| Thursday, 23rd November 2023, 4:04 pm

യഹൂദമതത്തിലേക്ക് പരിവര്‍ത്തനം ആഗ്രഹിക്കുന്ന വലതുപക്ഷക്കാരനായ അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ആരാണ് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനും സ്വയം പ്രഖ്യാപിത അരാജക- മുതലാളിത്തവാദിയുമായ ജാവിയര്‍ മിലേയുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയും അദ്ദേഹത്തിന് കീഴിലുള്ള അര്‍ജന്റീനയുടെ സ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇനിയെങ്ങനെയാവുമെന്നുമാണ് പലരും ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ പ്രകടനപത്രികകള്‍ക്കപ്പുറം രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് മിലേ. അര്‍ജന്റീനയുടെ മുന്‍ സാമ്പത്തിക മന്ത്രിയും ഇടത് നേതാവുമായ സെര്‍ജിയോ മാസയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ പ്രസിഡന്റായി മിലേ എത്തുന്നത്.

ഡൊണാള്‍ഡ് ട്രംപുമായും ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുമായുമാണ് മിലെ അദ്ദേഹത്തെ തന്നെ താരതമ്യപ്പെടുത്തുന്നത്. ഒട്ടും ആശ്ചര്യമില്ലെന്ന് പറയട്ടെ അധികാരാസക്തരായ ഈ രണ്ട് മുന്‍ പ്രസിഡന്റുമാരും, പുതിയ അര്‍ജന്റീനിയന്‍ പ്രസിഡന്റിനെ അഭിനന്ദിക്കാന്‍ ഓടിയെത്തി.

‘ഞാന്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് വളരെ അഭിമാനിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പൂര്‍ണ്ണമായും മാറ്റിയെടുത്തു. അര്‍ജന്റീനയെ നിങ്ങള്‍ ഇനിയും മികച്ചതാക്കും,’ എന്നായിരുന്നു ട്രംപ് തന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ കുറിച്ചത്

‘ജാവിയര്‍ മിലേയുടെ വിജയത്തിന് അര്‍ജന്റീനിയന്‍ ജനതയ്ക്ക് അഭിനന്ദനങ്ങള്‍. തെക്കേ അമേരിക്കയില്‍ വീണ്ടും പ്രതീക്ഷകള്‍ തിളങ്ങുകയാണ് ‘എന്നായിരുന്നു മിലേയെ അഭിനന്ദിച്ചുകൊണ്ട് ബോള്‍സനാരോ എക്‌സില്‍ കുറിച്ചത്.

ഗസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യയ്ക്ക് മിലേ നല്‍കിയ പിന്തുണയും അദ്ദേഹത്തിന്റെ സയണിസ്റ്റ് അനുകൂല നിലപാടും ഏറെ ചര്‍ച്ചയായിരുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ അമേരിക്കയും ഇസ്രഈലും സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മിലേ പ്രഖ്യാപിച്ചിരുന്നു.

‘ന്യൂയോര്‍ക്കില്‍ നിന്ന്, ഞാന്‍ ഇസ്രഈലിലേക്ക് പോകും. ഞങ്ങള്‍ ഇതിനകം അര്‍ജന്റീനയിലെ ഇസ്രഈല്‍ അംബാസഡറുമായി സംസാരിച്ചിരുന്നു,’ എന്നായിരുന്നു സയണിസ്റ്റ് അസ്തിത്വവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിച്ചുകൊണ്ട് മിലേ പറഞ്ഞത്.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തില്‍ മിലേയെ അഭിനന്ദിക്കുകയും ഇരു രാജ്യവും തമ്മിലുള്ള ‘ബന്ധം ശക്തിപ്പെടുത്തുന്നതിന്’ ടെല്‍ അവീവ് സന്ദര്‍ശിക്കാന്‍ മിലേയെ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്കിടയിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പല വേദികളിലും ഇസ്രഈല്‍ അനുകൂല പരാമര്‍ശം നടത്തുകയും ഇസ്രഈല്‍ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു മിലേ.

ആരാണ് ജാവിയര്‍ മിലേ ?

