ഒരു ഐതിഹാസിക സമര മുന്നേറ്റവും തുടര്‍ന്നുവള്ള സമര വിജയവും കണ്ടു കൊണ്ടാണ് കഴിഞ്ഞ വാരം അവസാനിച്ചത്. മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുപ്പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ചെങ്കൊടിക്കീഴില്‍ സംഘടിക്കുകയും നൂറ്റി എണ്‍പതു കിലോമീറ്ററിലധികം കാല്‍ നടയായി യാത്ര ചെയ്ത് സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലേക്ക് എത്തുകയും ചെയ്തു.
സമരം അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്നേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സമരക്കാരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും ഐതിഹാസിക വിജയത്തോടെ കര്‍ഷക സമരം അവസാനിക്കുകയും ചെയ്തു. ചോര വാര്‍ന്ന കാലുകളും ക്ഷീണിച്ച ശരീരങ്ങളും കൊണ്ട് കര്‍ഷകര്‍ അടങ്ങി നില്‍ക്കുന്നില്ല. അവര്‍ നേരെ നീങ്ങിയത് ഉത്തര്‍പ്രദേശിലേക്കാണ്. യുപിയിലും മധ്യപ്രദേശിലും, ഹിമാചല്‍ പ്രദേശിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷക പ്രക്ഷോഭങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്. ചെങ്കൊടിക്കീഴില്‍ തന്നെ !
രാഷ്ട്രം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്ത് ഒരു മതേതര-ജനാധിപത്യ വിശ്വാസി എന്ന നിലയിലോ അല്ലെങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്നെ നിങ്ങള്‍ എന്ത് നിലപാടെടുക്കുന്നു എന്നതാണ് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു ചോദ്യം. പൂര്‍ണ്ണത ഫാഷിസത്തിലേക്ക് അതിവേഗം ഒരു രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം നടന്നടുക്കുന്ന കാലത്ത് ഏതു പ്രതിരോധ നിരയുടെ കൂടെയാണ് നിങ്ങള്‍ അണി നിരക്കാന്‍ പോകുന്നത് എന്നതും ആ നിരയോടുള്ള രാഷ്ട്രീയ സമീപനങ്ങളില്‍ പ്രാഥമികവും അന്ത്യവുമായ നയങ്ങളോട് ഏതു തരത്തിലാണ് നിങ്ങള്‍ സംവദിക്കാന്‍ പോകുന്നത് എന്നും ആലോചിക്കേണ്ട സമയവുമാണ്.
എന്താണ് രാജ്യം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ ഘടനാ പരമായ രൂപകത്തെ അതിന്റെ സത്തയെ നിര്‍വചിക്കുന്നത്? അത് തീവ്ര ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര അടിത്തറയും കോര്‍പ്പറേറ്റ് അനുകൂല നവ ലിബറല്‍ സാമ്പത്തിക നയങ്ങളും സമം ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരു സാംസ്‌കാരിക-രാഷ്ട്രീയ അന്തരീക്ഷവും ആ കാലാവസ്ഥയെ തരണം ചെയ്തു കൊണ്ടുള്ള ജനാധിപത്യത്തിന്റെ നില നില്‍പ്പുമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
രാജ്യത്ത് കഴിഞ്ഞ മൂന്നര വര്‍ഷക്കാലം കൊണ്ട് മാത്രം ആത്മഹത്യ ചെയ്യപ്പെട്ട കര്‍ഷകരുടെ എണ്ണം ലക്ഷങ്ങള്‍ക്കിപ്പുറവും പൂജ്യമിടുന്ന പട്ടികയിലെ കണക്കുകള്‍ അല്‍പ്പം പോലും ഇന്ത്യയുടെ പൊതുബോധ മനസ്സിനെ ആലോസരപ്പെടുത്താത്തിടത്താണ് ഒരു ഇടതു പക്ഷ പ്രസ്ഥാനം രാജ്യത്താകമാനം കര്‍ഷകരെ വര്‍ഗപരമായി സംഘടിപ്പിച്ചു അതിജീവന പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങി വച്ച നവ ഉദാരീകരണ നയങ്ങള്‍ കഴിഞ്ഞ ഇരുപ്പത്തി അഞ്ചു വര്‍ഷക്കാലയളവില്‍ നിര്‍മ്മാണം ചെയ്തത് ഒരു പറ്റം അതി സമ്പന്നരേയും കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളെയും മാത്രമല്ല, മറിച്ചു ഇന്ത്യന്‍ പൊതു ബോധത്തിന്റെ മധ്യവര്‍ഗ്ഗ വികസന കാഴ്ചപ്പാടുകളെ കൂടിയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ എത്തിയ ശേഷം കൈക്കൊണ്ട ഏത് നയങ്ങള്‍ പരിശോധിച്ചാലും അതിനു പിറകില്‍ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക താല്പര്യങ്ങള്‍ കാണാം. നോട്ട് നിരോധനം മുതല്‍ ആധാര്‍ വരെയുള്ള വിഷയങ്ങളില്‍ എങ്ങനെയാണ് ഒരു ഭരണ കൂട താല്‍പ്പര്യം മൂലധന താല്‍പ്പര്യവുമായി സന്ധി ചെയ്യുന്നത് എന്നത് കണ്‍മുന്നില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു വശത്ത് തീവ്ര ഹിന്ദുത്വം അതിന്റെ വിധ്വംസക മുഖത്തോടു കൂടി അക്രമോത്സുകമായി സംഹാര താണ്ഡവമാടുകയും മറുവശത്ത് പരിപൂര്‍ണ്ണ കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളിലൂടെ സ്റ്റേയ്റ്റ് മുതലാളിത്തത്തോട് സന്ധിചെയ്യുകയും ചെയ്യുന്നു. ക്ലാസിക്കല്‍ അര്‍ത്ഥത്തില്‍ തന്നെ ഒരു ഫാസിസ്റ്റ് സ്റ്റേറ്റിലേക്കുള്ള എല്ലാ തരം ലക്ഷണങ്ങളും പ്രകടമായിക്കൊണ്ടിരിക്കുന്നു. കൃത്യമായി പറയുകയാണെങ്കില്‍ ഇന്ന് ഇന്ത്യ നേരിടുന്നത് ഒരു ഇലക്ടോറല്‍ പ്രശ്നം മാത്രമല്ല. അതൊരു ഐഡിയോളജിക്കല്‍ വാര്‍ കൂടിയാണ്.
