| Sunday, 27th November 2022, 3:26 am

87ാം മിനിട്ടില്‍ വിജയമുറപ്പിച്ച മിന്നലാട്ടം; ആരാണീ 21 കാരന്‍ എന്‍സോ ഫെര്‍ണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ നിര്‍ണായക വിജയമാണ്
അര്‍ജന്റീന സ്വന്തമാക്കിയത്. 2- 0 വിജയിച്ച മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.

64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍.ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്സിന് പുറത്തു നിന്ന് അനായാസം വലയിലെത്തിക്കുകയായിരുന്നു മെസി. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.

മെസിയുടെ ഗോളിനൊടൊപ്പം ചേര്‍ത്തുവെക്കേണ്ട ഗോളായിരുന്നു 21 കാരനായ എന്‍സോ ഫെര്‍ണണ്ടസിന്റേത്. മെക്‌സിക്കോയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒച്ചാവോക്ക് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാത്ത വേഗതയിലായിരുന്നു ഫെര്‍ണാണ്ടസ് തൊടുത്തുവിട്ട പന്തിന്റെ വേഗത.

ആരാണ് എന്‍സോ ഫെര്‍ണാണ്ടസ്

2022 സെപ്റ്റംബറില്‍ ഹോണ്ടുറാസിനെതിരായ മത്സരത്തില്‍ പകരക്കാരനായാണ് ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ഫെര്‍ണാണ്ടസ് നിലവില്‍ കളിക്കുന്നത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡാണ് പൊസിഷന്‍. 2022ലാണ് ബെന്‍ഫിക്കക്കൊപ്പം ചേര്‍ന്നത്. 13 മത്സരങ്ങള്‍ ബെന്‍ഫിക്കാക്കായി കളിച്ച ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടിയിട്ടുണ്ട്.

പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി അര്‍ജന്റീന

മെക്‌സിക്കോക്കെതിരായ നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി. ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Content Highlight: Who is 21-year-old Enzo Fernandez? Argentina’s goal scorer 87th minute lightning strike

We use cookies to give you the best possible experience. Learn more