'സ്‌റ്റേറ്റിന്റെ ഫണ്ട് ഉപയോഗത്തെ ചോദ്യം ചെയ്യാന്‍ അമിത് ഷാ ആരാണ്?'; ബി.ജെ.പി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു
Andhra Pradesh
'സ്‌റ്റേറ്റിന്റെ ഫണ്ട് ഉപയോഗത്തെ ചോദ്യം ചെയ്യാന്‍ അമിത് ഷാ ആരാണ്?'; ബി.ജെ.പി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2018, 5:30 pm

അമരാവതി: സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളില്‍ ഇടപെട്ടതിന് ബി.ജെ.പി ആധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ബി.ജെ.പി ദേശീയ അധ്യക്ഷനായ അമിത് ഷായ്ക്ക് സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നാണ് ചന്ദ്രബാബു പ്രതികരിച്ചത്. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ചന്ദ്രബാബുവിന്റെ പ്രതികരണം.

കേന്ദ്രം തുക അനുവദിച്ചിട്ടും ആന്ധ്രപ്രദേശ് അമരാവതിയിലെ പണി ആരംഭിച്ചില്ലെന്നും സംസ്ഥാനം സമര്‍പ്പിച്ച ഫണ്ട് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നുമായിരുന്നു ഷാ ആരോപിച്ചത്.


Read | ശ്വാസം കഴിക്കാന്‍ സമയം തരൂ, മൂന്ന് ദിവസം കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; ബി.ജെ.പിയോട് കുമാരസ്വാമി


 

“യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അല്ലെയോ എന്ന് പറയാന്‍ അമിത് ഷാ ആരാണ്. അത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കാര്യമാണ്. ബന്ധപ്പെട്ട വകുപ്പിന്റെ കേന്ദ്രമന്ത്രിയോ പ്രധാനമന്ത്രിയോ അത് പറയട്ടെ. അല്ലെങ്കില്‍ നീതി ആയോഗ് പറയട്ടെ രേഖകള്‍ വ്യാജമാണെന്ന്. ഞങ്ങള്‍ അപ്പോള്‍ പ്രതികരിക്കാം. എന്തനാണ് അമിത് ഷാ ഭരണ കാര്യങ്ങളില്‍ തലയിടുന്നത്?- ചന്ദ്രബാബു പ്രതികരിച്ചു.

ആന്ധ്രപ്രദേശിന് നിയമപ്രകാരം ലഭിക്കേണ്ട തുക കേന്ദ്രം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സംസ്ഥാനത്തിന് ആവശ്യമായതൊക്കെ ചെയ്യുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ അവര്‍ ആന്ധ്രപ്രദേശ് പുനഃസംഘടനാ നിയമപ്രകാരം നല്‍കേണ്ട തുക നല്‍കിയിട്ടില്ല.” – അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.