ചോദ്യം അത്തരമൊരു ചരിത്ര ഘട്ടത്തെ ഐഡിയോളജിക്കലി അഡ്രസ് ചെയ്യുന്നതും പ്രത്യയ ശാസ്ത്രപരവും-നയപരവുമായി ആ വിഷയത്തിന്റെ കാതലിനെ ചരിത്ര പരവും-വൈരുദ്ധ്യാത്മകവുമായ സമീപനങ്ങളിലൂടെ ഒരു പൊളിറ്റിക്കല്‍ ബദല്‍ രൂപീകരിക്കുന്നത് അതിലൂടെ പ്രകടവും സാധ്യവുമായ ഒരു പ്രതിരോധം അവതരിപ്പിക്കുന്നതും ആരാണെന്നുള്ളതാണ്. നിശ്ചയമായും അത് ഇടതു പക്ഷം അല്ലെങ്കില്‍ സി.പി.ഐ.എം മാത്രമാണ് എന്നുള്ളതാണ് ഉത്തരവും.
ഒരു മാസം മുന്നേ വരെ കേരളത്തിലെ അഭിനവ സി.പി.ഐ.എം വിരുദ്ധരുടെ മാതൃകാ പാര്‍ട്ടി സംവിധാനമായിരുന്നു ത്രിപുര. ധാര്‍ഷ്ട്യവും അക്രമരാഷ്ട്രീയവും കൈമുതലാക്കിയ കേരളത്തിലെ പാര്‍ട്ടി ത്രിപുരയേയും മണിക്ക് സര്‍ക്കാറിനേയും മാതൃകയാക്കാനായിരുന്നു സ്ഥിരമായുള്ള ഉപദേശ പല്ലവി. ത്രിപുര തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം പരാജയപ്പെട്ടു. ഇരുപത്തി അഞ്ച് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ചിരുന്ന ഇടതു പക്ഷ സര്‍ക്കാര്‍ പടിയിറങ്ങി.
ലഭിച്ച വോട്ട് ഷെയറില്‍ വലിയ കുറവുകളൊന്നും സംഭവിച്ചില്ലെങ്കിലും ഇടതല്ലാത്ത ഇടങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടത് കൊണ്ട് തന്നെ ഇടതല്ലാത്ത എല്ലാ തലകളും കാവി കൂടാരത്തിലേക്ക് പോയി. തീവ്ര വലതുപക്ഷം അധികാരമേറ്റു. അതിന്റെ പിറ്റേനാള്‍ മുതല്‍ ഇതേ ഇടതു നന്നാക്കികള്‍ കളം മാറ്റി ചവിട്ടി. വികസന മുരടിപ്പിന്റെയും, മാറ്റങ്ങള്‍ ഉള്‍ക്കൊളള്ളാത്ത പഴഞ്ചന്‍ നയങ്ങളുടെയും ഫലമായിരുന്നത്രേ ഇടത് പക്ഷത്തിനു പരാജയം നേടി കൊടുത്തത്.
ഇരുപത്തഞ്ചുവര്‍ഷം ഭരിച്ചിട്ടും റോഡുകളും പാലങ്ങളും വന്‍കിട പദ്ധതികളുമുള്‍പ്പെടുന്ന വികസനം ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് അവരുടെ കണ്ടെത്തല്‍. പോസ്റ്റ് റിസള്‍ട്ട് വയലന്‍സുമായിമായി ബന്ധപ്പെട്ട് അക്രമിക്കപ്പെട്ട ഒരു മുസ്ലിം പള്ളി ശ്രീലങ്കയിലേതാണെന്ന് പറഞ്ഞു കൊണ്ട് അതിനെ അടിസ്ഥാനപ്പെടുത്താന്‍ “ഫെയ്സ് ബുക്ക് എം.എല്‍.എ” വി.ടി ബല്‍റാം പറഞ്ഞു ചിരിച്ചത് ആ വൃത്തിയുള്ള റോഡുകള്‍ കണ്ടാല്‍ അറിയില്ലേ അത് ത്രിപുരയില്‍ അല്ല എന്നാണു. ഏറെ കൗതുകകരമായ കാര്യമെന്തെന്നാല്‍ ത്രിപുരയിലെ ഇടത് പരാജയത്തിന്റെ മറ പറ്റി സി.പി.ഐ.എമ്മിന്റെ പഴഞ്ചന്‍ വികസന നയങ്ങളെ വിമര്‍ശിക്കാന്‍/പരിഹസിക്കാന്‍ മുന്നില്‍ പേരുകേട്ട പരിസ്ഥിതി വാദികളും കൂടിയുണ്ട്.
സംഘ പരിവാര്‍, കോണ്‍ഗ്രസ് അടങ്ങുന്ന വലതു പക്ഷം മാത്രമല്ല ഇടതിന്റെ പഴഞ്ചനായ വികസന നയ രേഖയെ പറ്റി ഇഴകീറി പരിശോധിക്കാന്‍ ഉത്തമ കമ്യൂണിസ്റ്റ്കളുടെ ബ്രാന്‍ഡ് നെയിം ഉള്ളവരും, അമാനവ, ആധുനികോത്തര, സ്വത്വവാദ, ഇസ്ലാമിസ്റ്റ് മുന്നണിക്കാരും എന്തിനധികം പറയുന്നു ഇവിടത്തെ മാധ്യമ നിര്‍മ്മി ത പൊതുബോധം പോലും ഒന്നിച്ചുണ്ട്.
പതിനഞ്ചു ലക്ഷത്തോളം വരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ നേരം ഇരുട്ടി വെളുക്കുമ്പോള്‍ കാവി കൂടാരത്തിലേക്ക് ഇരച്ചു കയറിയത് ഇവരുടെ ചര്‍ച്ചാ മണ്ഡലങ്ങളെ പോലും സ്പര്‍ശിക്കുന്ന ഒരു വിഷയമേ അല്ലായിരുന്നു. എല്ലാ കാലത്തും സി.പി.ഐ.എമ്മിനെ കൂടുതല്‍ ഇടതാക്കാന്‍ മത്സരിക്കുന്നവര്‍ അപ്പോള്‍ കണ്ടെത്തിയത് സി.പി.ഐ.എം കുറച്ചൊക്കെ വലത്തോട്ട് പോവണം എന്നുള്ളതാണ്.
ലെനിന്റെ പ്രതിമ മാത്രമല്ല, അന്നാട്ടിലെ ഒരു വിധപ്പെട്ട കോണ്‍ഗ്രസ് മന്ദിരങ്ങളും, ദളിത് സെറ്റില്‍മെന്റ് കോളനികളും കയ്യേറുകയും, കാവി കൊടി പിടിക്കാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മുസ്ലിം വയോധികന്റെയും വാര്‍ത്തകളോട് ഇക്കൂട്ടര്‍, സ്വത്വ-സമുദായ സംരക്ഷര്‍, യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍, യുക്തിവാദികള്‍ എന്നു വേണ്ട സകല സി.പി.ഐ.എം വിരുദ്ധ മഴവില്‍ പക്ഷവും ചോദിച്ചത് നിങ്ങളും വയലന്‍സില്‍ അത്ര കുറവൊന്നും ആയിരുന്നില്ലല്ലോ എന്നാണ്.
