| Saturday, 2nd November 2024, 9:21 am

സിറാജ് പരാജയപ്പെട്ട നൈറ്റ് വാച്ച്മാന്‍; ശരിക്കും ആരാണ് ഈ നൈറ്റ് വാച്ച്മാന്‍?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാന്‍ എന്ന ടേം ക്രിക്കറ്റ് സര്‍ക്കിളികളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

സാധാരണയായി ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങ്ങിനിറങ്ങുന്ന സിറാജ് എന്നാല്‍ വാംഖഡെയില്‍ വിരാട് കോഹ്‌ലിക്കും മുമ്പേ ബാറ്റുമായി ക്രീസിലെത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകാനായിരുന്നു താരത്തിന്റെ വിധി. ഇതോടെ പരാജയപ്പെട്ട നൈറ്റ് വാച്ച്മാനായി സിറാജ് മുദ്രകുത്തപ്പെട്ടു.

ആരാണ് നൈറ്റ് വാച്ച്മാന്‍

ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസത്തെ മത്സരം പൂര്‍ത്തിയാകാന്‍ കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തുന്ന ലോവര്‍ ഓര്‍ഡര്‍ ബാറ്ററെയാണ് നൈറ്റ് വാച്ച്മാന്‍ എന്ന് വിളിക്കുന്നത്. ആ ദിവസം അവസാനിക്കുന്നത് വരെ ബാറ്റിങ് തുടരുകയും വിക്കറ്റ് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് നൈറ്റ് വാച്ച്മാന്റെ പ്രധാന ദൗത്യം.

പ്രോപ്പര്‍ ബാറ്റര്‍മാരെ സംരക്ഷിക്കുക എന്ന തന്ത്രപ്രധാനമായ നീക്കമാണ് ഒരു നൈറ്റ് വാച്ച്മാനെ നിയോഗിക്കുന്നതിലൂടെ ടീം എക്‌സിക്യൂട്ട് ചെയ്യുന്നത്. ദിവസത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ വെളിച്ചക്കുറവ് അടക്കമുള്ള കാരണങ്ങളാല്‍ സാഹചര്യം ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരിക്കില്ല. പിറ്റേ ദിവസം രാവിലെ മത്സരം ആരംഭിക്കുമ്പോളും അഡ്വാന്റേജ് എതിര്‍ ടീം ബൗളര്‍മാര്‍ക്കായിരിക്കും.

ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സംരക്ഷിക്കുക എന്നതാണ് നൈറ്റ് വാച്ച്മാന്റെ ചുമതല. പെട്ടെന്നുള്ള ഇടവേളകളില്‍ രണ്ട് ടോപ് ഓര്‍ഡര്‍ ബാറ്ററെ നഷ്ടപ്പെടുന്നതിനേക്കാള്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററെയും ടെയ്ല്‍ എന്‍ഡറെയും നഷ്ടപ്പെടുന്നതാണ് ടീമിനെ സംബന്ധിച്ച് നല്ലത് എന്നതാണ് നൈറ്റ് വാച്ച്മാന്റെ റോള്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കാന്‍ കാരണമായത്.

റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതിനേക്കാള്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് നൈറ്റ് വാച്ച്മാന്‍ ചെയ്യേണ്ടത്.

ഓപ്പണറുടെ റോളിലും നൈറ്റ് വാച്ച്മാന്‍

അപൂര്‍വം ചില സാഹചര്യങ്ങളില്‍ ഓപ്പണറുടെ റോളിലും നൈറ്റ് വാച്ച്മാന്‍മാര്‍ എത്തിയിട്ടുണ്ട്. 2009ലെ ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇതിഹാസ താരം രംഗന ഹെറാത്ത് ഇത്തരത്തില്‍ ഓപ്പണറായി കളത്തിലിറങ്ങിയിട്ടുണ്ട്.

സാധാരണയായി ഒമ്പതാം നമ്പറിലാണ് ഹെറാത്ത് ബാറ്റ് ചെയ്യാനെത്താറുള്ളത്. എന്നാല്‍ ദിവസത്തിന്റെ അവസാനത്തോടടുപ്പിച്ച് ശ്രീലങ്കക്ക് ഇന്നിങ്‌സ് ആരംഭിക്കേണ്ടി വന്നതോടെയാണ് ഹെറാത്ത് ഓപ്പണറായി എത്തിയത്.

ചരിത്രം കുറിച്ച നൈറ്റ് വാച്ച്മാന്‍മാര്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജേസണ്‍ ഗില്ലസ്പിയുടെ പേരാണ് നൈറ്റ് വാച്ച്മാന്‍ എന്ന വാക്കിന്റെ പര്യായമായി ക്രിക്കറ്റ് ആരാധകര്‍ കണക്കാക്കുന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സംരക്ഷിക്കാന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം ഒരു നൈറ്റ് വാച്ച്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയാണ് ചരിത്രമെഴുതിയത്.

2005-06 സീസണില്‍ ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് ഗില്ലസ്പി ചരിത്രത്തിന്റെ ഭാഗമായത്. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 197 റണ്‍സിന് പുറത്തായി.

മാത്യു ഹെയ്ഡനും ഫില്‍ ജാക്വസുമാണ് കങ്കാരുക്കള്‍ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഹെയ്ഡന്‍ 56 പന്തില്‍ 29 റണ്‍സ് നേടി പുറത്തായതോടെ വണ്‍ ഡൗണായി ഗില്ലെസ്പിയെത്തി.

ആ ഇന്നിങ്‌സ് ഓസ്‌ട്രേലിയ നാലിന് 581 എന്ന നിലയില്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 425 പന്ത് നേരിട്ട് പുറത്താകാതെ 201 റണ്‍സ് നേടിയ ഗില്ലെസ്പിയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. 26 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സിനും പുറത്തായി. ഇതോടെ ഇന്നിങ്‌സിനും 80 റണ്‍സിനുമാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. കളിയിലെ താരമായി തെരഞ്ഞെടുത്തതും ഗില്ലസ്പിയെയായിരുന്നു.

പാകിസ്ഥാന്റെ നസിം ഉല്‍ ഘാനി, ഓസ്‌ട്രേലിയന്‍ താരം ടോണി മാന്‍, ഇന്ത്യന്‍ ലെജന്‍ഡ് സയ്യിദ് കിര്‍മാണി, പ്രോട്ടിയാസ് സൂപ്പര്‍ താരം മാര്‍ക് ബൗച്ചര്‍ (രണ്ട് തവണ) എന്നിവരാണ് നൈറ്റ് വാച്ച്മാന്‍മാരായെത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

Content highlight: Who is a Night Watchman?

We use cookies to give you the best possible experience. Learn more