| Monday, 5th October 2020, 11:17 pm

നിര്‍ഭയ പ്രതികളെ രക്ഷിക്കാന്‍ അവസാനം വരെ തന്ത്രങ്ങള്‍ മെനഞ്ഞ വക്കീല്‍; ആരാണ് ഹാത്രാസില്‍ പ്രതികള്‍ക്ക് വേണ്ടിയെത്തുന്ന എ.പി സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

”ഞങ്ങള്‍ രജ്പുതുക്കളാണ് അഭിമാനമെന്നത് ഞങ്ങള്‍ക്ക് എല്ലാമാണ്”. 2012ലെ നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ എ.പി സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതാണിത്.

ഇപ്പോള്‍ ഹാത്രാസില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് എ.പി സിങ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

കേസിലെ പ്രതികള്‍ക്ക് വേണ്ടി രജ്പുതുക്കളുടെ തന്നെ സംഘടനയായ അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എ.പി സിങിന് വക്കാലത്ത് നല്‍കിയത്.

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി അവസാന നിമിഷം വരെ നിയമപോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് എ.പി സിങ്. ഒരു റിവ്യൂ പെറ്റീഷനിലോ, ദയ ഹരജിയിലോ തീര്‍ന്നതല്ല നിര്‍ഭയ കേസില്‍ എ.പി സിങിന്റെ ഇടപെടലുകള്‍.

പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ്, എന്നിവര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിയമപോരാട്ടമാണ് എ.പി സിങ് നടത്തിയത്.

അവസാനഘട്ടം വരെയും പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കാന്‍ എ.പി സിങ് ശ്രമിച്ചിരുന്നു. കേസ് വൈകിപ്പിക്കാനും വധ ശിക്ഷ നീട്ടിവെക്കാനും തന്ത്രപ്രധാനമായ ഇടപെടലുകളാണ് ഇയാള്‍ നടത്തിയത്.

വിവിധ കോടതികളില്‍ പ്രതികള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചതും, ദേശീയ മനുഷ്യാവകാശ കമ്മീഷനെ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുത്തിയതും എ.പി സിങിന്റെ നേതൃത്വത്തിലാണ്. ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലും എ.പി സിങ് പ്രതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

വിനയ് ശര്‍മ്മ താന്‍ മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളെന്ന് പറഞ്ഞ് കോടതിയില്‍ ഹരജി നല്‍കിയത് എ.പി സിങിന്റെ തന്ത്രപരമായ ഇടപെടലിലായിരുന്നു.

മുകേഷിന്റെ അമ്മ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളാണ്.

അക്ഷയ് സിങിന്റെ ഭാര്യയെകൊണ്ട് വിവാഹ മോചന ഹരജി സമര്‍പ്പിച്ചതിന് പിന്നിലും എ.പി സിങാണ്.

നിര്‍ഭയ കേസ് നടക്കുന്ന സമയത്ത് തന്റെ മകള്‍ ആണ്‍സുഹൃത്തിനൊപ്പം രാത്രിയില്‍ പുറത്തിറങ്ങുകയോ, വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നാണ് എ.പി സിങ് പറഞ്ഞത്. ഈ പ്രസ്താവന പിന്നീട് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയ്ക്ക് രാജീവ് ഗാന്ധി വധക്കേസിലുള്ള പങ്കിനെക്കുറിച്ചുള്ള കേസിലൂടെയാണ് സിങ് പേരെടുക്കുന്നത്. ചന്ദ്രസ്വാമിയോടൊപ്പം വിദേശയാത്ര പോകുന്നതും എ.പി സിങ് പതിവാക്കിയിരുന്നു.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവായ സ്വാമി ചിന്മയാനന്ദിന് ജാമ്യം വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എ.പി സിങ്.

പരസ്പര സമ്മതത്തോടെയാണ് പെണ്‍കുട്ടിയും ചിന്മയാനന്ദും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അന്ന് അലഹബാദ് ഹൈക്കോടതിയില്‍ സിങ് വാദിച്ചത്. ചിന്മയാനന്ദിന് ജാമ്യം നല്‍കുമ്പോള്‍ ഇത് കോടതി ഉദ്ധരിക്കുകയും ചെയ്തിരുന്നു.

നാട്ടില്‍ ഒരു ദിവസം 50 മുതല്‍ 175 പുരുഷന്മാര്‍വരെ ആത്മഹത്യ ചെയ്യുന്നുവെന്നും ഇതിന് കാരണം സ്ത്രീകളാണ് എന്നതുമാണ് സിങിന്റെ മറ്റൊരു വിചിത്ര വാദം.

രണ്ട് ദശാബ്ദത്തിലേറെയായി നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എ.പി സിങ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനോളജിയില്‍ ഡോക്ടറേറ്റുമുണ്ട് ഇയാള്‍ക്ക്.

ഉത്തര്‍പ്രദേശിലെ ഹാത്രാസ് കേസില്‍ എ.പി സിങ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമ്പോള്‍ നിയമപോരാട്ടം കടുക്കുമെന്ന നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.

കേസില്‍ പക്ഷപാതപരമല്ലാത്ത അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സവര്‍ണ സംഘടനകള്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഞായറാഴ്ച്ച ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചില സവര്‍ണ സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഞായറാഴ്ച്ച ഹാത്രാസ് എം.പി രജ്വീര്‍ സിങ് ദില്ലര്‍ കേസിലെ നാല് പ്രതികളെയും അലിഗഡ് ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ താന്‍ ആരെയും കാണാനല്ല ജയിലില്‍ എത്തിയത് ജയിലര്‍ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചതുകൊണ്ട് മാത്രം പോയതാണെന്നായിരുന്നു മാധ്യമങ്ങളോട് ബി.ജെ.പി എം.എല്‍.എ പ്രതികരിച്ചത്.

ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെയും യു.പി സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹാത്രാസ് വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഹാത്രാസ് കേസില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ യു.പി പൊലീസ് ഇത്തരത്തില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who is AP singh, advocate for culprits in hatras case

We use cookies to give you the best possible experience. Learn more