ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വ്യക്തി, സോഷ്യലിസ്റ്റ് നേതാവ് പ്രസിഡന്റായി വന്നപ്പോള്‍ സ്വന്തം രാജ്യമായ ഫ്രാന്‍സ് വിട്ട് അമേരിക്കയിലേക്ക് പോയ ബിസിനസുകാരന്‍. നികുതി വെട്ടിപ്പിന് വേണ്ടി ബെല്‍ജിയം പൗരത്വത്തിന് ശ്രമിക്കുന്ന ‘രാജ്യദ്രോഹി’ എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ പണക്കാരന്‍. ഒമ്പതിനായിരം തൊഴിലാളികളെ നിഷ്‌കരുണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ‘ദി ടെര്‍മിനേറ്റര്‍’ എന്ന് ടൈറ്റില്‍ സ്വന്തമാക്കിയ ആള്‍….
ആരാണ് ബെര്‍നാഡ് ആര്‍നോള്‍ട് ?
2022ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന നേട്ടത്തിനുടമയായി ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഫ്രഞ്ച് ബിസിനസ് സാമ്രാട്ടായ ബെര്‍നാഡ് ആര്‍നോള്‍ട്. LVMH എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അത്യാഡംബര ഫാഷന്‍ ഉല്‍പന്നങ്ങളിലെ അവസാന വാക്കായ ‘മോയേ ഹെന്നസ്സി ലൂയി വിറ്റാന്‍’ എന്ന കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹത്തിന്റെ ആസ്തി 2022 ഡിസംബറിലെ ഫോബ്‌സ് കണക്കനുസരിച്ച് 181.8 ബില്യണ്‍ യു.എസ് ഡോളറാണ്.
LVMH സാമ്രാജ്യത്തിന്റെ അധിപന്‍ എന്ന പേരിനോട് സ്വാഭാവികമായി ചേരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന വിശേഷണം. പക്ഷേ അതിനപ്പുറം ആരാണ് ശരിക്കും ബെര്‍നാഡ് ആര്‍നോള്‍ട് എന്ന അതി സമ്പന്നന്‍ ?
എഴുപത്തിമൂന്ന് വയസ്സുള്ള ഈ പാരീസുകാരനും അദ്ദേഹത്തിന്റെ അഞ്ച് പിന്‍മുറക്കാരും ചേര്‍ന്നാണ് മോയേ ഹെന്നസി ലൂയി വിറ്റാന്‍ (LVMH) എന്ന ആഡംബരത്തിലെ അവസാന വാക്കായ ബ്രാന്‍ഡിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ക്രിസ്റ്റ്യന്‍ ഡിയോ, മാര്‍ക്ക് ജേക്കബ്‌സ്, സെഫോറ തുടങ്ങിയ വിലയേറിയ അത്യാഡംബര ഫാഷനുകളുടെയും കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെയും ലോകോത്തര ബ്രാന്‍ഡുകളടങ്ങുന്നതാണ് ഈ ബഹുരാഷ്ട്ര കുത്തക കമ്പനി. കൂടാതെ LVMHന്റെ ഭാഗമായ എഴുപത്തിമൂന്ന് കമ്പനികളില്‍ മൂന്ന് ദശലക്ഷം ഡോളറിന്റെ ബോട്ടുകള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഒരു ബ്രിട്ടീഷ് കമ്പനിയും ആയിരം ഡോളറിന് വൈറ്റ് ഗോള്‍ഡില്‍ പൊതിഞ്ഞ കുപ്പികളില്‍ ഷാമ്പെയിന്‍ വില്‍ക്കുന്ന ഒരു ഷാമ്പെയിന്‍ നിര്‍മ്മാണ കമ്പനി വരെ ഉള്‍പെടുന്നുണ്ട്. ആത്യാഡംബരം ആണ് എല്ലാറ്റിന്റെയും മുഖമുദ്ര. ആര്‍നോയുടെ ജീവിത പശ്ചാത്തലവും നിലപാടുകളും പരിശോധിക്കുമ്പോള്‍ അത്യാഡംബരത്തോടുള്ള പ്രതിപത്തി കേവല കച്ചവട സാധ്യതകള്‍ക്കപ്പുറത്തുള്ള പലതിലേക്കും വിരല്‍ ചൂണ്ടും.
