| Tuesday, 3rd September 2024, 12:56 pm

ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും, പുഴുക്കുത്തുകളെ പുറത്താക്കും: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എൽ.എ. പി.വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേരളത്തിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് പ്രതികരിച്ച് കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും തെറ്റിനോട് ഒരു തരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷത്തിനുള്ളതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ന് മുമ്പ് വർഗീയ കലാപങ്ങൾക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. പല പ്രവർത്തികളുടെയും ഇടനിലക്കാരായി പൊലീസ് പ്രവർത്തിച്ചിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ അതിൽ നിന്നും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. എൽ.ഡി.എഫിന്റെ നയം നടപ്പിലാക്കി ജനകീയ പൊലീസ് കൊണ്ടുവന്നു. ആ നിലപാടുമായാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. പല ഘട്ടങ്ങളിലും പൊതു അംഗീകാരം കേരള പൊലീസിന് ഉണ്ടായിട്ടുണ്ട്.

എന്നാൽ മുഖ്യ മന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അതിൽ കർക്കശ നിലപാട് സ്വീകരിച്ച് പോരുന്നതാണ്. തെറ്റ് ആര് ചെയ്താലും ആ തെറ്റിനോട് ഒരു തരത്തിലും സന്ധി ചെയ്യില്ല. ഇത് ഇടതുപക്ഷ സർക്കാരാണ്. തെറ്റുകൾക്ക് ഒരു തരത്തിലുമുള്ള സംരക്ഷണം നൽകുന്ന സർക്കാരല്ല എൽ.ഡി.എഫ് സർക്കാർ. തെറ്റിനെ ശരിയായ അർത്ഥത്തിൽ വിലയിരുത്തുക തന്നെ ചെയ്യുന്നതാണ്.

ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെതിരെ കൃത്യമായ നടപടിയെടുക്കുകയും ചെയ്യുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അൻവർ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

അജിത് കുമാർ നോട്ടോറിയസ് ക്രിമിനൽ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും അൻവർ ആരോപിച്ചിരുന്നു. എം.ആർ അജിത് കുമാർ മന്ത്രിമാരുടെ ഫോൺ വിവരങ്ങൾ ചോർത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ ചോർത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ,മാധ്യമപ്രവർത്തകരുടെയും കോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: who ever did wrong government will punish  them ; muhammad riyas

We use cookies to give you the best possible experience. Learn more