| Tuesday, 26th March 2024, 9:37 pm

എ.ബി.വി.പിയിലൂടെ തുടക്കം; മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്ന അജയ് റായ് ആരാണ് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരത്തിന് ഇറക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് പി.സി.സിയുടെ പ്രധാന ആവശ്യം. എല്ലാ തെരഞ്ഞെടുപ്പിലും മോദിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് മത്സരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസിനകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ശനിയായഴ്ച പുറത്ത് വന്നപ്പോള്‍ വാരണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരത്തിനിറക്കിയത് അജയ് റായിയെ ആണ്. പ്രധാനമന്തരിക്കെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന നിരന്തരമായ ആവശ്യത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതൃത്വം കളത്തിലറക്കിയ ഈ അജയ് റായ് ആരാണ്?.

വാരണാസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ മുമ്പ് രണ്ട് തവണ പരാജയപ്പെട്ട ആളാണ് അജയ് റായ്. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയില്‍ നിന്നാണ് അജയ് റായ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1996നും 2007നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് തവണ ബി.ജെ.പി ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

പിന്നീട് ലോക്സഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ അജയ് റായ് ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
2012ല്‍ എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജയ് റായ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്ദ്ര മണ്ഡലത്തില്‍ നിന്നും വിജയിച്ചു. എന്നാല്‍ 2017ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

പിന്നീട് 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വാരാണസിയില്‍ പ്രധാനമന്ത്രിയോട് അദ്ദേഹം രണ്ട് തവണ പരാജയപ്പെട്ടു. തുടര്‍ന്ന് 2023 ഓഗസ്റ്റിലാണ് അദ്ദേഹം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ദളിത് നേതാവായ ബ്രിജ്‌ലാല്‍ ഖാബ്രിക്ക് പകരമാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ യു.പിയില്‍ ഏറെ ഉറ്റുനോക്കപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസി. മോദിയെ എതിര്‍ത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു സ്ഥാനാര്‍ത്ഥിയെ ആണ് സംസ്ഥാനത്തെ പി.സി.സി ഘടകം ആവശ്യപ്പെട്ടിരുന്നത്.

ഒടുവില്‍ യു.പി മുന്‍ മുഖ്യമന്ത്രി ആയിരുന്ന ദിഗ്‌വിജയ് സിങ്ങിനെ രാജ്ഗഡിലും അജയ് റായിയെ വാരണാസിയിലും നിശ്ചയിക്കുകകയായിരുന്നു. എന്നാല്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വം എന്നെ ഏല്‍പ്പിച്ചത് രാജ്ഗഡാണ്,’ ദിഗ്‌വിജയ് സിങ് പറഞ്ഞു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രില്‍ 19ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ് നടക്കുക.

Content Highlight: Who is Ajay Rai, Congress candidate who will contest against PM Modi in Varanasi?

We use cookies to give you the best possible experience. Learn more