വടക്കന്‍ ഫ്രാന്‍സില്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആര്‍നോ 1981ല്‍ ആദ്യത്തെ സോഷ്യലിസ്റ്റ് പ്രസിഡണ്ടായി ഫ്രാങ്കോയി മിത്തറാങ്ങ് തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അസ്വസ്ഥനായി. അങ്ങനെ തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അമേരിക്കയിലേക്ക് പറന്നു. വലതുപക്ഷ ആശയങ്ങളുടെ തല തൊട്ടപ്പനായ റോണള്‍ഡ് റീഗന്‍ അമേരിക്കന്‍ പ്രസിഡണ്ടായിരിക്കുന്ന സമയത്തായിരുന്നു ഇത്.
രണ്ടു വര്‍ഷത്തിനു ശേഷം 1983ല്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തി ‘ഡിയോ(Dior)’ ഫാഷന്‍ ഹൗസിന്റെ ഉടമസ്ഥതയിലുള്ള ബോസ്റ്റക് സാമ്രാജ്യം വിലക്കെടുത്തു. ടെക്‌സ്‌റ്റൈല്‍, റീട്ടെയില്‍ രംഗത്തെ അധിപന്‍മാരായിരുന്നു അവര്‍. സമ്പന്നര്‍ ആനുപാതികമായി നികുതി നല്‍കണമെന്ന ആശയം ആര്‍നോള്‍ഡിന് ഒരിക്കലും ദഹിച്ചിരുന്നില്ല. വര്‍ദ്ധിച്ചു വരുന്ന നികുതിയില്‍ പ്രതിഷേധിച്ച് 2012ല്‍ വീണ്ടും ബെല്‍ജിയത്തിലേക്ക് നാട് വിടാന്‍ തീരുമാനിച്ചു. പക്ഷേ രാജ്യത്തെ മാധ്യമങ്ങളടക്കം നാനാഭാഗത്ത് നിന്നും വിമര്‍ശനമുന്നയിച്ചപ്പോള്‍ തീരുമാനം ഉപേക്ഷിച്ച് തടിയൂരി.
നികുതി വെട്ടിപ്പിന് വേണ്ടി ബെല്‍ജിയം പൗരത്വത്തിന് ശ്രമിക്കുന്ന ‘രാജ്യദ്രോഹി’ എന്നാണ് മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചത്. തീരുമാനം ഉപേക്ഷിച്ചെങ്കിലും തീവ്ര വലതുപക്ഷ ആശയങ്ങളോടുള്ള ഇഷ്ടവും തൊഴിലാളി വിരുദ്ധതയും എപ്പോഴും കൂടെ കൊണ്ടുനടന്നു. ഒമ്പതിനായിരം തൊഴിലാളികളെ നിഷ്‌കരുണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ കിട്ടിയ പേര് ‘ദി ടെര്‍മിനേറ്റര്‍’ എന്നായിരുന്നു.
ഈയിടെ ട്വിറ്റര്‍ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്ത ഇലോണ്‍ മസ്‌കിനെ മറികടന്നുകൊണ്ടാണ് ബെര്‍ണാഡ് ആര്‍നോ ഈ ‘നേട്ടം’ കൈവരിക്കുന്നത്. കോവിഡാനന്തര കാലത്ത് സാമ്പത്തിക അസമത്വത്തില്‍ വന്ന ഭീകരമായ വര്‍ദ്ധനവും അസമത്വത്തിന്റെ ആള്‍രൂപമായ ആര്‍നോയുടെ വളര്‍ച്ചയും ആഗോള സാമ്പത്തിക മേഖലയുടെ ദിശാ സൂചികകളാണ്.