രാജീവ് ഗാന്ധിയുടെ പ്രതിമ സി.പി.ഐ.എമ്മുകാര്‍ തകര്‍ത്തെന്ന വ്യാജ വാര്‍ത്ത ആദ്യം കൊണ്ട് വന്നതും ചര്‍ച്ചയില്‍ കാര്യമായി ഇടപെട്ടതും കോണ്‍ഗ്രസുകാരും ഇപ്പറഞ്ഞ മഴവില്‍ സഖ്യവുമായിരുന്നു. ഇക്കാലയളവിലോ, ഇലക്ഷന്‍ പ്രചാരണ ഘട്ടത്തിലോ പോലും എത്തിനോക്കാത്ത ചരിത്രത്തിലെ സി.പി.ഐ.എമ്മിന്റെ വയലന്‍സ് റിസള്‍ട്ടിനുശേഷം പൊങ്ങി വന്നു. ഉദ്ദേശ്യം വ്യക്തം.
ചോരയൊലിക്കുന്ന കാലുകളുമായി വര്‍ദ്ധിത പോരാട്ട വീര്യത്തോടെ മുംബൈ തെരുവുകളിലെ ജനഹൃദയം കീഴടക്കിയ രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായ കര്‍ഷക-ആദിവാസി തൊഴിലാളികളുടെ സമര വിജയത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തവര്‍ മുംബൈയില്‍ പെയ്യുന്ന മഴയ്ക്ക് കേരളത്തില്‍ കുട പിടിക്കുന്നവരെന്നു പരിഹസിക്കുന്ന മാധ്യമ സിങ്കങ്ങള്‍, ആദിവാസി-കര്‍ഷക തൊഴിലാളികള്‍ കയ്യിലെ ചെങ്കൊടി വലിച്ചെറിഞ്ഞു നീല കൊടി പിടിച്ചാല്‍ മാത്രമേ അതൊരു വിജയമായി അംഗീകരിക്കൂ എന്ന് പുലഭ്യം പറഞ്ഞവരെയെല്ലാം തന്നെ ഇന്നലെ വീണ്ടും വര്‍ദ്ധിത കര്‍ഷക സ്നേഹവുമായി-ജനാധിപത്യത്തെ കുറിച്ചുള്ള, സമരങ്ങളെ കുറിച്ചുള്ള നിഷ്‌കളങ്കതയുടെ തുല്യം ചാര്‍ത്തലുമായി വീണ്ടും കണ്ടു കിട്ടി. കീഴാറ്റൂരില്‍ ഒരു സമര പന്തല്‍ തീവെച്ചു നശിപ്പിക്കപ്പെട്ടിരിക്കുന്നു. സമരം സി.പി.ഐ.എം ഭരണ കൂടത്തിനെതിരെയായിരുന്നു.അവര്‍ക്ക് സംശയമേതുമില്ല. ഫാസിസം തന്നെ !
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കലും തുടര്‍ന്ന് വയല്‍ കിളികള്‍ എന്ന പേരിലൊരു കൂട്ടായ്മ രൂപപ്പെടുകയും സമര രംഗത്തിറങ്ങുകയും ഏറ്റവും ഒടുവില്‍ സമര പന്തല്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്ത വാര്‍ത്തയുടെ പര്യവസാനം നോക്കൂ. റോഡ് പൂര്‍ണമായും സര്‍ക്കാര്‍ പദ്ധതിയാണ്. കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ജനങ്ങളുടെ ഇച്ഛയില്‍ ഉരുത്തിരിഞ്ഞ പദ്ധതിയാണ് ബൈപ്പാസ് നിര്‍മ്മാണം.
വാഹനപ്പെരുപ്പം അനിയന്ത്രിതമായ വര്‍ത്തമാന കാലത്ത് ശാസ്ത്രീയമായ ഗാതാഗത സൗകര്യ വികസനം ഒരു തിരഞ്ഞെടുക്കപ്പെട്ട ഭരണ കൂടത്തിന്റെ ഉത്തരവാദിത്വവുമാണ്. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി ഏറ്റവും കുറച്ചു ഭൂമി പ്രകൃതിക്ക് ഏറ്റവും കുറവ് കോട്ടം സമ്മാനിച്ച് ഏറ്റെടുത്തു പൂര്‍ത്തിയാക്കുക എന്നത് ആ സര്‍ക്കാറിന്റെ ജോലിയുമാണ്. സമര പന്തല്‍ നശിപ്പിച്ചത്, നിസ്സംശയം, അത്യധികം പ്രതിഷേധകരമായ കാര്യം തന്നെയാണ്. സമരം ചെയ്യുന്നത് പത്തോ നൂറോ പേരെന്നല്ല. ഒരൊറ്റയാളുടെ വിയോജിപ്പുകളെ പോലും ഉള്‍ക്കൊളളുമ്പോഴാണ് ജനാധിപത്യം ധനാത്മകമാവുന്നത്.
ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറുപത് കുടുംബങ്ങളില്‍ അമ്പത്തി എട്ടു പേര്‍ സ്ഥലം വിട്ടു നല്‍കുകയും രണ്ടു കുടുംബങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ സമരം തുടങ്ങുകയും ചെയ്തു. സമരക്കാര്‍ എത്ര കണ്ടു വൈകാരികമായി പ്രതികരിച്ചാലും വളരെ അവധാനതയോടെ യുക്തി പൂര്‍വ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണത്.
സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. ചെയ്തത് സി.പി.ഐ.എം കാരാകാം അല്ലായിരിക്കാം. പക്ഷേ സി.പി.ഐ.എമ്മിന്റെ കപട കര്‍ഷക സ്നേഹത്തേയും ഫാഷിസ്റ്റ് രീതി ശാസ്ത്രത്തേയും കുറിച്ചുള്ള കാണ്ഡം, കാണ്ഡം ചര്‍ച്ചകള്‍ അടുത്ത നിമിഷം തന്നെ തുടങ്ങിക്കഴിഞ്ഞു. ഉടനെ തന്നെ അതുകൊണ്ട് പോയി കെട്ടിയത് കിസാന്‍ സഭയുടെ കര്‍ഷക സമരത്തോടാണ്. മെറിറ്റ്, യുക്തി തുടങ്ങിയ വിഷമം പിടിച്ച കാര്യങ്ങള്‍ ഒന്നുമേ അലട്ടുന്ന ബുദ്ധിമുട്ടുകളില്ല. മലയാളത്തിലെ ഒന്നാം നിര മാധ്യമങ്ങള്‍ മുതല്‍ ബി.ജെ.പി വാഴ്ത്തു പാട്ടുകാരായ ദേശീയ മാധ്യമങ്ങള്‍ വരെ അന്നേ ദിവസം വിധി കല്പ്പിച്ചു കൊണ്ട് ചര്‍ച്ച ചെയ്തു. വീണ്ടും ഉദ്ദേശ്യം വ്യക്തം.
