| Tuesday, 7th April 2020, 10:34 am

നിസാമുദ്ദീനില്‍ മതസമ്മേളനം നടത്താന്‍ ആരാണ് അനുമതി നല്‍കിയത്; വൈറസ് വ്യാപനത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നത് അപലപനീയമെന്നും പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദദല്‍ഹി: രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനം നടത്താന്‍ ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ ഇതേപരിപാടിയ്ക്ക് സംസ്ഥാനത്ത് അനുമതി നിഷേധിച്ചതാണെന്നും മുംബൈയിലും സോളാപൂരിലുമായി വലിയ രണ്ട് സമ്മേളനങ്ങള്‍ നടത്താന്‍ ചിലര്‍ അനുമതി തേടിയിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും പവാര്‍ പറഞ്ഞു.

മുംബൈയ്ക്ക് അടുത്തായി നടത്താനിരുന്ന പരിപാടിക്ക് നേരത്തെ തന്നെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച് സോളാപൂരില്‍ പരിപാടി നടത്താന്‍ തയ്യാറായ സംഘാടര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയും സ്വീകരിച്ചു.

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും അത്തരമൊരു തീരുമാനം കൈക്കൊണ്ടപ്പോള്‍ അതേ പരിപാടി നടത്താന്‍ ദല്‍ഹിയില്‍ എങ്ങനെ അനുമതി ലഭിച്ചു, ആരാണ് ഇതിന് അനുമതി നല്‍കിയത്?, ശരദ് പവാര്‍ ചോദിച്ചു.

നിസ്സാമുദ്ദീനിലെ പരിപാടിയെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഹൈപ്പ് ചെയ്യുകയാണെന്നും പവാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ എന്തിനാണ് നിസാമുദ്ദീനില്‍ നടന്ന പരിപാടിക്ക് ഇത്രയും ഹൈപ്പ് നല്‍കുന്നത്? നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് വൈറസ് വ്യാപനം ഉണ്ടായതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം അപലപനീയമാണെന്നും രാജ്യത്തെ ഒരു മതവിഭാഗത്തെ അനാവശ്യമായി ലക്ഷ്യം വെക്കലല്ലേ ഇത് എന്നും പവാര്‍ ചോദിച്ചു.

നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്ത 400 ഓളം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ദല്‍ഹിയില്‍ രോഗവ്യാപനത്തിന് വേഗത കൂടിയതും തബ് ലീഗ് സമ്മേളനത്തിന് ശേഷമായിരുന്നു.

9000 ആളുകളാണ് കഴിഞ്ഞ മാസം അവസാനം നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more