| Wednesday, 8th January 2020, 4:31 pm

മാര്‍ക്‌സും ലെനിനുമുണ്ട്...ആരാണ് ആം ആദ്മിയുടെ അതിഷി മാര്‍ലെന

അനുശ്രീ

ദല്‍ഹിയില്‍ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള മൂന്നംഗ കമ്മറ്റിയും രൂപീകരിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ ദേശീയ വക്താവായ അതിഷി മാര്‍ലെനയെയാണ് ഈ മൂന്നംഗ കമ്മിറ്റിയെ നയിക്കുന്നതിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

2015 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ദല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മിപാര്‍ട്ടി ഇത്തവണയും തെരഞ്ഞെടുപ്പില്‍ വിജയം നേടാനായി പരിശ്രമിക്കുമ്പോള്‍ ഒരേ സമയം ദേശീയരാഷ്ട്രീയത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി യോടും കോണ്‍ഗ്രസിനോടും ഏറ്റുമുട്ടേണ്ടിയിരിക്കുന്നു.

അപ്പോള്‍ അത്രകണ്ട് സൂഷ്മതയൊടെ തയ്യാറാക്കേണ്ട പ്രകടന പത്രികയുടെ നിര്‍മ്മാണ കമ്മിററിയുടെ ചുമതല ഒരാളെ ഏല്‍പ്പിക്കുമ്പോള്‍ കെജ്രിവാളിന് ഒട്ടും പിഴക്കാന്‍ പാടില്ല. അവിടെയാണ് അതീഷി മര്‍ലേന എന്ന പേര് ശ്രദ്ധേയമാകുന്നത്.

ആംആദ്മി പാര്‍ട്ടി നേതാവായ അതീഷി ഇന്ത്യയിലെ പ്രഗത്ഭയായ വിദ്യാഭ്യസ പ്രവര്‍ത്തകയാണെന്ന് ഒറ്റ വാക്യത്തില്‍ പറയാമെങ്കിലും അവരെ ആ ലേബലില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല .

ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പി പരിഹസിക്കുകയും തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയെന്ന് കോണ്‍ഗ്രസ് മുദ്രകുത്തുകയും ചെയ്ത അതീഷി മര്‍ലേനയെയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആംആദ്മി ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പി കുപ്രചരണങ്ങള്‍ ആദ്യം ആരഭിച്ചത് അതീഷിയുടെ പേരില്‍ നിന്നായിരുന്നു. മാര്‍ലെന എന്ന പേര് ഭാരതീയമല്ലയെന്നതായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍ അതീഷിയുടെ പേരിന്റെ രാഷ്ട്രീയം മറ്റൊന്നായിരുന്നു.

ഇടതുപക്ഷ പ്രവര്‍ത്തകരും മിശ്രവിവാഹിതരുമായിരുന്ന അതിഷിയുടെ അച്ഛനമ്മമാര്‍ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലേനയെന്ന പേര്. മാര്‍കിസ്റ്റ് സൈദ്ധാന്തികരായ മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ് മാര്‍ലെന എന്ന പേര് നിര്‍ദേശിച്ചത്. അതിഷിക്ക് നേരെ ബി.ജെ.പി ഇന്നും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ആയുധവും ഇത് തന്നെ.

1981 ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ ജനിച്ച അതിഷി, സ്പ്രിങ് ഡെയില്‍ സ്‌ക്കൂളില്‍ നിന്ന് ഹൈസ്‌ക്കുള്‍ വിദ്യഭ്യാസവും സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദംപൂര്‍ത്തിയാക്കി അവിടെ തന്നെ ഗവേഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അധ്യാപനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവും തുടര്‍ന്നുപോന്നു. 2013 ലായിരുന്നു ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. നിര്‍ഭയ സംഭവത്തിലുള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന അതീഷി ദല്‍ഹിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും തലസ്ഥാനത്ത സ്‌ക്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി പങ്ക് വഹിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അതിഷി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഒട്ടും പിന്നോട്ട് പോയിരുന്നില്ല.

ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിപ്പോള്‍ വീണ്ടും അതിഷിയുടെ പേര് ഉയര്‍ന്നിരിക്കുന്നു. ജനുവരി പത്തിന് അവസാനിക്കുന്ന ദല്‍ഹിയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രകടനപത്രിക പുറത്തിറക്കാനാണ് ആംആദ്മിയുടെ തീരുമാനം. അതീഷിയെ കൂടാതെ പാര്‍ട്ടി ദേശീയ വക്താവ് ജാസ്മിന്‍ ഷാ, പാര്‍ട്ടി ദേശീയ വക്താവ് ഡോ: അജോയ് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