സി.പി.ഐ.എം അതിന്റെ വര്‍ഗ്ഗം-ബഹുജന സംഘടനകളുട നേതൃത്വത്തില്‍ രാജ്യത്താകമാനം ഒട്ടനവധി സമര പരമ്പരകള്‍ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി നടത്തി വരുന്നുണ്ട്. അംഗനവാടി വര്‍ക്കര്‍മാരുടെ, അണ്‍ എയ്ഡഡ് അധ്യാപകരുടെ, കര്‍ഷക തൊഴിലാളികളുടെ, അസംഘടിത തൊഴിലാലികളുടെ, ഐ.ടി തൊഴിലാളികളുടെ തുടങ്ങി കര്‍ണ്ണാടക, ഹരിയാന, രാജസ്ഥാന്‍, ഒഡിഷ, തെലങ്കാന എന്ന് വേണ്ട രാജ്യത്താകമാനം തൊഴിലാളി ജനതയെ വര്‍ഗ്ഗപരമായി സംഘടിപ്പിച്ചു അവകാശ സമരങ്ങളുമായി അതി ജീവനത്തിന്റെ രാഷ്ട്രീയ ബദലിനായി നില കൊള്ളുകയാണവര്‍.
ഇലക്ടറല്‍ പൊളിറ്റിക്സ് എന്ന പ്രാഥമിക ലക്ഷ്യം മുന്‍ നിര്‍ത്തിയല്ല അവരുടെ സംഘാടനം എന്നത് നിശ്ചയം. വര്‍ഗ്ഗപരമായി സംഘടിക്കുന്ന ജനതയെ സ്വത്വാടിസ്ഥാനത്തില്‍, ജാതി-മത-ദേശ-ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കേണ്ടത് മുതലാളിത്തത്തിന്റെല അവരുടെ കയ്യാളായ ഭരണ കൂടത്തിന്റെശ ആവശ്യമാണ്.കേരളത്തിലെങ്കിലും ആ സംഘ് യുക്തിയുടെ പടയാളികളാണ് മേല്‍ സൂചിപ്പിച്ച മഴവില്‍ സഖ്യവും നല്ലൊരു ശതമാനം മാധ്യമങ്ങളും.
അടിസ്ഥാനവര്‍ഗ്ഗ മനുഷ്യരുടെ സമര മുന്നേറ്റങ്ങളെ ഇല്ലാതാക്കാന്‍ പോന്ന എല്ലാ ബോധ-അബോധ ശ്രമങ്ങളും ഇടതടവില്ലാതെ അവരിലൂടെ വന്നു കൊണ്ടിരിക്കുന്നുണ്ട്.സംഘ പരിവാറിലൂടെ സംജാതമാകുന്ന അപകടകരമായ ഹിന്ദുത്വ രാഷ്ട്രീയ പരിതസ്ഥിതിയോ മുതലാളിത്തം പാര്‍ശ്വവല്‍ക്കരിക്കുന്ന അവര്‍ തന്നെ രക്ഷാകര്‍ത്തത്വം ചമയുന്ന ദളിത്-കീഴാള-അധസ്ഥിത വര്‍ഗ്ഗത്തിന്റെ സാമ്പത്തിക-സ്വത്വ-സാമൂഹിക-സാംസ്‌കാരിക പ്രതിസന്ധികളോ ഒന്നുമേ അവരെ അലട്ടുന്ന കാര്യമേയല്ല. ഇടതു പക്ഷം, ഇടതു പക്ഷം മാത്രമാണ് അവരുടെ ആദിമധ്യാന്തമായ അലോസരം.
ഓണ്‍ലൈന്‍ സ്പെയ്സുകളിലെ സ്ത്രീ-ദളിത്-ഭിന്ന ലിംഗ വിരുദ്ധ കമന്റുകള്‍, തെരുവുകളിലെ വയസന്‍സ്, വലതുവല്‍കൃതമായ സാമ്പത്തിക സമീപനങ്ങള്‍, നിരന്തരമെന്നോണം ഇടതുപക്ഷം പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങള്‍ നോക്കൂ. ആ വിഷയങ്ങളൊന്നും തന്നെ പ്രശ്നവല്‍ക്കരിക്കേണ്ടുന്നതല്ല എന്നല്ല പറഞ്ഞു വരുന്നത്. ഈ സമൂഹത്തില്‍ ഇടപാട് നടത്തുന്ന ഒരു സംഘടന എന്ന നിലയില്‍ ആ സമൂഹത്തിലെ എല്ലാ തരക്കാരെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനം എന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ ഒരു സാമൂഹിക പരിച്ചേദം എന്ന തലത്തില്‍ സി.പി.ഐ.എം ഒരു വിശുദ്ധ പശുവൊന്നുമല്ല. വിമര്‍ശനാത്മകമായ പല എലമെന്റുകളും അടങ്ങുന്ന മേല്‍സൂചിപ്പിച്ച എല്ലാ വാദങ്ങളോടും ക്രിയാത്മകമായ വിമര്‍ശനം സാധ്യമാകുന്ന എതിര്‍പ്പുകള്‍ സ്വാഗതം ചെയ്യുന്ന ഒരു പ്രസ്ഥാനം തന്നെയാണത്.
നിരന്തരമെന്നോണമുള്ള തിരുത്തലുകളില്‍ കൂടി മെച്ചപ്പെട്ടും കൂടുതല്‍ മെച്ചപ്പെട്ടും വളരേണ്ടുന്ന സംഘാടനം തന്നെയാണ് അതിന്റെ സ്ട്രക്ച്ചറും. പക്ഷേ നോക്കൂ,രാഷ്ട്രീയ ശരി-ശരി കേടിന്റെ- കേവല ചര്‍ച്ചാ മണ്ഡലങ്ങളില്‍ നിന്ന് മാറി ജൈവപരമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇതേ വിഷയങ്ങള്‍ ജോലി ചെയ്യുമ്പോള്‍ ഈ വിമര്‍ശകരെയൊക്കെ തന്നെ കേട്ട ഭാവം നടിക്കുന്നില്ല.
ചെങ്കൊടി പിടിച്ചതിന്റെ പേരില്‍ നമ്മുടെ ഈ നാട്ടില്‍ ഒരു മധ്യ വയസ്‌കയായ സ്ത്രീ സംഘ് ക്രിമിനലുകളുടെ അക്രമത്തില്‍ തല വെട്ടി പിളര്‍ന്നു ചോരയോലിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍, പിടിച്ച തൂവെള്ള കൊടിയില്‍ ഒരു നക്ഷത്രമുണ്ടായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയായ യുവതിക്ക് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെടേണ്ടി വന്നത് കാണുമ്പോഴും, അതൊന്നും നിങ്ങളുടെ രാഷ്ട്രീയ മനസാക്ഷിയെ അലട്ടുന്ന വിഷയമേ അല്ലാതെ സ്ത്രീ പക്ഷ വിമര്‍ശനങ്ങള്‍ ഏതെങ്കിലുമൊരു ഫേസ്ബുക്ക് കമന്റിലെ രാഷ്ട്രീയ ശരികേടിന്റെ പുറകെ മാത്രമാകുമ്പോള്‍ അത് ഒട്ടും നിഷ്‌കളങ്കമല്ലാതെ നേരത്തെ പറഞ്ഞ വലത് സ്വാഭാവികതയില്‍ ചേര്‍ന്നുനില്‍ക്കുന്നത്.
സ്ത്രീകളെ-പാര്‍ശ്വവല്‍കൃത സമൂഹത്തെ-ലിംഗ-ലൈഗീക ന്യൂനപക്ഷങ്ങളെ കൈ പിടിച്ചുയര്‍ത്തുന്ന രാഷ്ട്രീയ നയം ഭരണകൂടതലത്തില്‍ നിയമമായി പരിവര്‍ത്തനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഇന്സ്റ്റിറ്റിയൂഷനോടുള്ള ഡയലറ്റിക്കല്‍ ഡിസ്‌കഷനോടല്ല നേരത്തെ പറഞ്ഞ ഫെയ്സ് ബുക്ക് കമന്റുകള്‍ മാത്രമാണ് അവര്‍ക്ക് പഥ്യം.
കേരളം നമ്പര്‍ വണ്‍ ആണെന്ന് ഭൂരിപക്ഷ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്ന് പറഞ്ഞത് കുറ്റമൊട്ടും തന്നെ കണ്ടെത്താന്‍ സാധിക്കാത്ത തരത്തില്‍ അഭ്യന്തരമായി പൂര്‍ണ്ണമായ ഒരു സംസ്ഥാനമായി കേരളം മാറിയതു കൊണ്ടാണെന്ന് മൂളയുള്ള മനുഷ്യരാരും പറയില്ല. അതൊരു പൊളിറ്റിക്കല്‍ മെസേജായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിക്കൊണ്ട് ഒരു ജനത ചരിത്രപരമായി ആര്‍ജ്ജിച്ച പോളിറ്റിയുടെ കടയ്ക്കല്‍ കത്തി വെക്കാന്‍ ശ്രമിക്കുന്ന അതിന്റെ രാഷ്ട്രീയ ലാഭം പറ്റാന്‍ ശ്രമിക്കുന്ന ഒരു അധീശത്വ വര്‍ഗത്തോടുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു.
അന്നും പിന്നീട് ആദിവാസി യുവാവായ മധു ആള്‍കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തെ തുടര്‍ന്നും ഇതേ കേരള നമ്പര്‍ വണ്ണിനെതിരെ കുബുദ്ധിയോടെ സംഘടിക്കാനും പ്രചരണം നടത്താനും മേല്‍ പറഞ്ഞ മുന്നണിക്കാരും സംഘപരിവാറും ഇറങ്ങിയത് ഒന്നിച്ചായിരുന്നു. ദളിത്-കീഴാള-ആദിവാസി പ്രശ്നങ്ങള്‍ കേരളത്തില്‍ ഒട്ടുമേ ഇല്ലെന്നല്ല. മറിച്ചു ആ അടിസ്ഥാന പ്രശ്നങ്ങളെ ഒരു നയമായി സ്വീകരിക്കുന്ന രാഷ്ട്രീയത്തെ എടുക്കുക എന്നുള്ളതാണ്.
അതിന്മേല്‍ അധ്വാനിച്ചു സാംസ്‌കാരികവും-സാമ്പത്തികവും-സാമൂഹികവുമായ ഒരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തുക എന്നുള്ളതാണ്. പക്ഷേ ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. ഗുജറാത്തിലോ, മദ്ധ്യപ്രദേശിലോ രാജ്യത്തില്‍ എവിടെയെങ്കിലുമോ ദളിത്-ആദിവാസി വിഷയങ്ങളെ പ്രശ്നവല്‍ക്കരിച്ചു ഇടതുപക്ഷം സംസാരിച്ചു തുടങ്ങുമ്പോള്‍ തങ്ങളുടെ ഗോള്‍ഡോന്‍ ഹാമറായ ബ്രാഹ്മണിക്കല്‍ ലെഫ്റ്റ് ചാപ്പയും കേരളത്തില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് കൊല്ലപ്പെട്ട ദളിത് യുവാവിന്റെ നിര്‍ഭാഗ്യ സംഭവുമായി അതിനെ താരതമ്യം ചെയ്തു ആ പ്രശ്നം രാഷ്ട്രീയമായി സംവദിക്കാനുള്ള വിഷയ സാധ്യതകളെ കൂടി അടയ്ക്കാന്‍ ശ്രമിക്കുന്നു.
ഇടത് പക്ഷം ഒരു പ്രധാന അലോസരമായി വരുന്നത് രണ്ടു കൂട്ടര്‍ക്കാണ്. ആദ്യത്തേത് വലതുപക്ഷത്തിനാണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുമാണ്. രണ്ടാമത്തേത് യഥാര്‍ത്ഥ ഇടത് മുതല്‍-അമാനവര്‍ വരെ നീളുന്ന ഒരു രേഖീയ മുന്നണിക്കാണ്. അതിന്റെ രാഷ്ട്രീയം വയറ്റില്‍ പിഴപ്പ് മാത്രമാണ്. ആദ്യത്തെ വിഭാഗത്തോട് നിങ്ങള്‍ക്ക് പൊളിറ്റിക്കല്‍ ഡിസ്‌കഷനുള്ള സ്പെയ്സ് എങ്കിലുമുണ്ട്. മറ്റേ കൂട്ടത്തോട് അത് പോലും സാധ്യമല്ല. കാരണം അങ്ങനെയൊരു പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റ് അവരെ ബാധിക്കുന്ന വിഷയമേ അല്ല.
കര്‍ഷക സമരം ചരിത്ര വിജയം കരസ്ഥമാക്കിയ മഹാരാഷ്ട്രയുടെ ചരിത്രം തന്നെ അധ്വാന വര്‍ഗത്തിന്റെ സമര ചരിത്രമാണ്. ഇരുപതുകളില്‍ ബോംബെ ടെക്സ്റ്റയില്‍ തൊഴിലാളികളുടെ ഐതിഹാസികമായ സമര മുന്നേറ്റങ്ങളിലൂടെ രൂപപ്പെട്ടു വന്ന തൊഴിലാളി വര്‍ഗ ഐക്യവും രൂപപ്പെട്ട കമ്യൂണും സാധ്യമാക്കിയ സമര മുന്നേറ്റങ്ങളും രക്തസാക്ഷിത്വങ്ങളുമൊക്കെ ഇന്ത്യന്‍ സ്വാതന്ത്ര പോരാട്ടങ്ങള്‍ക്ക് പോലും കരുത്ത് പകര്‍ന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 38 ല്‍ അംബേദ്കറിന്റെ ലേബര്‍ പാര്‍ട്ടിയുമായി യോജിച്ചു സമരം നയിച്ച ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്.
