ഇന്റര്‍നെറ്റിലൂടെ ശ്രമിച്ചു. ബാംഗ്ലൂരും ഡല്‍ഹിയിലും ബേംബേയിലുമൊക്കെയായി ഏതാണ്ട് നൂറ് നൂറ്റമ്പത് പേരുണ്ട് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ മാത്രം ബന്ധമുള്ളവര്‍. മിക്കവരും പെണ്‍കുട്ടികള്‍. ഇതാണ് ദിഷ രവി.

കാര്‍ഷിക സമരത്തെ, ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ ദിശയും അനുകൂലിച്ചു. തന്റെ മുത്തശ്ശനും മുത്തശ്ശിക്കും കൃഷിക്കാരാണ്. സ്വഭാവികമായും ദിഷ കര്‍ഷകരെ പിന്തുണയ്ക്കും. സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശം സംബന്ധിച്ച്, താനേറെ ബഹുമാനിക്കുന്ന ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന ലോകം മുഴുവന്‍ അറിയപ്പെടുന്ന കൗമാരക്കാരിയായ ആക്ടിവിസ്റ്റിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു. അതാണ് ദിഷ രവി ചെയ്ത തെറ്റ്.

13 ന് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത്, ഡല്‍ഹിയിലെത്തിച്ച്, 14 ന് ഞായറാഴ്ച പ്രത്യേകം കോടതി ചേര്‍ന്ന്, അഞ്ച് ദിവസത്തെയ്ക്ക് റിമാന്‍ഡ് ചെയ്തു. ഖാലിസ്ഥാന്‍ തീവ്രവാദികളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു, കപാലം നടത്താന്‍ ആഹ്വാനം നടത്തി. സര്‍വ്വോപരി രാജ്യദ്രോഹ കുറ്റവും. ദിഷ രവിയുടെ അഭിഭാഷകന്‍ ഹാജറാകുന്നതിന് പോലും കോടതിയും പോലീസും കാത്ത് നിന്നില്ല.

ഞാനീ രാജ്യത്തിനെതിരെ ഒന്നും ചെയ്തില്ല എന്ന് പൊട്ടിക്കരഞ്ഞ ആ പെണ്‍കുട്ടിയെ കോടതി കണ്ടുപോലുമുണ്ടാകില്ല. ഇതാണ് നമ്മുടെ രാജ്യം, നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എം.പിമാരാല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണക്കാരുള്ള രാജ്യം. ഫാസിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവം ഭീരുത്വമാണ്. ഏറ്റവും വലിയ ഫാസിസ്റ്റ് ഏറ്റവും വലിയ ഭീരുവാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Who is Dish Ravi of Greta Toolkit case, what is her crime, Sreejith Divakaran criticises BJP Central Govt

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more