ആര്‍നോള്‍ട് തന്റെ കുത്തക നിലനിര്‍ത്തുന്നത് അതിസമ്പന്നര്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങളുടെ വിപണിയിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സമ്പത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്നു. LVMH 2019ല്‍ 3.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് 46 ഹോട്ടലുകളുടെ ശ്യംഖലയായ ബെല്‍മോണ്ട് ഏറ്റെടുത്തു. കൂടാതെ ഇക്കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ജ്വല്ലറി നിര്‍മ്മാതാക്കളായ Tiffany & Co എന്ന കമ്പനിയെ 15.8 ബില്യണ്‍ ഡോളറിനാണ് LVMH വിഴുങ്ങിയത്. ഒരു ആഡംബര ബ്രാന്‍ഡിന്റെ ഇതുവരെയുണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്.
കോവിഡ് മഹാമാരിക്കാലത്ത് ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സമ്പന്നര്‍ അതിസമ്പന്നരായിട്ടുണ്ടെന്ന വസ്തുത ലോകബാങ്ക് പോലും അംഗീകരിക്കുന്നു. ലോകത്തെ പത്ത് അതിസമ്പന്നരില്‍ ഒരാളായ ആര്‍നോള്‍ട് തന്റെ സമ്പത്ത് അക്കാലത്ത് ഇരട്ടിയിലധികമാക്കി.
എത്രത്തോളമെന്ന് വെച്ചാല്‍ 700 ബില്യണ്‍ ഡോളറില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളറിലേക്കുള്ള ഒരു കുതിച്ചുചാട്ടമായിരുന്നു അത്. അതായത് സെക്കന്റില്‍ $15000 അഥവാ ദിവസത്തില്‍ $1.3 ബില്യണ്‍ എന്ന നിരക്കില്‍.
കൂടുതല്‍ വിശദമായി പറഞ്ഞാല്‍ ലോകത്തെ ഒരു ദശലക്ഷം ഡോളറിലധികം ആസ്തിയുള്ള ഒരു ശതമാനത്തിന്റെ കൈവശമാണ് ഇപ്പോള്‍ ലോക സമ്പത്തിന്റെ പകുതിയോളവും (അതായത് 45.8%) കിടക്കുന്നത്. താഴേക്കിടയിലുള്ളവരും മധ്യവര്‍ഗവും കൂടുതല്‍ കൂടുതല്‍ ദരിദ്രരാവുന്നു. സര്‍ക്കാര്‍ തലത്തിലുള്ള സാമ്പത്തിക ഉത്തേജക പാക്കേജുകളും കടാശ്വാസ പദ്ധതികളുമെല്ലാം ഫലത്തില്‍ സഹായകരമാവുന്നത് സമ്പന്നര്‍ക്കാണ്.
അതായത് അത്യാഡംബര ബ്രാന്‍ഡിന്റെ അധിപനായ ആര്‍നോള്‍ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയിലേക്കുയര്‍ന്നു എന്നതിനര്‍ത്ഥം സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി എന്നു തന്നെയാണ്. കോവിഡ് മഹാമാരി സമ്പന്നരുടെ സാമ്പത്തിക വളര്‍ച്ചയെ ഒട്ടും ബാധിച്ചില്ല എന്നു മാത്രമല്ല അവരെ അതിസമ്പന്നരാക്കി എന്നുകൂടി നമുക്കിതില്‍ നിന്നും വായിച്ചെടുക്കാം.
ഇടതുപക്ഷവും, ചില ലിബറലുകളും ഇലോണ്‍ മസ്‌കിന്റെ ഇടിവിനെ ആഘോഷമാക്കുന്നുണ്ട്. മസ്‌കിന്റെ പതന കാരണം ഒരു പരിധിവരെ നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളു. ഒക്ടോബറില്‍ ട്വിറ്ററിന്റെ CEO സ്ഥാനം ഏറ്റെടുത്തതു മുതല്‍ അദ്ദേഹം ടെക് ലോകത്തെ കോമാളിയായ ഒരു ധനിക കുമാരനെപ്പോലെയാണ് പെരുമാറിയത്. ഡോണ്‍ള്‍ഡ് ട്രംപുമായി അല്‍ഭുതകരമായ സാമ്യം പുലര്‍ത്തുന്ന ചെയ്തികള്‍. ബിസിനസ്പരവും തൊഴില്‍ പരവുമായ തീരുമാനങ്ങളെല്ലാം അദ്ദേഹമെടുത്തത് വളരെ പെട്ടന്ന് ഏകപക്ഷീയമായും തന്റെ അഹംഭാവത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു.