ഷംറാവു പാരുലേക്കറും, ഗോദാവരി പാരുലേക്കറിനെയും പോലുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരെ കുറിച്ച് വീണ്ടും വിശേഷിച്ചു പറയേണ്ടതായില്ല. സ്വാതന്ത്രാനന്തരവും 20 വര്‍ഷത്തോളം രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ തൊഴിലാളി വര്‍ഗ്ഗ സംഘടനയും ഇതേ മുംബൈയിലായിരുന്നു. ചരിത്രപരമായ മുന്നേറ്റങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഈ വര്‍ഗ ഐക്യത്തെയും അതിന്റെ തുടര്‍ച്ച നിര്‍മ്മാണം ചെയ്ത സെക്കുലര്‍ ഫാബ്രിക്കിനെയും തകര്‍ക്കാന്‍ ഭരണകൂടവും മുതലാളിത്തവും കണ്ടെത്തിയത് ഇതേ സ്വത്വവാദ പ്രസ്ഥാനങ്ങളുടെ സഹായത്തിലേക്കായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസ്സും മൂലധന താല്‍പ്പര്യങ്ങളും ഒരു പോലെ സഹായം ചെയ്ത് “മണ്ണില്‍ മക്കള്‍ വാദവുമായി” രംഗത്തെത്തിയ ശിവസേനയുടെ അക്രമങ്ങളില്‍ പിടിച്ചു നില്ക്കാന്‍ സാധിക്കാതെ വിഘടിച്ചു പോയതാണ് അന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍.
തൊഴിലാളി വര്‍ഗത്തെ ജാതി-മത-ഭാഷാ-ദേശപരമായി ഭിന്നിപ്പിച്ചു ആ രാഷ്ട്രീയധാരയുടെ ഒഴുക്കിനെ തന്നെ ഇല്ലാതാക്കി. അല്ലായിരുന്നെവെങ്കില്‍ ആധുനിക മഹാരാഷ്ട്രയുടെ-എന്തിനു ആധുനിക ഇന്ത്യയുടെ തന്നെ ചരിത്രം മറ്റൊന്നായേനെ. അതേ യുക്തിയുടെ ആധുനികോത്തര മുഖങ്ങളാണ് ഇപ്പോള്‍ നമ്മള്‍ മുന്നിലിരുന്നു വിധി പ്രസ്താവിക്കുന്നത്. കൂട്ടത്തിനു സത്യാനന്തര കാലത്തിന്റെ പ്രായോഗിക പ്രയോജനങ്ങളുമുണ്ട്. സ്വന്തം രാഷ്ട്രീയം കൊണ്ട് ഒരു അപ്പൂപ്പന്‍ താടി പോലും ഊതിവിടാന്‍ സാധിക്കാത്തവരാണ്,എന്ന് കരുതി പോളിറ്റിയോടുള്ള ദ്രോഹത്തിനു കുറവൊന്നുമുണ്ടാകില്ല. ഒരു വലിയ മൂവ്മെന്റിന്റെ തന്നെ മേല്ക്കോയ്മയുടെ ഗതി തിരിച്ചുവിടാന്‍ ഇവര്‍ ധാരാളമാണ്.ലോകത്തിന്റെ തന്നെ ഉത്തരവാദിത്വം ഞങ്ങള്‍ക്കാണെന്ന് തോന്നിപ്പിക്കുമെങ്കിലും അവര്‍ക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല.
ജനതയെ അകമേ ബാധിക്കുന്ന ഒരു പൊതു സവിശേഷ വിഷയങ്ങളോ പ്രശ്നങ്ങളോ അവരെ അലോസരപ്പെടുത്താറുമില്ല. സാമാന്യ ജനങ്ങളുമായി ബന്ധപ്പെടുന്ന യാതൊരു സാമൂഹിക സംഘാടനത്തിന്റെയും ഭാഗമാവുകയും വേണ്ട. സാമൂഹിക വ്യവഹാരങ്ങളില്‍ അവയുടെ നെറിയും നെറികേടുകളോടും വൈരുദ്ധ്യാത്മകമോ വിമര്‍ശനാത്മകമോ ആയ യാതൊരു പ്രതിബന്ധവും അവരുടെ മുന്നിലില്ല.
ലാര്‍ജ്വര്‍ പൊളിറ്റിക്കല്‍ പാറ്റേണുകളെ ലോക്കല്‍ ഇഷ്യൂവില്‍ തളച്ചിട്ട് ഒബ്ജക്റ്റീവും, സ്പഷ്ടവുമായ പൊളിറ്റിക്കല്‍ മൂവ്മെന്റുകളെ അവ സംവദിക്കുന്ന പൊളിറ്റിക്കല്‍ തിയറികളെ ഗ്രാന്റ്ൂ നരേറ്റീവുകളെന്നു തള്ളിക്കളയുന്നവര്‍ക്കല്ല, പോളിറ്റിയോടോ അതിന്റെ ഗുണപരമായ ഭാവിയോടോ കമ്മിറ്റ്മെന്റുകളൊന്നും തന്നെയില്ലാത്ത ഈ ഒറ്റ ബുദ്ധിവര്‍ഗം ചെയ്യുന്ന ദ്രോഹം സംഘിനോളം തന്നെ കിടപിടിക്കുന്നതാണ്. ഇടതു പക്ഷത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയ പുതുവൈപ്പിന്‍ സംഭവമോ, ശുഹൈബ് കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സാഹചര്യമോ തുടങ്ങി എന്ത് തന്നെയായാലും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലെന്നോ വിമര്‍ശന വിധേയമാല്ലെന്നോ അല്ല പറഞ്ഞു വരുന്നത്. മറിച്ച് അത്തരം വിഷയങ്ങളെ അതിന്റെ വിഷയവ്യാപ്തിക്കുള്ളില്‍ ഗൗരവത്തോടെ തന്നെ വിമര്‍ശന വിധേയമായി സമീപിക്കണം,തിരുത്തലുകളുണ്ടാകണം. എന്ന് കരുതി ആ പക്ഷത്തിലെ സകല ചെയ്തികളേയും അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെയും ഡൈല്യൂട്ട് ചെയ്യുന്ന തരത്തില്‍ ആ ആലയില്‍ കൊണ്ടുപോയി കെട്ടുന്നവര്‍ക്ക് നന്നാക്കാനുള്ള ഉദ്ദേശമല്ലെന്ന് വ്യക്തം.
ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തോല്‍വി സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെച്ച കാവി രാഷ്ട്രീയത്തിന്റെ ഉറച്ച മണ്ഡലങ്ങളില്‍ എസ്.പി-ബി.എസ്.പി സഖ്യം നല്ല മാര്‍ജിനില്‍ തന്നെ വിജയിച്ചു കയറി. എസ്.പിയും ബി.എസ്.പിയും ഒരു സഖ്യമായി മത്സരിക്കുക എന്നത് നാല് വര്‍ഷം മുന്നേ ആലോചിക്കാന്‍ പോലുമാവാത്ത കാര്യമായിരുന്നെങ്കില്‍ ഇന്ന് വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തോടുള്ള പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റാണ് ഇരു കൂട്ടരും കാട്ടിയത്.
സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കെട്ടി വച്ച കാശ് പോലും നഷ്ടമാവുന്നു. അധികാരത്തിലിരുന്ന ഓരോ സംസ്ഥാനങ്ങളിലും സംഘടനയടക്കം അടിമുടി കാവി കൂടാരത്തിലേക്ക് കയറി ബി.ജെ.പി ഭരണത്തിലെത്തുന്നു. അപ്പോഴും മുഖ്യധാരാ മാധ്യമ ചര്‍ച്ചതൊഴിലാളികള്‍ക്ക് വിഷയം സി.പി.ഐ.എം ബ്രാഞ്ച് അംഗമാണ്.
ഒരു ലക്ഷം രൂപ കടമുള്ള കര്‍ഷകന് ഒരു രൂപാ നഷ്ടപരിഹാരം നല്‍കി പരിഹസിച്ച യോഗി സര്‍ക്കാരിനെതിരെ ചെങ്കൊടിയേന്തി കര്‍ഷകര്‍ സംഘടിക്കുന്നു. സമരത്തിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇന്നലെ ലഖ്നൗവില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് കര്‍ഷകരാണ് അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടിയുമായി അണിനിരന്നത്. കര്‍ഷക പ്രശ്നങ്ങള്‍ മാത്രമല്ല. ദളിതര്‍ക്കും-സ്ത്രീകള്‍ക്കുമെതിരെ സമാനതകളില്ലാത്ത ആക്രമണങ്ങളാണ് ഈ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. കാര്‍ഷിക പ്രശ്നങ്ങള്‍ മാത്രമല്ല. പശുവിന്റെ പേരിലുള്ള കാവി ഫ്രിഞ്ച് ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ക്കെതിരെയും കിസാന്‍ സഭ രാജ്യമെമ്പാടും പ്രക്ഷോഭത്തിനിറങ്ങുകയാണ്. ഇടതു പക്ഷം ശരിയായ പാതയിലാണ്.
കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തോളം ഇന്ത്യന്‍ ഭൂരിപക്ഷത്തെ സാമ്പത്തികവും-സാമൂഹികവുമായ പാര്‍ശ്വവല്‍ക്കരണത്തിലേക്ക് നയിച്ച വലതു പക്ഷ സാമ്പത്തിക നയങ്ങളുടെ വികസന സൂചികകള്‍ നിര്‍്ണ്ണയിക്കുന്ന ഗ്രോത്ത് മോഡല്‍ വികസനമല്ല തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക നയമെന്നും, അത് നവ ഉദാരീകരണത്തിനെതിരെ ജനകീയമായ ചെറുത്തു നില്‍പ്പിലൂടെയുള്ള അടിത്തട്ടിന്റെ ജനപക്ഷ വികസനമാണെന്നും, സമഗ്രവും കാലികവുമായ ഒരു മാഗ്നിറ്റൂഡില്‍ നിന്ന് കൊണ്ടുള്ള ഒരു ബദല്‍ പരിപ്രേക്ഷ്യമാണ് തങ്ങളുടെ പോളിസിയെന്നും കൃത്യമായി അവതരിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നുണ്ട്. സാവധാനമെങ്കിലും അവരിലേക്ക് സാധാരണക്കാരായ മനുഷ്യര്‍, നിയോ ലിബറലിസത്തിന്റെ ഇരകള്‍ അടുത്തു കൊണ്ടിരിക്കയാണ്.
ഒരു കാപ്പിറ്റലിസ്റ്റ് സൊസൈറ്റിയില്‍ ഒരു സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് കക്ഷിക്ക് സൈദ്ധാന്തികപരമായ ഒരു തനിമ നിലനിര്‍ത്താന്‍ സാധിക്കില്ല, എങ്കിലും കാപ്പിറ്റലിസ്റ്റ് പോളിസികളോടുള്ള സന്ധിചേരായ്മ നിലനിര്‍ത്തുമ്പോള്‍ തന്നെ വൈരുദ്ധ്യാത്മക സമീപനങ്ങളിലൂടെ അതിന്റെ അടിസ്ഥാന വികസനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യാനുമുള്ള ബാധ്യത ഒരു ഇടതു ഭരണകൂടത്തിനു ഉണ്ട് താനും. ഏതൊരു റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനും എതിര്‍ ഭാഗത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാകുമ്പോള്‍ കര്‍ഷകനായി അവതരിക്കുന്നതും അവതരിപ്പിക്കപ്പെടുന്നതുമായ വിഷമം പിടിച്ച സാഹചര്യത്തിലാണ് ഈ പാര്‍ട്ടിക്ക് ജനവിശ്വാസം നേടേണ്ടതും.
ഫാസിസം എന്നത് മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി രൂപം കൊള്ളുന്ന ഒരു രാഷ്ട്രീയ സംവിധാനമാണെന്നുള്ള മിനിമം ധാരണയ്ക്ക് പുറമേ മാത്രമേ അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ക്ക് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ബൂര്‍ഷ്വാ പൊളിറ്റിക്കല്‍ സിസ്റ്റത്തിലെ ലിബറല്‍ ഡെമോക്രാസിയുടെ പ്രതിസന്ധിയാണ് ഇന്ത്യയില്‍ ഫാസിസമായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നത്. ജര്‍മനിയില്‍ അത് നാഷണല്‍ സോഷ്യലിസ്റ്റ് എന്ന പേരിലായിരുന്നെങ്കില്‍ ഇന്ത്യയിലത് രാഷ്ട്രീയ സ്വയം സേവകര്‍ എന്ന പേരില്‍.
ആ പ്രതിസന്ധിയുടെ തുടക്കം കുറിച്ചതാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അവരുടെ ബൂര്‍ഷ്വ മുന്നണിയും കാലാ കാലങ്ങളായി തുടര്‍ന്ന് പോന്ന നയങ്ങളും. അതിനാല്‍ തന്നെ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പ്രാപ്തമായൊരു പൊളിറ്റിക്കല്‍ പ്രോജക്റ്റ് ഇവരാരുടെയും കയ്യിലില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ രാജ്യത്തെവിടെയെങ്കിലും കേവലം തെരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ക്കപ്പുറം ഒരു രാഷ്ട്രീയ സംഘാടനത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതിര്‍ന്നതായി അറിവില്ല.
