World
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം തീവ്ര വലതുപക്ഷക്കാരന്റെ കൈകളിലെത്തുമ്പോള്‍; ആരാണ് ബോറിസ് ജോണ്‍സണ്‍
തെരേസ മേയുടെ പിന്‍ഗാമിയായി ബോറിസ് ജോണ്‍സണ്‍ എന്ന തീവ്ര വലതുപക്ഷ ചിന്താഗതിക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തീവ്ര വംശീയവാദിയും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുടെ ഉടമയുമാണ് ഈ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്. ബ്രക്‌സിറ്റ് അനുകൂലിയുമായ ബോറിസ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം മുസ്‌ലീം സ്ത്രീകളുടെ വസ്ത്രധാരണത്തെയും പര്‍ദ്ദയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ബോറിസ് നടത്തിയിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നും തപാല്‍പ്പെട്ടിക്ക് സമമാണെന്നുമായിരുന്നു ബോറിസിന്റെ പ്രസ്താവന. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. തീവ്ര വലതുപക്ഷ ചിന്താഗതികളാലും വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാര്‍ട്ടിയില്‍നിന്നുമടക്കം ബോറിസ് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് ബോറിസ്. ബ്രിട്ടണില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് പകരക്കാരനായി ബോറിസ് ജോണ്‍സണ്‍ വരുമെന്ന് ട്രംപ് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളോടും വിമത ശബ്ദങ്ങളോടും ട്രംപിന്റെ വിദ്വേഷ നിലപാട് തന്നെയാണ് ബോറിസിനുമെന്ന് വിമര്‍ശകര്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വലതുപക്ഷ നിലപാടുകളുടെ കാര്യത്തിലും ഇരുവര്‍ക്കും ഒരേ ശബ്ദമാണ്.
രാഷ്ട്രീയക്കാരനായല്ല, മാധ്യമപ്രവര്‍ത്തകനായാണ് ബോറിസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദ ടൈംസ് ഓഫ് ലണ്ടനിലായിരുന്നു മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ബോറിസിനെ ഒരു പ്രസ്താവന കൃത്രിമമായി വളച്ചൊടിച്ചതിന്റെ പേരില്‍ ടൈംസ് പുറത്താക്കി. തുടര്‍ന്ന് ‘ദ ഡെയ് ലി ടെലഗ്രാഫി’ന്റെ ലേഖകനായി. വലതുപക്ഷ ബ്രിട്ടണെ പുളകംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്റെ ടെലഗ്രാഫിലെ ലേഖനങ്ങള്‍. 1994ല്‍ ടെലിഗ്രാഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി അദ്ദേഹം നിയമിതനായി. 1999ല്‍ ‘ദ സ്‌പെക്ടേറ്ററി’ല്‍ എഡിറ്ററായും ചുമതലയേറ്റെടുത്തു.
ബ്രെക്സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലായിരുന്നു തെരേസ മേയ് രാജിവച്ച് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന നേതാവാണ് ബോറിസ് ജോണ്‍സണ്‍. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്നും ബ്രക്‌സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുകയുമാണ് നയമെന്ന് ബോറിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പലം പുറത്തുവന്നതിന് പിന്നാലെയും അദ്ദേഹമിത് ആവര്‍ത്തിച്ചു. ബ്രക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി ബോറിസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടന്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് രാജി. അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബോറിസിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ത്തന്നെ വിമതശബ്ദങ്ങളുമുണ്ട്.
ബോറിസിന്റെ നയങ്ങളോട് കടുത്ത എതിര്‍പ്പുള്ള മറ്റ് ചില നേതാക്കളും രാജിക്കൊരുങ്ങുന്നുണ്ട്. ധനമന്ത്രി ഫിലിപ്പ് ഹാമണ്ട്, നിയമ മന്ത്രി ഡേവിഡ് ഗൗക്കെ എന്നിവരാണ് ബോറിസ് തലപ്പത്ത് എത്തിയാല്‍ രാജിയെന്ന് പ്രഖ്യാപച്ചിട്ടുണ്ട്. ബ്രിട്ടന്‍ അപമാനിക്കപ്പെടാന്‍ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ അഭിപ്രായപ്പെട്ടത്.
മുന്‍ ലണ്ടന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ബോറിസ് 2001ലാണ് ഹെന്‍ലി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2008 മുതല്‍ 2016 വരെ ലണ്ടന്‍ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.