മസ്‌കിന്റെ താഴ്ചയുടെ മറ്റൊരു കാരണമായി എടുത്ത് പറയാവുന്നതാണ് ഉപഭോക്താവിന്റെ യാതൊരുവിധ താല്‍പര്യങ്ങളും പരിഗണിക്കാതെ, കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ള ബിസിനസ് മോഡലുകള്‍ക്കേറ്റ മങ്ങല്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ജനങ്ങള്‍ അകലാന്‍ കാരണം യൂസേഴ്‌സിനെ പരമാവധി വെറുപ്പിച്ച് കാശ് കൊയ്യാന്‍ നോക്കിയ കമ്പനികളുടെ ആര്‍ത്തിയാണ്. മസ്‌ക് മാത്രമല്ല, സക്കര്‍ബര്‍ഗിന്റെ മെറ്റയും കനത്ത തിരിച്ചടി നേരിടുകയാണ്.
ഇതില്‍ നിന്നും വ്യത്യസ്തനാണ് ബെര്‍നാഡ് ആര്‍നോള്‍ടും LVMHഉം എന്നത് സത്യം. എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍ ആര്‍നോള്‍ടിന്റെ ഉദയം ഒട്ടും ആഘോഷമാക്കേണ്ടതില്ല, അപകടകരമായ പല സൂചനകളും നല്‍കുന്നുമുണ്ട്. അദ്ദേഹം ഇലോണ്‍ മസ്‌കിനെ പോലെയല്ല എന്നത് നേര്. ആര്‍നോള്‍ടിന്റെ താല്‍പര്യങ്ങള്‍ മസ്‌കില്‍ നിന്നും വ്യത്യസ്തമാണ് താനും. കൂടുതല്‍ പരിഷ്‌കൃത താല്‍പര്യങ്ങളാണെന്ന് പറയാം. മസ്‌ക് ട്വിറ്റര്‍ എന്ന തന്റെ പുതിയ കളിപ്പാട്ടമുപയോഗിച്ച് ഇടതുപക്ഷത്തെ ചൊറിയുന്നത് പോലെ ആര്‍നോള്‍ട് അതിന് മുതിരുന്നില്ല.
ഉപഭോക്തൃ താല്‍പര്യം ഒട്ടും പരിഗണിക്കാത്ത ടെക് കമ്പനികള്‍ കോവിഡ് പ്രതിസന്ധി മുതലെടുത്ത് നടത്തിയ മുന്നേറ്റം നിലക്കുന്നു എന്ന സൂചനയിലും ബേജാറാവേണ്ടതില്ല. പക്ഷേ അദ്ദേഹത്തിന്റെ കിരീടധാരണം നല്‍കുന്നത് മറ്റൊരു സൂചനയാണ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ചെയ്ത കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാരുടെ ജീവിതോപാധികള്‍ ആഗോള തലത്തില്‍ തന്നെ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ഏറ്റവും ഉന്നത ശ്രേണിയിലുള്ള അതിസമ്പന്നരായ 0.1 ശതമാനത്തെ ലക്ഷ്യമിടുന്ന അത്യാഡംബര ബ്രാന്‍ഡുകളുടെ കുത്തക കമ്പനി വന്‍ നേട്ടം കൊയ്യുകയാണ്. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളോടുള്ള പ്രണയവും തൊഴിലാളി വിരുദ്ധതയും കൈമുതലാക്കിയ ബെര്‍നാഡ് ആര്‍നോള്‍ട് ആണതിന്റെ അമരക്കാരന്‍ എന്നത് കൂടുതല്‍ അസ്വസ്ഥതയുളവാക്കുന്നു.
Content Highlight: Who is Bernard Arnault, who overcame Elon Musk to be the richest man in the world