“നിര്‍ഭയ” എന്ന പെണ്‍കുട്ടിക്ക് നേരെ നടന്ന, അവളുടെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ച ലൈംഗീക അതിക്രമം അതര്‍ഹിക്കുന്ന വൈകാരിക തീക്ഷ്ണതയോടെ തന്നെ ഏറ്റെടുക്കുകയും കേവലം ഫെയ്‌സ്ബുക്ക് ആഹ്വാനങ്ങളിലൂടെ സംഘടിച്ച ഒരു “മല്‍ടിറ്റിയൂഡ്” പ്രതിഷേധത്തിന്റെ തിരമാലകള്‍ കൊണ്ട് രാജ്യതലസ്ഥാനത്തെ മൂടുകയും ചെയ്‌തെങ്കില്‍ അതില്‍ മാറ്റത്തിന്റെ ഒരു തിരി പ്രതീക്ഷിച്ച മനുഷ്യാവകാശപ്രവര്‍ത്തകര്‍ സിവിലിയന്‍ സമൂഹത്തിനുമേല്‍ നോര്‍ത്തീസ്റ്റില്‍ നടക്കുന്ന സമാനമായ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരേ സംഘടിക്കാന്‍ നല്കിയ ആഹ്വാനം ആരും ചെവിക്കൊണ്ടില്ല. കാരണം ഇവിടെ പ്രതി ബസ് ഡ്രൈവറും കിളിയും ഒന്നുമല്ല, നമ്മുടെ രോമാഞ്ചമായ സൈനികരാണ്. നിര്‍ഭയ സമരത്തെ, അതിന്റെ ഭാഗമായ പലമയുടെ ആള്‍ക്കൂട്ടത്തെ ആഘോഷിച്ച മാദ്ധ്യമങ്ങളൊന്നും പക്ഷേ ഇതേ ആള്‍ക്കൂട്ടത്തിന്റെ ഈ മാറിനില്‍പ്പിനെ പ്രശ്‌നവല്‍ക്കരിക്കാന്‍ മെനക്കെട്ടില്ല.
| ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍ |
ചുംബനസമരവും, വസ്ത്രവ്യാപാരരംഗത്തും നഴ്‌സിംഗ് മേഖലയിലും ഒക്കെ നടന്ന സമരങ്ങളും ഒടുവില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരവും ഒക്കെ ഉയര്‍ത്തിക്കാട്ടി സംഘടിത രാഷ്ട്രീയസമരങ്ങളുടെ കാലം കഴിഞ്ഞു എന്ന് ഏകപക്ഷീയമായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിരുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ രാഹുല്‍ പശുപാലന്റെ അറസ്റ്റിനെ ചൂണ്ടി കാട്ടി മള്‍റ്റിറ്റിയൂഡ് സമരങ്ങളുടെ സംഘാടന പരമായ വീഴ്ചയെ വിചാരണ ചെയ്യുന്നത് എന്നതില്‍ വൈരുദ്ധ്യത്തെക്കാള്‍ ഫലിതമാണുള്ളതെന്ന് തോന്നുന്നു.
സംഘടിത രാഷ്ട്രീയസമരങ്ങളുടെ ചരമം പ്രഖ്യാപിക്കാന്‍ അവര്‍ കാട്ടിയ വ്യഗ്രതയ്ക്ക് പിന്നില്‍ ഇടത് തൊഴിലാളി സംഘടനകളുടെ അന്ത്യം കാണുക എന്ന ആഗ്രഹമായിരുന്നു എന്ന് വ്യക്തം. അപ്പോള്‍ ഈ വിചാരണയുടെയും പശുപാലന്‍ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിലൂടെ ചുംബനസമരം സ്വയം റദ്ദായി എന്ന് പ്രഖ്യാപിക്കാന്‍ കാട്ടുന്ന സമാനമായ വ്യഗ്രതയുടെയും പിന്നിലെ അജണ്ട എന്താവും? യാഥാസ്ഥിതിക മദ്ധ്യവര്‍ഗ്ഗത്തിന്റെ കമ്പോളശേഷിക്ക് ഒപ്പം നില്ക്കുക എന്നത് തന്നെ.
