| Thursday, 25th May 2023, 4:09 pm

ആരാണ് ആകാശ് മധ്വാള്‍? അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയവനെ കുറിച്ച് അറിയേണ്ടതെല്ലാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മെയ് 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈക്ക് നേരിടാനുള്ളത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയും തുടര്‍ച്ചയായ രണ്ടാം തവണയും എലിമിനേറ്ററില്‍ പുറത്താവുകയുമായിരുന്നു.

മുംബൈ ബൗളിങ് നിരയില്‍ ഏറെ നിര്‍ണായകമായത് യുവതാരം ആകാശ് മധ്വാളായിരുന്നു. 3.3 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.

പ്രേരക് മന്‍കാദ്, ആയുഷ് ബദോനി, നിക്കോളാസ് പൂരന്‍, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് താരം മടക്കിയത്. മധ്വാളിന്റെ തകര്‍പ്പന്‍ സ്‌പെല്ലിന് പിന്നാലെ ആരാണ് മധ്വാളെന്നും ഇതിന് മുമ്പ് ഏത് ടീമിലാണ് താരം കളിച്ചതെന്നും എവിടെ നിന്നുമാണ് മുംബൈ ഇന്ത്യന്‍സ് പൊക്കിയെടുത്തത് തുടങ്ങിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

ബുംറയ്ക്കും ആര്‍ച്ചറിനും പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഇനിയാര് എന്ന ചോദ്യം മുംബൈ ഇന്ത്യന്‍സിന് മുമ്പില്‍ ഉയര്‍ന്നുവന്നു. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും അര്‍ഷദ് ഖാനും മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കിലും ബുംറക്കോ ആര്‍ച്ചറിനോ പകരക്കാരനാകാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. മധ്വാളായിരുന്നു അവരുടെ പിന്‍ഗാമിയാകാന്‍ പോന്നവന്‍ താനാണെന്ന് പ്രകടനത്തിലൂടെ തെളിയിച്ചത്.

ഉത്തരാഖണ്ഡ്, ദാന്‍ഡേരയിലെ റോര്‍കിയില്‍ നിന്നുമാണ് മധ്വാള്‍ മുംബൈയിലെത്തുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണറും രഞ്ജി ഇതിഹാസവുമായ വസീം ജാഫറിന്റെ കണ്ണില്‍പ്പെട്ടതോടെയാണ് മധ്വാളിന്റെ യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്.

2019ല്‍ ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് ടീമിന് വേണ്ടി സെലക്ഷന്‍ ട്രയല്‍സിലെത്തിയപ്പോഴാണ് അന്നത്തെ കോച്ചായിരുന്ന വസീം ജാഫര്‍ മധ്വാളിനെ കണ്ടുമുട്ടുന്നത്. താരത്തിന്റെ സീമും സ്‌ട്രൈക്കിങ് എബിലിറ്റിയും കണ്ട ജാഫര്‍ മധ്വാളിനെ രാകിമിനുക്കിയെടുക്കുകയായിരുന്നു.

മധ്വാളിന് ആ സെലക്ഷന്‍ ട്രെയല്‍സില്‍ അവസരം ലഭിക്കുക മാത്രമല്ല, മൂന്ന് വര്‍ഷത്തിനകം ടീമിന്റെ ക്യാപ്റ്റനായും താരം വളര്‍ന്നിരുന്നു.

ഐ.പി.എല്ലില്‍ കളിക്കുന്ന ആദ്യ ഉത്തരാഖണ്ഡ് താരമാണ് മധ്വാള്‍. റിഷബ് പന്തും ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരാഖണ്ഡിലാങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ദല്‍ഹിക്ക് വേണ്ടിയായിരുന്നു കളിച്ചത്.

പന്തും മധ്വാളും അയല്‍ക്കാരായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ആദ്യ കാലത്ത് ഇരുവരും അവതാര്‍ സിങ് എന്ന പരിശീലകന് കീഴിലാണ് കളിയടവുകള്‍ പഠിച്ചതും.

കളിക്കളകത്തില്‍ മാത്രമല്ല പഠന രംഗത്തും മികവുപുലര്‍ത്തിയ മധ്വാള്‍, സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്.

ഈ സീസണ്‍ മുതലാണ് മധ്വാളിനെ ക്രിക്കറ്റ് ആരാധകര്‍ കണ്ടുതുടങ്ങിയതെങ്കിലും 2021 മുതല്‍ താരം ടൂര്‍ണമെന്റിന്റെ ഭാഗമാണ്. 2021ല്‍ ആര്‍.സി.ബിയിലെത്തിയെങ്കിലും ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയതോടെ അടുത്ത വര്‍ഷം താരം അണ്‍സോള്‍ഡാവുകയായിരുന്നു.

2022ല്‍ പരിക്കേറ്റ സൂര്യക്ക് പകരമാണ് മുംബൈ മധ്വാളിനെ ടീമിലെത്തിച്ചത്. സ്‌ക്വാഡിനൊപ്പമുള്ള ചിട്ടയായ പ്രകടനത്തിന് പിന്നാലെ 2023ല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനും മധ്വാളിന് സാധിച്ചു.

Content Highlight: Who is Akash Madhwal?

We use cookies to give you the best possible experience. Learn more