മണി പവര്‍ പൊളിറ്റിക്‌സിലും ഭീഷണിയിലും വീഴുന്ന നേതാവ്; ആരാണ് അജിത് പവാര്‍?
Maharashtra
മണി പവര്‍ പൊളിറ്റിക്‌സിലും ഭീഷണിയിലും വീഴുന്ന നേതാവ്; ആരാണ് അജിത് പവാര്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 1:29 pm

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് മാരത്താണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. അവസാന നിമിഷം എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് അജിത് പവാര്‍ നല്‍കിയ പിന്തുണ ദേവേന്ദ്ര ഫഡ്‌നാവിസിനെ തുടര്‍ച്ചയായി രണ്ടാം വട്ടവും മുഖ്യമന്ത്രിക്കസേരയിലെത്തിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന ധാരണയെ അവസാന നിമിഷം തച്ചുടയ്ക്കുന്നത് അജിത് പവാറിന്റെ മറുകണ്ടം ചാടലാണ്. കേന്ദ്രഭരണത്തിലേറിയത് മുതല്‍ അധികാരകേന്ദ്രങ്ങളേയും ഭരണഘടനാസ്ഥാപനങ്ങളേയും കൈപ്പിടിയിലൊതുക്കിയ ബി.ജെ.പിയുടെ മണി പവര്‍ പൊളിറ്റിക്‌സും ഭീഷണിപ്പെടുത്തി ഒപ്പം ചേര്‍ത്തുകയും ചെയ്യുന്ന കുതന്ത്രം തന്നെയാണ് മഹാരാഷ്ട്രയിലും വിജയിക്കുന്നത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മൂത്ത സഹോദരനായ അനന്ത്‌റാവുവിന്റെ മകനാണ് അജിത് പവാര്‍. അജിത് പവാര്‍ ഇതാദ്യമായല്ല പാര്‍ട്ടിയ്‌ക്കെതിരെ പരസ്യനിലപാടെടുക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതും.

എന്‍.സി.പിയുടെ രൂപീകരണകാലം തൊട്ടുതന്നെ ശരദ് പവാറിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ സാധ്യതയുള്ള നേതാവെന്ന ലേബലിലാണ് അജിത് പവാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. ശരദ് പവാറിന്റെ വിശ്വസ്തനായി പാര്‍ട്ടി നേതൃകാര്യങ്ങളില്‍ ഇടപെട്ടിരുന്ന അജിത് പവാര്‍ പതിയെ അദ്ദേഹവുമായി അകന്നു തുടങ്ങി.

2009 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സൂലേ സജീവ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പ് രംഗത്തേക്കും കടന്നുവന്നത് എന്‍.സി.പിയിലെ തന്റെ ഭാവിയെ ത്രിശങ്കുവിലാക്കുമെന്ന് അജിത് പവാര്‍ ഭയപ്പെട്ടിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെയെല്ലാം അജിത് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. തങ്ങള്‍ സഹോദരങ്ങളാണെന്നും പരസ്പരം ഈഗോ പ്രശ്‌നങ്ങളില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് ശരദ് പവാറിന്റെ പേരക്കുട്ടിയായ രോഹിത് പവാറും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. എന്‍.സി.പിയ്ക്കുള്ളില്‍ വലിയ സ്വീകാര്യത ലഭിച്ച രോഹിത് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് അതിവേഗമാണുയര്‍ന്നത്. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രോഹിതിന്റെ നീക്കം അജിതിനെ കൂടുതല്‍ അസ്വസ്ഥമാക്കിയിരുന്നു.

സുപ്രിയ സൂലേ

സുപ്രിയ സൂലേയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടും ഇതിനിടയില്‍ പുറത്തുവന്നു.

എന്‍ഫോഴ്‌സ്‌മെന്റ് കേസും പാര്‍ട്ടിയിലെ തന്റെ നിലനില്‍പ്പും ഭീഷണിയാകുമെന്ന് കണ്ടാണ് അജിത് പവാറിന്റെ ഇപ്പോഴത്തെ യൂ ടേണ്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നത്.

അതേസമയം ഇതാദ്യമായല്ല അജിത് പവാര്‍ പാര്‍ട്ടിയെ ചോദ്യം ചെയ്തും ധിക്കരിച്ചും തീരുമാനങ്ങളെടുക്കുന്നത്. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ അജിത് പവാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ല്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പൃഥ്വിരാജ് ചവാന്‍ സര്‍ക്കാരില്‍ നിന്ന് അജിത് പവാര്‍ രാജി വെക്കുമ്പോള്‍ അദ്ദേഹം ആ സര്‍ക്കാരിലെ ഉപമുഖ്യ മന്ത്രിയായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും എന്‍.സി.പി മന്ത്രിമാര്‍ രാജിവെക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്ന അജിതിനെ അന്ന് അനുനയിപ്പിച്ചത് ശരദ് പവാറായിരുന്നു.

ഈ കേസ് മുന്‍നിര്‍ത്തി അജിത് പവാര്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാമെന്ന് ബി.ജെ.പി ഭീഷണി മുഴക്കിയതും വലിയ വാര്‍ത്തയായിരുന്നു.

മാവല്‍ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ശരദ് പവാര്‍ മത്സരിക്കാത്തിന് കാരണവും അജിത് പവാറാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറാണ് മാവല്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. എന്‍.സി.പിയുടെ പൊതുയോഗങ്ങളില്‍ കാവിക്കൊടിയും ഉപയോഗിക്കാനുള്ള അജിത് പവാറിന്റെ തീരുമാനത്തെ ശരദ് പവാര്‍ എതിര്‍ത്തിരുന്നു.

ബാരാമതി എം.എല്‍.എയായിരുന്ന അജിത് പവാര്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്ഥാനം രാജിവെച്ചിരുന്നു. നിരപരാധിയായ ശരദ് പവാറിനേയും തനിക്കൊപ്പം പ്രതിചേര്‍ത്തു എന്ന് പറഞ്ഞാണ് അന്ന് അജിത് പവാര്‍ എം.എല്‍.എ സ്ഥാനം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജിവെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനും മുന്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനുമെതിരെ എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 25000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ടത്.

WATCH THIS VIDEO: