| Thursday, 17th September 2020, 11:59 am

നിങ്ങള്‍ ആരെയാണ് വിഡ്ഡിയാക്കുന്നത്; ചൈനീസ് ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്ത മോദിയുടെ ഇരട്ടത്താപ്പിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയുമായുള്ള തര്‍ക്കത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനെതിരെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ചൈനീസ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വായ്പയെടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ചയാകവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

” നമ്മുടെ ഭൂപ്രദേശത്തിന്റെ ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ചൈനയെ കൈയേറാന്‍ അനുവദിച്ചതിന് പിന്നാലെ മോദി സര്‍ക്കാര്‍ ചൈനീസ് ബാങ്കില്‍ നിന്ന് വന്‍തുക ലോണെടുത്തു. ചൈന നമ്മുടെ രാജ്യത്തെ പട്ടാളെക്കാരെ വധിച്ച് നാല് ദിവസമാകുന്നതിന് മുന്‍പായിരുന്നു ഇത്. രണ്ട് മാസത്തിനു ശേഷം ചൈനയോടുള്ള രോഷം കാണിക്കാന്‍ ചില ചൈനീസ് ആപ്പുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി. ആരെയാണ് നിങ്ങള്‍ വിഡ്ഡിയാക്കാന്‍ നോക്കുന്നത്”, പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

ചൈനീസ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് വായ്പകളാണ് ഈ വര്‍ഷമാദ്യം എടുത്തത്.

ഒരു ഭാഗത്ത് ചൈനീസ് ഉത്പ്പന്നങ്ങളെ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും മറുഭാഗത്ത് ചൈനീസ് നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് വായ്പകളെടുക്കുകയും ചെയ്യുന്ന രീതിയാണ് മോദിയുടേതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

രാജ്യത്തിനു മുന്നില്‍ വസ്തുതകള്‍ മറയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളോട് കള്ളം പറയുകയായിരുന്നു അദ്ദേഹം. എന്നിട്ട് ചൈനീസ് നിക്ഷേപകര്‍ കൂടുതലുള്ള എ.ഐ.ഐ.ബിയില്‍ നിന്ന് രണ്ട് വായ്പകളാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാരെടുത്തതെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് പവന്‍ ഖേര പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan slam modi govt for it’s double stand in China issue

We use cookies to give you the best possible experience. Learn more