| Sunday, 1st September 2019, 12:24 pm

ആരാണ് ആരിഫ് മുഹമ്മദ് ഖാന്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാവുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം

കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ ജനനം ഉത്തര്‍പ്രദേശിലായിരുന്നു. അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായി അദ്ദേഹം പഠനം പൂര്‍ത്തിയാക്കി.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് 1977-ല്‍ അദ്ദേഹം യു.പി നിയമസഭയിലെത്തി. അന്ന് അദ്ദേഹത്തിന്റെ പ്രായം 26 വയസായിരുന്നു. പിന്നീട് 1980-ല്‍ ആരിഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ല്‍ കാണ്‍പൂരില്‍നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍നിന്നും പിരിഞ്ഞ് പാര്‍ട്ടി വിട്ടു. ജനതാദളിലേക്കായിരുന്നു പിന്നീടത്തെ യാത്ര. തുടര്‍ന്ന് ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 1989-ല്‍ വീണ്ടും ലോക്‌സഭയിലെത്തി. ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1989ലാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്.

1998-ല്‍ ജനതാദള്‍ വിട്ട് ബി.എസ്.പിയിലേക്ക്. ബറൈച്ചില്‍ നിന്ന് മത്സരിച്ച് വീണ്ടും ലോക്‌സഭയില്‍.

കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളിലെ പ്രവര്‍ത്തനശേഷം അദ്ദേഹം ബി.ജെ.പിലേക്ക് ലയിച്ചു. 2004ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബി.എസ്.പിയില്‍നിന്നും പടിയിറങ്ങി ബി.ജെ.പിയില്‍ ചേക്കേറുന്നത്. തുടര്‍ന്നും മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. പിന്നീട് അദ്ദേഹം ബി.ജെ.പിയും വിടുന്നതായി പ്രഖ്യാപിച്ചു. 2007ലായിരുന്നു ഇത്. പക്ഷേ, മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വത്തോട് അനുകൂല നിലപാടായിരുന്നു.

ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആന്‍ഡ് കോണ്ടക്സ്റ്റ്, ഖുറാന്‍ ആന്‍ഡ് കണ്ടംപററി ചലഞ്ചസ് തുടങ്ങിയവ ആരിഫിന്റെ രചനകളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more