| Wednesday, 28th February 2018, 8:51 pm

മുലയൂട്ടുന്നതിന് ആര്‍ക്കാണ് പേടി?

ജാസില ലുലു

മ്മുടെ സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ഭയപ്പെടുന്നതെന്തിന്. പാലിന് വേണ്ടി കരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പാല്‍ക്കുപ്പികള്‍ വച്ചുകൊടുക്കേണ്ടി വരുന്ന അമ്മമാരുടെ കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ പതിവാണ്. വീടുകളിലാണെങ്കില്‍ പോലും പുതപ്പിന്റെയോ മുണ്ടുകളുടെയോ മറയിലല്ലാതെ മുലയൂട്ടാന്‍ നമ്മുടെ അമ്മമാര്‍ മടിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തെക്കാളും വിശപ്പിനേക്കാളും, ശരീരം മുഴുക്കെ മറച്ച കുലീന സ്ത്രീ പട്ടത്തിനകത്ത് ഒതുങ്ങി കഴിയണം എന്ന ബോധം നമ്മെ ബാധിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണ്.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മാനസികമായും വൈകാരികമായും ഊട്ടിയുറപ്പിക്കുന്ന മുലപ്പാലൂട്ടാന്‍ അമ്മമാര്‍ പൊതു ഇടങ്ങളില്‍ മടി കാണിക്കുന്നത് നമ്മുടെ നാട്ടിലെ മാത്രം കഥയാണ്. ആസ്ട്രേലിയന്‍ സെനറ്റര്‍ ലാറിസ വാട്ടേഴ്സ് തന്റെ 3 മാസം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റില്‍ വച്ച് മുലയൂട്ടിയത് വാര്‍ത്തയായിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് ആയിരുന്ന ഹ്യൂഗോ ഷാവേസിനോട് കുഞ്ഞിന് മുലകൊടുത്തുകൊണ്ട് സംസാരിക്കുന്ന അമ്മയുടെ ചിത്രവും ഏറെ വൈറല്‍ ആയിരുന്നു

മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രങ്ങളും ഫോട്ടോകളും നമ്മള്‍ മലയാളികള്‍ക്ക് അപരിചിതമായിരുന്നു. “എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി” എന്ന തലക്കെട്ടില്‍ ഈ ജനുവരിയില്‍ ഫേസ്ബുക്കില്‍ നിറഞ്ഞ ഒരു ചിത്രമാണ് വിപ്ലവത്തിനു തുടക്കം കുറിക്കുന്നത്. ഒരമ്മ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ആ ചിത്രം മുലകളെ കേവലം ലൈംഗിക അവയവമായി മാത്രം കാണുകയും ഇത്തരം ചിത്രങ്ങളെ സദാചാരബോധത്തോടെ വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കുള്ള ഒരു കനത്ത മറുപടിയായി.

കണ്ണൂരില്‍ കുട്ടികള്‍ക്കായി ക്രിയേറ്റീവ് സ്‌കൂള്‍ നടത്തുന്ന ബിജുവും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദധാരിയായ അമൃതയുമാണ് മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചും അതില്‍ ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. “മുലയൂട്ടല്‍- അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍” എന്ന് തുടങ്ങി മുലയൂട്ടലില്‍ അമ്മ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചു ഏതാനും കാര്യങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അമൃതയും ബിജുവും തുടങ്ങിവച്ച ഈ വിപ്ലവത്തിന്റെ പുതിയ മുഖം, നടിയും മോഡലുമായ ജിലു ജോസഫ് ആണ്. മാതൃഭൂമിയുടെ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയില്‍ ജിലു ജോസഫ് എത്തുന്നത് കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീ ആയാണ്; “തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം” എന്ന തലക്കെട്ടില്‍. പൊതു സ്ഥലത്ത് മുലയൂട്ടേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹം സ്വീകരിക്കേണ്ട മനോഭാവവുമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.

കടപ്പാട്- ഗൃഹലക്ഷ്മി

സ്ത്രീ മറയില്ലാതെ മുലയൂട്ടുന്ന ചിത്രം വിപ്ലവമാണെന്നും മാറ്റത്തിന്റെ തുടക്കമാണെന്നുമുള്ള അഭിപ്രായങ്ങളുണ്ടെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളെ മുന്‍നിറുത്തിയുള്ള ചര്‍ച്ചകളില്‍ സിന്ദൂരം ചാര്‍ത്തിയ സവര്‍ണ സ്ത്രീയെ വാണിജ്യ താല്പര്യങ്ങളുടെ പേരില്‍ ചിത്രീകരിക്കേണ്ടി വരുന്നതിനെതിരെയുള്ള വിമര്‍ശനങ്ങളുമുയരുന്നു.