ഈ ബഹളത്തിനിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവമാണ് പെമ്പിളൈ ഒരുമയില്‍ വന്ന പിളര്‍പ്പും പരസ്പരമുള്ള ചെളിവാരിയെറിയലും. മൂന്നാറില്‍ നടന്ന ഉജ്ജ്വലമായ ആ സമരത്തിന്റെ രണ്ട് മുന്നണി പോരാളികളായിരുന്നു ഗോമതിയും ലിസിയും. ഇപ്പോള്‍ അവര്‍ കോഴ വാങ്ങലും ഒറ്റിക്കൊടുക്കലും വര്‍ഗ്ഗവഞ്ചനയും സ്വകാര്യ ലാഭേച്ഛയും ഒക്കെ പരസ്യമായി തന്നെ പരസ്പരം ആരോപിക്കുകയാണ്. അതിലൂടെ ആ തൊഴിലാളി മുന്നേറ്റത്തിന്റെ മുഖവും നഷ്ടമായി എന്ന് സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
അതിന്റെ കാരണം ആ സമരത്തിന് പിന്നിലെ ആശയം മനസിലായതുകൊണ്ടോ, അതിനോട് ഐക്യദാര്‍ഢ്യമുള്ളതുകൊണ്ടോ അല്ല എന്നതും വ്യക്തമാണ്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ നമ്മുടെ മദ്ധ്യവര്‍ഗ്ഗ ജീവിതവുമായി നേരിട്ട് ഇടപെടുന്നവരല്ല എന്നതുകൊണ്ട് തന്നെ ആ സമരത്തിനെ പിന്തുണയ്ക്കുന്നതില്‍ അവര്‍ക്ക് ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന്റെ സുഖമുണ്ട്. അതുകൊണ്ട് തന്നെ മധ്യവര്‍ഗ്ഗത്തിന്റെ കൈ നനയാത്ത പിന്തുണ ആ സമരത്തിനുണ്ട്. ആ സമരത്തെ ഇങ്ങനെ താറടിക്കുക അവരുടെ അജണ്ടയല്ല; സ്വാഭാവികമായും മാദ്ധ്യമങ്ങളുടെയും.
ഇവിടെ നാം മനസിലാക്കുവാനുള്ളത് ഒന്നും അതില്‍ തന്നെ ഒരു നന്മയായി നിലനില്ക്കുന്നില്ല എന്നതാണ്. നന്മ, നീതിബോധം തുടങ്ങിയ കേവലമായ അതിജീവനത്തിന്റെ പ്രാകൃതിക അനുകൂലകങ്ങള്‍ക്ക് പുറത്ത് നില്ക്കുന്ന സാംസ്‌കാരിക ആഖ്യാനങ്ങള്‍ ഒക്കെയും ആര്‍ജ്ജിക്കപ്പെടെണ്ടവയാണ്. ഒരു ലിംഗ, വര്‍ഗ്ഗ, വംശ, വര്‍ണ്ണ, മത, ദേശീയ സ്വത്വത്തിലേക്കും അത് തനിയേ വന്നുചേരില്ല; സ്വാഭാവികമായും ഇതിലൊന്നും പെടാത്ത, ഒരു പൊതുപ്രശ്‌നത്താല്‍ ഏകോപിപ്പിക്കപ്പെടുന്ന പലമയുടെ ആള്‍ക്കൂട്ടത്തില്‍ അത് തീരെയും വന്ന് ചേരില്ല. അതിന്റെ വിപണി സാദ്ധ്യതകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന മാദ്ധ്യമ ലോകത്തെ കുറിച്ച് പന്നെ പറയേണ്ടതുണ്ടോ?
മള്‍റ്റിറ്റിയൂഡ് സ്വയമൊരു നന്മയാകുന്നില്ല
വലത് രാഷ്ട്രീയത്തിന് “സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം” എന്ന പഴയ ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യത്തോളം പഴക്കമുള്ള അയാഥാസ്ഥിതിക ചെറുത്തുനില്പുകളുടെ മനുഷ്യപക്ഷ ഉള്ളടക്കത്തെ ഇന്ത്യയില്‍ ഇന്ന് കേരളം പോലെയുള്ള സ്ഥലങ്ങളില്‍ എങ്കിലും ഏകപക്ഷീയമായി ചെറുത്ത് തോല്‍പ്പിക്കാനാവില്ല. പിന്നെ സാദ്ധ്യമായ ഒരു വഴി അവയുടെ വ്യവസ്ഥാപിതമായ പ്രതീകങ്ങളാകുന്ന സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അവരുടെ ചരിത്രത്തില്‍ നിന്നും കണ്ടെടുക്കാവുന്ന വീഴ്ചകള്‍ വച്ച് വിചാരണ ചെയ്ത് ഇല്ലാതെയാക്കുക എന്നതാണ്. ഈ അജണ്ടയുടെ ഭാഗമായാണ്, മേല്പറഞ്ഞ സമരങ്ങളുടെ ആശയപരമായ ഉള്ളടക്കം ഏറ്റെടുത്തു കൊണ്ടല്ല സാമ്പ്രദായികസമരം/നവസമരം എന്ന വിരുദ്ധ ദ്വന്ദ്വത്തെ അവര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. ശ്രദ്ധേയമായ പല കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വഴിയാണ് ഈ അജണ്ട മുന്നേറുന്നത്.
“നിര്‍ഭയ” എന്ന പെണ്‍കുട്ടിക്ക് നേരെ നടന്ന, അവളുടെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ച ലൈംഗീക അതിക്രമം അതര്‍ഹിക്കുന്ന വൈകാരിക തീക്ഷ്ണതയോടെ തന്നെ ഏറ്റെടുക്കുകയും കേവലം ഫെയ്‌സ്ബുക്ക് ആഹ്വാനങ്ങളിലൂടെ സംഘടിച്ച ഒരു “മല്‍ടിറ്റിയൂഡ്” പ്രതിഷേധത്തിന്റെ തിരമാലകള്‍ കൊണ്ട് രാജ്യതലസ്ഥാനത്തെ മൂടുകയും ചെയ്‌തെങ്കില്‍ അതില്‍ മാറ്റത്തിന്റെ ഒരു തിരി പ്രതീക്ഷിച്ച മനുഷ്യാവകാശപ്രവര്‍ത്തകര്‍ സിവിലിയന്‍ സമൂഹത്തിനുമേല്‍ നോര്‍ത്തീസ്റ്റില്‍ നടക്കുന്ന സമാനമായ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരേ സംഘടിക്കാന്‍ നല്കിയ ആഹ്വാനം ആരും ചെവിക്കൊണ്ടില്ല. കാരണം ഇവിടെ പ്രതി ബസ് ഡ്രൈവറും കിളിയും ഒന്നുമല്ല, നമ്മുടെ രോമാഞ്ചമായ സൈനികരാണ്. നിര്‍ഭയ സമരത്തെ, അതിന്റെ ഭാഗമായ പലമയുടെ ആള്‍ക്കൂട്ടത്തെ ആഘോഷിച്ച മാദ്ധ്യമങ്ങളൊന്നും പക്ഷേ ഇതേ ആള്‍ക്കൂട്ടത്തിന്റെ ഈ മാറിനില്‍പ്പിനെ പ്രശ്‌നവല്‍ക്കരിക്കാന്‍ മെനക്കെട്ടില്ല.
ഇവിടെ നാം മനസിലാക്കുവാനുള്ളത് ഒന്നും അതില്‍ തന്നെ ഒരു നന്മയായി നിലനില്ക്കുന്നില്ല എന്നതാണ്. നന്മ, നീതിബോധം തുടങ്ങിയ കേവലമായ അതിജീവനത്തിന്റെ പ്രാകൃതിക അനുകൂലകങ്ങള്‍ക്ക് പുറത്ത് നില്ക്കുന്ന സാംസ്‌കാരിക ആഖ്യാനങ്ങള്‍ ഒക്കെയും ആര്‍ജ്ജിക്കപ്പെടെണ്ടവയാണ്. ഒരു ലിംഗ, വര്‍ഗ്ഗ, വംശ, വര്‍ണ്ണ, മത, ദേശീയ സ്വത്വത്തിലേക്കും അത് തനിയേ വന്നുചേരില്ല; സ്വാഭാവികമായും ഇതിലൊന്നും പെടാത്ത, ഒരു പൊതുപ്രശ്‌നത്താല്‍ ഏകോപിപ്പിക്കപ്പെടുന്ന പലമയുടെ ആള്‍ക്കൂട്ടത്തില്‍ അത് തീരെയും വന്ന് ചേരില്ല. അതിന്റെ വിപണി സാദ്ധ്യതകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന മാദ്ധ്യമ ലോകത്തെ കുറിച്ച് പന്നെ പറയേണ്ടതുണ്ടോ?
തോമസ് ഐസക്ക് തികച്ചും സന്തുലിതമായ ഒരു വാദവുമായി മുന്നോട്ട് വന്നു. താന്‍ ശീലിച്ച ശരീരഭാഷയ്ക്ക് വഴങ്ങാത്തതുകൊണ്ട് അത്തരം ഒരു സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ നിവര്‍ത്തിയില്ല. എന്നുവച്ച് തന്റെ മകള്‍ അത്തരം ഒരു സമരത്തിന് സന്നദ്ധയായാല്‍ അതിനെ എതിര്‍ക്കേണ്ട കാര്യവുമില്ല എന്നതായിരുന്നു അതിന്റെ ചുരുക്കം.
സാമ്പ്രദായിക, നവ സമരങ്ങളുടെ തുലനം
ഇവിടെ ഒരു തുലനം സാദ്ധ്യമാകേണ്ടുന്നത് ചരിത്രപരമായ ഒരു ആവശ്യമാണ്. സംഘടിത സമരങ്ങളെയും, രാഷ്ട്രീയപ്രവര്‍ത്തനത്തെയും പലമയുടെതായ അസംഘടിത ആള്‍കൂട്ടങ്ങളെ(മല്‍ടിറ്റിയൂഡ്) കൊണ്ട് പകരം വയ്ക്കാനാകും എന്നത് വലത് രാഷ്ട്രീയത്തിന്റെ പ്രച്ഛന്നതാല്പര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വ്യാജസാദ്ധ്യത മാത്രമാണ്. ഇവ ഒന്ന് മറ്റൊന്നിന്ന് പകരമായല്ല, പൂരകമായി നിലനിക്കേണ്ടവയാണ്.
പൊതുബോധത്തെ പൂര്‍ണ്ണമായി പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ ഒരു രാഷ്ട്രീയ സംഘടനയ്ക്കും നിലനില്ക്കാനാവില്ല. എന്നാല്‍ പൊതുബോധത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെട്ടുകൊണ്ട് ഒരു സമൂഹത്തിനും അതിന്റെ ജൈവപരമായ ചലനാത്മകത നിലനിര്‍ത്താനുമാവില്ല. ഇത് നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉല്പാദിപ്പിക്കുന്ന നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അവയെ ഏതാണ്ട് പൂര്‍ണ്ണമായും, സുതാര്യമായും തുറന്നുകാട്ടിയ ഒരു സമരമാണ് ചുംബനസമരം. പ്രകൃത്യാ തന്നെ പുരോഗമനപരം എന്ന് നമ്മള്‍ വിശ്വസിക്കുന്ന സാംസ്‌കാരിക ലോകത്തുനിന്നും, പ്രത്യയശാസ്ത്ര ബന്ധിയായി പുരോഗമനപരം എന്ന് വിശ്വസിക്കുന്ന ഇടത് രാഷ്ട്രീയത്തില്‍ നിന്നും പോലും ഉണ്ടായ വിരുദ്ധസ്വഭാവമുള്ള പ്രതികരണങ്ങളെ ഇവിടെ നാം വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടതുണ്ട് .
കേരളത്തിലെ ഇടത് രാഷ്ട്രീയത്തെ നയിക്കുന്ന സി.പി.ഐ.എമ്മിലെ യുവനിരയില്‍ നിന്ന് എം.ബി രാജേഷിനെ പോലെയുള്ളവര്‍ ചുംബനസമരത്തെ അനുകൂലിച്ച് രംഗത്ത് വന്നപ്പോള്‍ ഷംസീര്‍ മുതല്‍ ചിന്താ ജെറോം വരെയുള്ള യുവരക്തം അതിനോട് അകലം പാലിച്ചവരായിരുന്നു. പിണറായി “കിടപ്പറയില്‍ ചെയ്യേണ്ടത്” പരസ്യമായി ചെയ്യുന്നതിനെതിരെ പ്രസ്താവന ഇറക്കിയതോടെ അത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ പിന്നീട് തോമസ് ഐസക്ക് തികച്ചും സന്തുലിതമായ ഒരു വാദവുമായി മുന്നോട്ട് വന്നു.
താന്‍ ശീലിച്ച ശരീരഭാഷയ്ക്ക് വഴങ്ങാത്തതുകൊണ്ട് അത്തരം ഒരു സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ നിവര്‍ത്തിയില്ല. എന്നുവച്ച് തന്റെ മകള്‍ അത്തരം ഒരു സമരത്തിന് സന്നദ്ധയായാല്‍ അതിനെ എതിര്‍ക്കേണ്ട കാര്യവുമില്ല എന്നതായിരുന്നു അതിന്റെ ചുരുക്കം. ഏറ്റവും ഒടുവില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ അക്രമാസക്തമായ പ്രവര്‍ത്തികളിലേക്ക് നീങ്ങാത്തിടത്തോളം കാലം അത്തരം പ്രതിഷേധങ്ങളുടെ ഭരണഘടനാപരമായ സാധുതയെക്കുറിച്ച് സംശയമില്ലെന്നും അവ സ്വാഗതാര്‍ഹങ്ങളാണെന്നും ഉള്ള അഭിപ്രായം അവരുടെ നിലപാടുബന്ധമായ തര്‍ക്കങ്ങളുടെ പരിണാമത്തിന് പൂര്‍ണവിരാമമിടുന്നു.
അതായത് പൊതുബോധവുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, ഈ പൊതുബോധത്തിന്റെ സാംസ്‌കാരിക നിര്‍മ്മിതികളായ ലക്ഷകണക്കിന് വരുന്ന മനുഷ്യരെ ഏകോപിപ്പിക്കുന്ന ഒരു പാര്‍ലമെന്ററി ജനാധിപത്യ സംഘടനക്ക് അതില്‍ നിന്ന് ഒറ്റയടിക്ക് ചാടി പുറത്ത് വരാന്‍ പറ്റില്ല. എന്നാല്‍ അതുളവാക്കുന്ന സാമൂഹ്യവും സാംസ്‌കാരികവുമായ കെട്ടിക്കിടക്കല്‍ ചലനാത്മകമാകാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനും ചുമക്കാനും പറ്റില്ല. ഈ വൈരുദ്ധ്യത്തെ നേരിടാന്‍ ഏതെങ്കിലും ഒന്നിനെ അദര്‍ശവല്‍ക്കരിച്ചതുകൊണ്ട് കഴിയില്ല. ഇവിടെയാണ് തുലനം ഒരു ചരിത്രപരമായ ആവശ്യമാകുന്നത്. ഇടത് രാഷ്ട്രീയത്തിന് അത്തരം ഒരു തുലനം ഇത്തിരി വൈകിയെങ്കിലും സാദ്ധ്യമായി. എന്നാല്‍ ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയതയെ മുന്‍നിര്‍ത്തിയുള്ള സ്വത്വവിഭജനത്തെ, സാമുദായിക ധ്രുവീകരണത്തെ രാഷ്ട്രീയ മൂലധനമാക്കുന്ന ശക്തികള്‍ക്ക് അതായിട്ടുണ്ടോ? ഇതിനോടൊക്കെ മൃദുസമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സിന് ആയിട്ടുണ്ടോ? ഇവിടെ വ്യത്യാസം വ്യക്തമാണ്.
നവസമരങ്ങളെന്തിന് ശത്രുപക്ഷമാവണം?
