| Thursday, 12th December 2024, 1:40 pm

മെക് സെവന് പിന്നിലാര്? ജമാഅത്തെ ഇസ്‌ലാമിയോ പോപ്പുലര്‍ ഫ്രണ്ടോ? വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലബാര്‍ ജില്ലകളിലും ജി.സി.സി രാജ്യങ്ങളില്‍ ചിലയിടത്തും വ്യാപിച്ചുകഴിഞ്ഞ വ്യായാമ കൂട്ടായ്മ മെക് സെവന് പിന്നില്‍ ആരാണെന്നതിനെ കുറിച്ചുള്ള വിവാദങ്ങളും ചോദ്യങ്ങളും കനക്കുന്നു. മെക് സെവന് പിന്നില്‍ നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടാണെന്നും ജമാഅത്തെ ഇസ്‌ലാമിയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.

പ്രധാനമായും എ.പി. സുന്നി വിഭാഗം, സി.പി.ഐ.എം എന്നീ സംഘടനകളില്‍ നിന്നാണ് നിലവില്‍ പ്രത്യക്ഷമായി ഈ സംവിധാനത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍, എ.പി. സുന്നി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേരത്തെ തന്നെ മെക് സെവനെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് സമൂഹമാധ്യമങ്ങളിലടക്കം ഈ സംവിധാനത്തിനെതിരെയുള്ള സംശയങ്ങളും വിവാദങ്ങളും കൂടുതലായി ഉയര്‍ന്നത്.

മെക് സെവന് പിന്നിലാര്? ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്ത്? എന്ത് കൊണ്ട് മുസ്‌ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മെക് സെവന്‍ പ്രവര്‍ത്തിക്കുന്നു? എന്നതാണ് ഉയരുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടത്.

നേരത്തെ ഒരു പ്രസംഗത്തില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍ ഈ സംവിധാനത്തിന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണ് എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പരിശോധിച്ചപ്പോള്‍ അതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉണ്ടെന്ന് കണ്ടെത്തി എന്നുമായിരുന്നു പി. മോഹനന്റെ ആരോപണം. മാത്രവുമല്ല ജമാഅത്തെ ഇസ്‌ലാമി നേതാക്കളാണ് പ്രാദേശികമായ ഈ സംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കി നല്‍കുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഈ പ്രസംഗത്തില്‍ പറയുന്നുണ്ട്.

ഇതേകാലയളവില്‍ തന്നെയാണ് എ.പി. സുന്നിവിഭാഗം നേതാവായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും മെക് സെവന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച്‌കൊണ്ട് രംഗത്ത് വന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. സുന്നികള്‍ക്കിടയിലെ അവരുടെ വിശ്വാസവും ജീവിത രീതികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിള്ളലുണ്ടാകുന്നതിന്റെ ഭാഗാമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. വിവിധ മുസ്‌ലിം വിഭാഗങ്ങളില്‍പെട്ടവര്‍ തമ്മില്‍ സലാം പറയുന്നതിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള വിശ്വാസപരമായ ചില വിലക്കുകളുണ്ടെന്നും അവയെ എതിര്‍ക്കുന്ന രീതിയിലുള്ള ചില ഇടപെടലുകള്‍ മെക് സെവന്റെ ഭാഗത്ത് നിന്നുണ്ടായി എന്നും അദ്ദേഹം ഇതിന് ഉദാഹരണമായി അദ്ദേഹം പറയുന്നു.

പേരോടിന്റെ സംശയത്തിന് കാരണമായെന്ന് കണക്കാക്കപ്പെടുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്രയും കാലം പരസ്പരം സലാം പറയാതിരുന്നവര്‍ പരസ്പരം സലാം പറയണമെന്ന് ആഹ്വാനം ചെയ്യുന്ന മെക് സെവന്‍ നേതാവിന്റെ ഒരു വീഡിയോ ആണത്.

എസ്.വൈ.എസ്. കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂരാണ് സമൂഹമാധ്യമങ്ങളിലുടെ പ്രത്യക്ഷമായി ഈ ചോദ്യങ്ങള്‍ ആദ്യമായി ഉയര്‍ത്തിയത്. ഫേസ്ബുക്കിലൂടെയായിയിരുന്നു അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ച ആദ്യ പ്രതികരണം. കേവലം രണ്ട് വര്‍ഷം കൊണ്ട് ഇത്രയധികം വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഈ സംവിധാനത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടനകളുടെ ഇടപെടലുകളുണ്ടാകും എന്ന സംശയമാണ് അദ്ദേഹം ഉയര്‍ത്തിയിരുന്നത്. പിന്നാലെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമാധ്യങ്ങളില്‍ സജീവമായത്.

അതേ സമയം മെക് സെവനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘടനയുടെ അംബാസിഡറായ ബാവ അറക്കല്‍ പറയുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെക് സെവനില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ഉണ്ടെന്നും എല്ലാ മതി വിഭാഗത്തില്‍ പെട്ടവരും ഈ കൂട്ടായ്മയില്‍ അംഗങ്ങളാണെന്നും അദ്ദേഹം പറയുന്നു.

എ.പി. സുന്നി വിഭാഗം പ്രവര്‍ത്തകരില്‍ നിന്ന് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ സംശയിച്ച്‌കൊണ്ടുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉയര്‍ന്നപ്പോള്‍ എസ്.വൈ.എസ്. നേതാവ് അബ്ദുല്‍ ഹകീം അസ്ഹരി ഇവരുടെ വ്യായാമം നടക്കുന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് മെക്‌സെവന്‍ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഈ കൂട്ടായ്മയുമായി ബന്ധമില്ലെന്നും ചിലര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

2012ലാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച മലപ്പുറം തുറക്കല്‍ സ്വദേശി സലാഹുദ്ദീന്‍ എന്ന വ്യക്തി മെക് സെവന്‍ എന്ന വ്യായാമ കൂട്ടായ്മക്ക് രൂപം നല്‍കിയത്. വിവിധ വ്യായാമ മുറകള്‍ ഏഴെണ്ണമാക്കി സംയോജിപ്പിച്ച രീതിയാണിത്. 2012ലാണ് ഒദ്യോഗികമായി തുടങ്ങിയതെങ്കിലും 2022 മുതലാണ് ഇത് സജീവമായത്. കൊവിഡിന് ശേഷം ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത് ഈ സംവിധാനത്തിന്റെ പെട്ടെന്നുള്ള പ്രചാരത്തിന് കാരണമായതായാണ് വിലയിരുത്തല്‍.

ഇന്ന് കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ ജില്ലകളില്‍ ആയിരത്തോളം യൂണിറ്റുകള്‍ ഇവര്‍ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ചില ജി.സി.സി. രാഷ്ട്രങ്ങളിലും ഇവര്‍ക്ക് യൂണിറ്റുണ്ട്. പ്രദേശികമായ ഒരു പൊതുസ്ഥലത്ത് പ്രത്യേക യൂണിഫോമില്‍ ഒത്തുചേര്‍ന്ന് വ്യായാമം പരിശീലിക്കുന്നതാണ് ഇവരുടെ രീതി. പൂര്‍ണമായും സൗജന്യമായാണ് ഇത് നടക്കുന്നത്.

content highlights: Who is behind Mec Seven? Jamaat-e-Islami or Popular Front? Controversy

We use cookies to give you the best possible experience. Learn more