| Wednesday, 21st December 2022, 10:08 pm

'വിവിധ രാജ്യങ്ങളില്‍ 12 പേരെ കൊന്നതിന് കേസ്': നേപ്പാള്‍ സുപ്രീം കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ട ചാള്‍സ് ശോഭ്‌രാജ് ആരാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ്‌രാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഉത്തരവിട്ട് നേപ്പാള്‍ സുപ്രീം കോടതി. 19 വര്‍ഷമായി ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്. പ്രായം കണക്കിലെടുത്താണ് ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

2003 മുതല്‍ നേപ്പാള്‍ ജയിലിലുള്ള ശാഭ്‌രാജിന് 78 വയസാണിപ്പോള്‍.
ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്ന് ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു.

രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003ല്‍ സുപ്രീം കോടതി ചാള്‍സ് ശോഭ്‌രാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതല്‍ കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.

1975ലാണ് സഞ്ചാരികളായ യു.എസ് പൗരന്‍ കോണി ജോ ബോറോന്‍സിച്ചിനെയും(29) കാമുകി ലോറന്റ് കാരിയറിനെയും(26) കൊലപ്പെടുത്തിയത്.

ആരാണ് ചാള്‍സ് ശോഭ്‌രാജ്

ഇന്നത്തെ ഹോചി മിന്‍ സിറ്റിയില്‍ 1944ലാണ് ചാള്‍സ് ശോഭരാജ് ജനിക്കുന്നത്.
ഇന്ത്യന്‍-വിയറ്റ്നാമീസ് രക്ഷിതാക്കളുടെ മകനായ ഫ്രഞ്ച് പൗരത്വമുള്ളയാളാണ്. ശോഭരാജ് ഹൊചണ്ടിയാണ് പിതാവ്. ട്രാന്‍ ലോംഗ് ഫുന്‍ മാതാവാണ്.

ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയ കൊലപാതകങ്ങളിലൂടെയാണ് ഇയാള്‍ കുപ്രസിദ്ധനാകുന്നത്. 12 പേരെ കൊന്ന കേസുകളില്‍ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ മുപ്പതോളം വരെയുള്ള ആളുകളെ ഇയാള്‍ കൊന്നുകളഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, തായ്‌ലാന്‍ഡ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഇയാള്‍ നടത്തിയ കൊലപാതകത്തിന്റെ ഇരകളാണ്.

Content Highlight: Who is Charles Sobhraj ordered to be released by Nepal Supreme Court?

Latest Stories

We use cookies to give you the best possible experience. Learn more