രണ്ട് ദശാബ്ദത്തിലേറെയായി സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി ജോലി ചെയ്ത വ്യക്തിയും സാമ്പത്തിക ശാസ്ത്ര പരിശീലകനുമാണ് മിലേ. കൂടാതെ മിനാര്‍ക്കിസ്റ്റ്, അരാജകത്വ-മുതലാളിത്ത തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ‘ലിബറല്‍ ലിബര്‍ട്ടേറിയന്‍’ ആയായാണ് മിലേ അദ്ദേഹത്തെ തന്നെ വിശേഷിപ്പിക്കുന്നത്.

ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ ഏറ്റവും കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും സുരക്ഷ നടപ്പിലാക്കുന്നതില്‍ മാത്രമാകണം ഭരണകൂടത്തിന്റെ ശ്രദ്ധയെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക മന്ത്രാലയങ്ങളും നിര്‍ത്തലാക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് അര്‍ജന്റീന അടച്ചുപൂട്ടണമെന്നും മിലേ വാദിക്കുന്നു. സാമ്പത്തിക രംഗത്ത്, സാമ്പത്തിക ഉദാരവാദത്തെയും സാമ്പത്തിക യാഥാസ്ഥിതികതയെയുമാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്.

സ്‌കൂള്‍ കാലം മുതല്‍, മിലേയ്ക്ക് എല്‍ ലോക്കോ (ഭ്രാന്തന്‍) എന്നൊരു വിളിപ്പേരുണ്ടായിരുന്നു. മിലേയുടെ സംസാരരീതിയും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളും എതിരാളികളോട് അദ്ദേഹം സ്വീകരിക്കുന്ന വൈകാരിക നിലപാടുകളുമായിരുന്നു ഈ വിളിപ്പേരിനുള്ള കാരണം. 2010 ല്‍ ഒരു ‘ജനപ്രിയ’ റേഡിയോ അവതാരകനായും മിലേ മാറി.

2021 ലാണ് മിലേയുടെ ഔദ്യോഗിക രാഷ്ട്രീയപ്രവേശനം. ബ്യൂണസ് അയേഴ്സിനെ പ്രതിനിധീകരിച്ച് നാഷണല്‍ ഡെപ്യൂട്ടി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു ഇത്. വോട്ടിങ്ങില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു പിന്നീട് മിലേയുടെ പ്രവര്‍ത്തനങ്ങള്‍.

രാജ്യം നേരിട്ട ദീര്‍ഘകാല സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മിലേ എത്തി. സര്‍ക്കാരിന്റെ ചെലവുകളും ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് മിലേ പ്രചരിപ്പിച്ചു. സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സമൂലമായ സാമ്പത്തിക പദ്ധതികള്‍ നടപ്പിലാക്കുമെന്നും പണപ്പെരുപ്പം ഇല്ലാതാക്കുമെന്നും മിലേ വാഗ്ദാനം ചെയ്തു.

എന്താണ് മിലേയുടെ വിദേശ നയം?

ആഭ്യന്തര രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും മാത്രം ഊന്നിയായിരുന്നില്ല മിലേയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍. ലോക രാഷ്ട്രങ്ങളുമായുള്ള അര്‍ജന്റീനയുടെ അന്താരാഷ്ട്ര ബന്ധങ്ങളിലും സമൂലമായ മാറ്റങ്ങള്‍ മിലേ പ്രഖ്യാപിച്ചു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സില്‍ ചേരാനുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് മിലേ പ്രഖ്യാപിച്ചു.

ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പം അര്‍ജന്റീനയുടെ ബ്രിക്‌സിലെ അംഗത്വത്തിന്റെ കാര്യത്തിലും 2024 ജനുവരി 1 ന് തീരുമാനമുണ്ടാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മിലേയുടെ വരവും അദ്ദേഹത്തിന്റെ നിലപാടും കാരണം ഇനി അത് സംഭവിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അര്‍ജന്റീനയുടെ കയറ്റുമതിയുടെ 25 ശതമാനവും ഇറക്കുമതിയുടെ 40 ശതമാനവും വഹിക്കുന്ന, അര്‍ജന്റീനയുടെ നിലവിലെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളായ ബ്രസീലുമായും ചൈനയുമായും ഉള്ള ബന്ധം അവസാനിപ്പിക്കുന്നതായും മിലേ പ്രഖ്യാപിച്ചിട്ടുണ്ട്.