സംഘടിത രാഷ്ട്രീയ സമരങ്ങള്‍ വേണോ മള്‍റ്റിറ്റിയൂഡിന്റെ നവസമരരൂപങ്ങള്‍ വേണോ എന്നതരം രേഖീയവും ലളിതവല്‍കൃതവുമായ ചര്‍ച്ചകളല്ല കാലം ആവശ്യപ്പെടുന്നത് എന്ന വസ്തുത അടിവരയിടപ്പെടുന്നത് ഇവിടെയാണ്. പിണറായി വിജയനിലൂടെ സമരത്തിന്റെ രൂപത്തിനോട് യോജിപ്പില്ല എന്നിരിക്കുമ്പോഴും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന അന്നത്തെ അവ്യക്തതകളില്‍ നിന്ന് ഒരുപാട് ദൂരമുണ്ട് ഐസക്കിന്റെയും യെച്ചൂരിയുടെയും ഇന്നത്തെ നിലപാടിലേക്ക്. ഇതിനിടയില്‍ കാലം കുറെ കഴിഞ്ഞു. ചുംബന സമരം പല സ്ഥലങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. അതിന് കൂടുതല്‍ സമഗ്രമായ, സ്ത്രീയെയും ദളിതരെയും ലൈംഗീക ന്യൂനപക്ഷങ്ങളെയും തൊട്ട് പാരിസ്ഥിതിക ചൂഷണങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ പോന്ന വിശാലവും, സമഗ്രവുമായ ഒരു ഫാസിസ്റ്റ് വിരുദ്ധ ഉള്ളടക്കം രൂപപ്പെട്ടു. അതിന്റെ വളര്‍ച്ചയുടെ സമകാലിക ഘട്ടമാണ് ഫറൂഖ് കോളേജില്‍ നിന്ന് ലിംഗസമത്വത്തെ മുന്‍നിര്‍ത്തി ഇന്ന് നടക്കുന്ന സമരം പോലും. അവയെ ഉള്‍പ്പെടെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ചുംബന സമരത്തിനോടുള്ള സിപിഎമ്മിന്റെ ഏറ്റവും പുതിയ നിലപാട് രൂപപ്പെടുന്നത്.
സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരമായല്ല, അവയുടെ പ്രത്യയശാസ്ത്രപരമായ വികാസത്തിന് രാസത്വരകമായാണ് ഇത്തരം പലമയുടെ സമരങ്ങള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് പ്രഖ്യാപിത ഇടത് ജനകീയ ബദല്‍ രാഷ്ട്രീയം ഇത്തരം സമരങ്ങളെ അവയുടെ ബാഹ്യരൂപം മുന്‍നിര്‍ത്തിയല്ല ആശയപരമായ ആന്തരിക സത്തയെ മുന്‍നിര്‍ത്തി വേണം സമീപിക്കാന്‍.
ഒരു അടവ് നയമെന്ന നിലയില്‍ നിശബ്ദത പോലും നിര്‍ദോഷമായ ഒരു ന്യൂട്രല്‍ ഇഫക്ട് ഉണ്ടാക്കിയേക്കാം എന്നിരിക്കെ നേതൃവൃന്ദത്തില്‍ നിന്നുള്ള അപക്വമായ നിലപാടുകള്‍ എങ്കിലും നിരുല്‍സാഹപ്പെടുത്തപ്പെടെണ്ടതുണ്ട് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ചിന്ത ജെറോമിനെപ്പോലെ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് നിറയുന്ന യുവനേതാക്കളെങ്കിലും അത് മനസ്സിലാക്കേണ്ടതുണ്ട്.
ഒരു പാര്‍ലമെന്ററി ജനാധിപത്യ സംഘടന എന്ന നിലയില്‍ സിപിഎമ്മിന്റെ പല നിലപാടുകളോടും വിയോജിപ്പുകള്‍ ഉള്ളപ്പോള്‍ തന്നെ വിശാലമായ ഒരു ഇടത് ലിബറല്‍ കാഴ്ച്ചപ്പാടിലൂടെ സിപിഎം ഉള്‍പ്പെടെയുള്ള ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അംഗീകരിക്കുകയും അവയുടെ പ്രസക്തി മനസിലാക്കുകയും ചെയ്യുന്നവരാണ് ചുംബന സമരത്തിന്റെ വക്താക്കളില്‍ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നവസമരങ്ങള്‍ വന്നതോടെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും കാലം കഴിഞ്ഞു എന്നത് നവ സമരത്തിന്റെ ആശയപരമായ ഉള്ളടക്കമല്ല, കമ്പോളത്ത മാദ്ധ്യമങ്ങള്‍ അതില്‍ ആരോപിക്കാന്‍ ശ്രമിക്കുന്ന ഒന്നാണെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ തിരിച്ചരിയേണ്ടതുണ്ട് എന്ന് തന്നെ തോന്നുന്നു.