ആള്‍ക്കൂട്ടത്തെ രാഷ്ട്രീയ പാര്‍ട്ടിയായി സംഘാടനം ചെയ്യുക എന്ന മിനിമം പൊളിറ്റിക്കല്‍ വിഷന്‍ പോലും ആ പാര്‍ട്ടി യില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതുമല്ല. എന്നാല്‍ മറുഭാഗത്ത് തങ്ങള്‍ക്ക് ലഭ്യമായ വ്യവഹാരങ്ങളില്‍ ഒക്കെ തന്നെ നിരന്തരമെന്നോണമുള്ള രാഷ്ട്രീയവല്‍ക്കരണത്തോടെയുള്ള പിന്തിരിയാത്ത സംഘാടനത്തോടെ ഇടതു പക്ഷം സമരരംഗത്താണ്. നിലനില്ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തോടുള്ള എന്‍്ഗേജ്മെന്റ് എങ്ങനെ വേണമെന്നുള്ള പൊളിറ്റിക്കല്‍ പ്രോജക്റ്റ് സുവ്യക്തമായ രീതിയില്‍ അവരുടെ പക്കലുണ്ട്.അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ആ ഒരു മൂവ്മെന്റിനെ തുരങ്കംവെക്കാനുള്ള എല്ലാ പണികളും മേല്‍പ്പറഞ്ഞ ശക്തികള്‍ ശക്തിയുക്തം ചെയ്യുന്നതും.
ചെറുവിരല്‍ കൊണ്ടുപോലും ഒരു പൊളിറ്റിക്കല്‍ പ്രൊജക്റ്റിന്റെ് ഭാഗമാവുകയില്ലെങ്കിലും അതിനെ ഇല്ലാതാക്കാനുള്ള എല്ലാ ജോലികളും വൃത്തിയായി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സമര പന്തല്‍ കത്തിച്ചതിനെ വിമര്‍ശിക്കാം. മെറിറ്റു പോലും ചര്‍ച്ച ചെയ്യണമെന്നില്ല. എന്നുകരുതി മറ്റൊരു വലിയ സമരത്തെ മുന്നേറ്റത്തെ തന്നെ ഒറ്റു കൊടുക്കാന്‍ ശ്രമിക്കരുത്. അത്തരം ചില ലോക്കല്‍ ഇഷ്യൂകളില്‍ മുങ്ങിപ്പോകാന്‍ മാത്രം ശുഷ്‌കമല്ല ആ പക്ഷത്തിന്റെ് പൊളിറ്റിക്കല്‍ സ്ട്രക്ച്ചറും മാഗ്നിറ്റൂഡും. അവരുടെ തിയറികളുടെ നരേറ്റീവുകള്‍ ജൈവികവും ക്രിയാത്മകവുമാണ്.
രാജ്യം സവിശേഷമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അത് കൂടുതല്‍ ദുസ്സഹമായ സാഹചര്യത്തിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ നിയോ ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ദിനംപ്രതി തെളിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും നിങ്ങള്‍ ഏതു പ്രതിരോധ നിരയുടെ കൂടെ നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രധാന ചോദ്യം. എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ. ഫാസിസം അതിന്റെ ചരിത്രത്തില്‍ പരാജയപ്പെട്ടത് കമ്യൂണിസ്റ്റുകള്‍ക്ക് മുന്നിലാണ്. ഇനി പരാജയപ്പെടാന്‍ പോകുന്നതും.പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ എല്ലാ സൗജന്യങ്ങളിലും നിങ്ങളവര്‍ക്ക് വളമായി ഭവിക്കുമ്പോഴും എല്ലാ വര്‍ഗ്ഗ മുന്നേറ്റങ്ങളെയും നിങ്ങള്‍ വിഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാ ജീവല്‍ പ്രശ്നങ്ങളേയും നിങ്ങള്‍ തമസ്‌കരിച്ചാല്‍ തന്നെയും ഇടതു പക്ഷം അവരുടെ ജോലി ചെയ്തു കൊണ്ടേയിരിക്കും.
ചരിത്രത്തിലാദ്യമായി വൈറ്റ് കോളര്‍ തൊഴിലാളികള്‍ പോലും ചെങ്കൊടിക്കീഴില്‍ അണി നിരന്നു. ഭൂരിപക്ഷ മധ്യവര്‍ഗ ജനത പോലും തങ്ങളെ ചൂഷണം ചെയ്യുന്ന അധീശത്വവര്‍ഗത്തെ തിരിച്ചറിയാന്‍ തുടങ്ങിയ കാലത്ത് നിങ്ങളുടെ അജണ്ടകള്‍ക്ക് അധികം നിലനില്പ്പില്ല. സമര മുന്നേറ്റങ്ങളുടെ വസന്തം തന്നെയാണ് വരുംകാല ഇന്ത്യ ദര്‍ശിക്കാന്‍ പോകുന്നത്.
ഇലക്റ്റോറല്‍ വിധിയെഴുത്തുകളോടൊപ്പം തന്നെ ജനതയെ പ്രത്യയ ശാസ്ത്രപരമായി കൂടി വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ സമഗ്രവും സമൂലവുമായ ഒരു മാറ്റം കൈക്കൊള്ളാന്‍ സാധിക്കൂ. അതിനു ജനത വര്‍ഗപരമായി സംഘടിക്കേണ്ടതുണ്ട്. വ്യക്ത്യാധിഷ്ഠിത വിഷയങ്ങള്‍ക്കപ്പുറം ആശയപരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയധാരയെ ഏതാനും ചില ഏകകങ്ങളിലേക്ക് ചുരുക്കുക എന്ന അജണ്ടയില്‍ ചെറുതെങ്കിലും നിങ്ങള്‍ വിജയിക്കുന്നുണ്ടെങ്കിലും അതിന് അധികം നിലനില്പ്പില്ല. തങ്ങളുടെ യഥാര്‍ത്ഥ പട്ടിണിക്ക്, അസ്വാതന്ത്രത്തിനു, ജീവിതത്തിനു വിഘാതമാകുന്ന ഹെജിമോണിക് ആശയങ്ങള്‍ ഏതെന്ന് ജനം തിരിച്ചറിയുകയും അതിനെതിരെ ധനാത്മകമായ പ്രതിരോധ ഇടങ്ങള്‍ സാധ്യമാക്കുന്ന കാമ്പുള്ള ആശയധാരക്കൊപ്പം അവര്‍ അണി നിരക്കുകയും ചെയ്യും. ഗുണപരമായ എല്ലാ വിമര്‍ശനങ്ങളും സ്വീകരിച്ചു കൊണ്ട് തന്നെ.