കടുത്ത വലതുപക്ഷ നേതാവായ മിലേ ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയെ ‘അഴിമതിക്കാരനായ കമ്മ്യൂണിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. നിരവധി വേദികളില്‍ ഈ പരാമര്‍ശം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ചൈനയെ ‘സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രമെന്നും കൊലപാതകികള്‍ എന്നുമാണ് മിലേ വിശേഷിപ്പിച്ചത്.

റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കുമെന്നും ഉക്രൈനും റഷ്യയുമായി തുടരുന്ന യുദ്ധത്തില്‍ ഉക്രൈനെ പിന്തുണയ്ക്കുമെന്നും മിലേ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

അര്‍ജന്റീനയുടെ മുന്‍ രാഷ്ട്രീയ, സാമ്പത്തിക സഖ്യകക്ഷികളായ രാഷ്ട്രയങ്ങളുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുകയും പകരം, അമേരിക്കയുമായും ഇസ്രാഈലുമായുള്ള ബന്ധം ദൃഢമാക്കുകയുമാണ് മിലേ.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള ആദ്യ ഔദ്യോഗിക യാത്രകള്‍ പ്രഖ്യാപിച്ചുകൊണ്ട് തന്റെ രാഷ്ട്രീയനിലപാടുകളെ ഒന്നുകൂടി ഉറപ്പിക്കുകയാണ് അദ്ദേഹം.

സയണിസത്തിനരികെ മിലേ

ഇസ്രഈല്‍ ഭരണകൂടത്തിനുള്ള ശക്തമായ പിന്തുണ പരസ്യമായി പ്രകടിപ്പിക്കുന്നതായിരുന്നു മിലേയുടെ തെരഞ്ഞെടുപ്പ് റാലികള്‍.

രാഷ്ട്രീയ റാലികളില്‍ ഇസ്രഈല്‍ പതാക വീശുകയും കിപ്പ തൊപ്പി ധരിക്കുകയും ഷോഫര്‍ ഊതുകയും യഹൂദ പുസ്തകങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും വഴി ഇസ്രഈലിനുള്ള ശക്തമായ പിന്തുണ മിലേ പ്രകടിപ്പിച്ചിരുന്നു.

‘ഞാന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പോകാറില്ല. പകരം ജൂത ദേവാലയങ്ങളില്‍ പോകും. ഞാന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെയും പിന്തുടരുന്നില്ല, പക്ഷേ ഞാന്‍ യഹൂദ റബ്ബിയെ പിന്തുടരുന്നുണ്ട്. ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കൊടുത്ത കല്പനകളാണ് ഞാന്‍ പിന്തുടരുന്നത്. ഞാന്‍ ഇസ്രഈലിനെ ശക്തമായി പിന്തുണയയ്ക്കുന്നു. യു.എസുമായും ഇസ്രഈലുമായി ചേര്‍ന്ന് ഞാന്‍ നമ്മുടെ എംബസി ജറുസലേമിലേക്ക് മാറ്റും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞാല്‍ എന്റെ ആദ്യ യാത്ര ഇസ്രഈലിലേക്കാണ്, ‘ എന്നായിരുന്നു കഴിഞ്ഞ മാസം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിലേ പറഞ്ഞത്.

ഗസ-ഇസ്രഈല്‍ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കുകയും തങ്ങളുടെ സ്ഥാപതിമാരെ ടെല്‍ അവീവില്‍ നിന്ന് വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്ത ഘട്ടത്തില്‍ പോലും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു മിലേ സ്വീകരിച്ചത്. മാത്രമല്ല ഫലസ്തീനിയന്‍ ഹമാസ് പ്രതിരോധ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് വരെ പ്രഖ്യാപിച്ചു കഴിഞ്ഞു അദ്ദേഹം.

സ്പാനിഷ് ദിനപത്രമായ EL Pais റിപ്പോര്‍ട്ട് അനുസരിച്ച് സയണിസവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ആരംഭിക്കുന്നത് 2021-ല്‍ നവ-നാസി അനുഭാവത്തിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ്.