അതേസമയം ഇത്തരം വിമര്‍ശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നാണ് ജിലു പറയുന്നത്. ” ഞങ്ങള്‍ സംസാരിക്കുന്നത് ഇന്നത്തെ സമൂഹത്തോടാണ്. അവരിലേക്കെത്താന്‍ വേണ്ടിയാണ് ഈ രീതിയില്‍ ചിത്രീകരിച്ചത്. അതൊരിക്കലും ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയത്തെ ഡൈല്യൂട്ട് ചെയ്യുന്നില്ല”- ജിലു ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അവിവാഹിതയായ ഒരു സ്ത്രീ കുഞ്ഞിന് മുലയൂട്ടുന്നതായി വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ താനൊരു ആര്‍ട്ടിസ്റ്റാണെന്നും മുന്‍പ് സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിനെപ്പോലെയാണ് ഇതിനെയും കാണുന്നതെന്നും ജിലു കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രാഫറും സുഹൃത്തുമായ ജിന്‍സണ്‍ ആണ് തനിക്ക് “തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം” എന്ന കാംപെയിനിന്റെ ഭാഗമാകാന്‍ അവസരം ഒരുക്കിയതെന്നു ജിലു ജോസഫ് പറയുന്നു. “നമ്മള്‍ മാറി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മുല ലൈംഗീകാവയവമാണെങ്കില്‍ കണ്ണും ചെവിയും ചുണ്ടും ലൈംഗീകാവയവങ്ങള്‍ തന്നെയല്ലേ? ഈ അവയവങ്ങളെ കുറിച്ചൊന്നും നമുക്ക് ജിജ്ഞാസയില്ല. ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടെങ്കില്‍ ഒന്നും വലിയ കാര്യമല്ല. ഞാന്‍ ഇങ്ങനെയൊക്കെ വിശ്വസിക്കുന്ന ആളാണ്.”- ജിലു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കുന്നില്ല, എങ്കിലും അവയെ ഞാന്‍ മാനിക്കുന്നു. ഞാന്‍ എന്ത് ചെയ്തു എന്നെനിക്ക് കൃത്യമായി അറിയാം. കുഞ്ഞിന് പാലുകൊടുക്കുന്നതിനു നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്. ഇത് മുലയൂട്ടുന്ന കാര്യമല്ലേ… മുലയൂട്ടല്‍ ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു പ്രവര്‍ത്തിയാണ്. എന്തിനാണ് അതിനെ വള്‍ഗറായി കാണുന്നത്. കുഞ്ഞുങ്ങളെ മുലയൂട്ടുക എന്നത് ഏതൊരമ്മയുടെയും ജീവിതത്തിലെ സുന്ദരമായ മുഹൂര്‍ത്തമായിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ പാലൂട്ടുന്ന സ്വന്തം ചിത്രം കാണാന്‍ സാധിച്ചാല്‍ അതേറ്റവും സന്തോഷകരമായ കാര്യമാകില്ലേ.”, ജിലു വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നു.

ഒരമ്മക്കെങ്കിലും തന്റെ കുഞ്ഞിന് സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാന്‍ ധൈര്യം പകരാനായാല്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെയും ഈ കാംപെയ്നിന്റെയും വിജയമാണ് എന്ന ജിലുവിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത തെന്നിന്ത്യന്‍ നടി കസ്തൂരി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം പുറത്തുവിട്ടിരുന്നു. കുഞ്ഞിനെ മുലയൂട്ടുന്നതില്‍ അമ്മമാര്‍ക്കുള്ള മാനസികമായ തെറ്റിധാരണകള്‍ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ “എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്റ്റ്: ബോഡി ഓഫ് മദേഴ്സ്” എന്ന ഫോട്ടോബുക്കിനു വേണ്ടി ജെയ്ഡ് ബീല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ എടുത്തത്. “ഡൂ ഇറ്റ് എനിവേര്‍, ആന്റ് അറ്റ് എനിടൈം” (എവിടെവച്ചാണെങ്കിലും, എപ്പോഴാണെങ്കിലും കുഞ്ഞിന് മുലകൊടുക്കൂ) എന്നായിരുന്നു അന്ന് കസ്തൂരി മുന്നോട്ടുവെച്ച ആശയം.

ജാസില ലുലു

We use cookies to give you the best possible experience. Learn more