കത്തോലിക്കനായി വളര്‍ന്ന മിലേയില്‍ യഹൂദമതത്തില്‍ താല്പര്യം വളര്‍ത്തിയെടുക്കുന്നത് ബ്യൂണസ് അയേഴ്സ് ആസ്ഥാനമായുള്ള അര്‍ജന്റീന-മൊറോക്കന്‍ ജൂത സമൂഹത്തിന്റെ തലവനായ റബ്ബി ഷിമോണ്‍ ആക്സല്‍ വഹ്നിഷാണ്. മിലേയുടെ അടുത്ത സുഹൃത്ത് കൂടിയായ റബ്ബി ഷിമോണുമായി ചേര്‍ന്നാണ് മിലേ ജൂത ഗ്രന്ഥങ്ങള്‍ പഠിച്ചെടുക്കുന്നത്. യഹൂദമതത്തിലും, കബാലയിലും (യഹുദ ചിന്താധാര), സയണിസത്തിലും മിലേയില്‍ താത്പര്യം ജനിക്കുന്നത് റബ്ബി ഷിമോണ്‍ വഴിയാണ്.

യഹൂദമതത്തിലേക്ക് (Judasim) പരിവര്‍ത്തനം ചെയ്യാന്‍ മിലേ ആലോചിച്ചിരുന്നുവെങ്കിലും ശാബത്ത് (ആഴ്ചയിലൊരിക്കല്‍ ദൈവാരാധനക്കും ജോലിയില്‍ നിന്നുള്ള വിശ്രമത്തിനും മാറ്റിവയ്ക്കപ്പെട്ട ദിനം) നിയന്ത്രണങ്ങള്‍ ശനിയാഴ്ചകളില്‍ നടത്തുന്ന അദ്ദേഹത്തിന്റെ പ്രചാരണത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മിലേ ഉപയോഗിച്ച ജൂത പ്രതീകാത്മകതമായ ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മിലേയ്ക്ക് സ്പാനിഷ് പാര്‍ട്ടിയായ വോക്‌സുമായും മറ്റ് വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടികളുമായും ഉള്ള അടുത്ത ബന്ധവും ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെല്ലാം തന്നെ അന്താരാഷ്ട്ര സയണിസ്റ്റ് സംഘടനകള്‍ക്ക് ധനസഹായം ചെയ്യുന്നവരുമാണ്.

മിലേയുടെ പ്രസിഡന്റ് പദവി ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനയുടെ നിലനില്‍പ്പിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ

ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം നിലപാട് എടുക്കുമ്പോഴാണ് മിലേ അധികാരത്തിലെത്തുന്നതും ഇസ്രഈല്‍ ഭരണകൂടത്തോടുള്ള തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നതും. ഇത് അര്‍ജന്റീനയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ഭിന്നത വളത്താന്‍ ഉതകുന്നതാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ഇസ്രഈല്‍ ഭരണകൂടം കഴിഞ്ഞ മാസം ഗസ മുനമ്പില്‍ ബോംബാക്രമണം നടത്തിയതിന് ശേഷം ടെല്‍ അവീവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി മധ്യ- തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചിരുന്നു. ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച ആദ്യ തെക്കേ അമേരിക്കന്‍ രാജ്യം കൂടിയായിരുന്നു ബൊളീവിയ.

ഗസ മുനമ്പില്‍ നിരപരാധികളായ ഫലസ്തീനികള്‍ക്കെതിരെ ‘ഇടവിടാതെ, വിവേചനരഹിതമായ ബോംബാക്രമണം’ നടത്തിയതിനും പ്രദേശത്ത് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ വിസമ്മതിച്ചതിനും പിന്നാലെ ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് മധ്യ അമേരിക്കയുടെ കിഴക്കന്‍ രാജ്യമായ ബെലീസും രംഗത്തെത്തിയിരുന്നു.

ചിലി, കൊളംബിയ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളും ടെല്‍ അവീവിലുള്ള തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചിരുന്നു. ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയെ അപലപിച്ച മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യം വെനസ്വേലയായിരുന്നു.

ബ്രസീല്‍, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളും ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യയെ ശക്തമായി അപലപിച്ചിരുന്നു.

എന്നാല്‍ യു.എസുമായും ഇസ്രഈലുമായുമായുള്ള ബന്ധം ദൃഢമാക്കാനുള്ള മിലേയുടെ തീരുമാനം മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള അര്‍ജന്റീനയുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഒപ്പം മേഖലയിലെ രാജ്യത്തിന്റെ നിലനില്‍പ്പും മിലേയുടെ വരവോടെ തുലാസിലാകുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight: Who is Argentina’s new right-wing, pro-Israel president Javier Milei

Latest Stories

We use cookies to give you the best possible experience. Learn more